ഫോര്‍ കെ ദൃശ്യമികവില്‍ ദേവദൂതന്‍ റീ റിലീസിനെത്തുമ്പോള്‍ തിയറ്ററുകള്‍ നിറയുകയാണ്. ഇരുപത്തിനാല് വര്‍ഷം മുന്‍പ് തിയറ്ററില്‍ വന്‍ പരാജയം നേരിട്ട തങ്ങളുടെ സിനിമയെ ആളുകള്‍ ഒന്നടങ്കം സ്വീകരിക്കുന്നതിന്റെ കാഴ്ച കാലത്തിന്റെ കാവ്യനീതി പോലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സന്തോഷിപ്പിക്കുന്നു. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രത്തിന്റെ സ്‌ക്രീന്‍ കൗണ്ട് കൂട്ടാനൊരുങ്ങുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ കോക്കേഴ്‌സ് ഫിലിംസ്. ദേശീയ അവാര്‍ഡിന് വേണ്ടി മത്സരിക്കാനുള്ള അര്‍ഹത ദേവദൂതന് ഉണ്ടെന്നും പല ചലച്ചിത്രമേളകളിലേക്കും ചിത്രം അയക്കാന്‍ പദ്ധതിയുണ്ടെന്നും നിര്‍മാതാവ് സിയാദ് കോക്കര്‍ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. ഒരുപാട് അന്വേഷണങ്ങളും ഷോയുടെ എണ്ണം കൂട്ടാനുള്ള ആവശ്യങ്ങളും നിരന്തരമായി വരുന്ന സഹചര്യത്തില്‍ ഷോയുടെ എണ്ണം കൂട്ടാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്ന് സംവിധായകന്‍ സിബി മലയിലും ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അന്‍പതോളം തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോള്‍ നൂറോളം തിയറ്ററുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ആദ്യ റിലീസില്‍ സിനിമ കണ്ട പലരുടെയും അന്നത്തെ അഭിപ്രായങ്ങള്‍ റീ റിലീസോട് കൂടി അറിയാന്‍ സാധിച്ചുവെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. പരാജയപ്പെട്ട കാലത്തും എല്ലാവരുമൊന്നും ആ സിനിമയെ അങ്ങനെ നിരാകരിച്ചിരുന്നില്ല എന്ന തിരിച്ചറിവ് ഈ സിനിമയോടെ ലഭിച്ചു. ഒരുപാട് കുടുംബ പ്രേക്ഷകര്‍ തിരുവന്തപുരത്തും കോഴിക്കോടും എല്ലാമായി ഈ സിനിമ കാണാന്‍ എത്തുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ അതിശയമായി തോന്നിയത്. പ്രേക്ഷകരുടെ എണ്ണം കൂടിയത് അനുസരിച്ച് കേരളത്തിന് പുറത്തേക്കും പ്രദര്‍ശനം വ്യാപിപ്പിക്കുന്നുണ്ട്. ദുബായ് അടക്കമുള്ളയിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
കേരളത്തിന് പുറത്തേക്കും തിയറ്ററുകള്‍ വ്യാപിപ്പിക്കുന്നുണ്ട്. ദുബായ് അടക്കമുള്ളിടത്ത് പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയുണ്ട്.
സിയാദ് കോക്കര്‍
തീര്‍ച്ചയായിട്ടും പലരും ഈ സിനിമ കണ്ടതിന് ശേഷം പറയുന്നത് ഈ വന്നിരിക്കുന്ന വേര്‍ഷന്‍ നാഷണല്‍ അവാര്‍ഡിന് പോകണം എന്നാണ്. മുമ്പ് നാഷണല്‍ അവാര്‍ഡിന് വേണ്ടി നമ്മള്‍ ഇത് അയച്ചിട്ടുണ്ടായിരുന്നില്ല. മാത്രമല്ല ചലച്ചിത്രമേളകളിലേക്ക് ഒക്കെ ഇത് അയക്കാന്‍ പദ്ധതിയുമുണ്ട്. അങ്ങനെയൊരു അവസരമുണ്ട്, അതിന്റെ നിയമപരമായിട്ടുള്ള കാര്യങ്ങള്‍ എങ്ങനെയാണ് എന്ന് എനിക്ക് അറിയില്ല. അതൊക്കെ നോക്കേണ്ടതായിട്ടുണ്ട്. സിയാദ് കോക്കര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം ദേശീയ അവാര്‍ഡ് പരിഗണയ്ക്കായി അയയ്ക്കുമെന്ന് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലും സിയാദ് കോക്കര്‍ പറഞ്ഞിരുന്നു.
സിയാദ് കോക്കര്‍ പറഞ്ഞത്:
'ദേവദൂതന്‍ ദേശീയ പുരസ്‌കാരത്തിനായി മത്സരിക്കും. അതിന് അര്‍ഹതയുണ്ട്. ചിത്രത്തിന് അതിനുള്ള അര്‍ഹതയുണ്ട്. അതിനുള്ള നിയമങ്ങള്‍ എന്താണെന്ന് അറിയില്ല. പക്ഷേ നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ എന്നെക്കൊണ്ട് സാധിച്ചെന്നിരിക്കും. നിയമപരമായ വഴികളുണ്ട്, പ്രിയങ്കരനായ സുരേഷ് ഗോപിയുണ്ട്, സര്‍ക്കാരിനെ സമീപിക്കാം. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് കേന്ദ്ര മന്ത്രാലയവുമായി ബന്ധമുള്ളവരാണ്. നിയമപരമായി ഞാന്‍ പോരാടിക്കഴിഞ്ഞാല്‍ സര്‍ക്കാരിന് വിരോധം തോന്നാത്ത തരത്തില്‍ അംഗീകരിക്കാം. സിബി മലയില്‍, രഘുനാഥ് പലേരി, വിദ്യാസാഗര്‍ തുടങ്ങിയവര്‍ ദേശീയപുരസ്‌കാരം അര്‍ഹിക്കുന്നുണ്ട്. സന്തോഷ് തുണ്ടിയില്‍ ഒക്കെ ചെയ്ത് വച്ച സിനിമാറ്റോഗ്രാഫി സിനിമയില്‍ പ്രതിഫലിക്കുന്നുണ്ട്. സിനിമയില്‍ വര്‍ക്ക് ചെയ്ത എല്ലാവരും അത് അര്‍ഹിക്കുന്നു. ഞാന്‍ എന്തായാലും പോരാടും'