ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് (ബാഫ്ത) പുരസ്‌കാര ചടങ്ങില്‍ അവതാരകയായി നടി ദീപിക പാദുക്കോൺ. ഫെബ്രുവരി 16 നാണ് ചടങ്ങ് നടക്കുക. ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, നടൻ കേറ്റ് ബ്ലാഞ്ചറ്റ്, ഗായിക ദുവാ ലിപ തുടങ്ങിയവരാണ് ദീപികയുടെ സഹ അവതാരകരായി എത്തുന്നത്. അന്താരാഷ്ട്ര വാർത്ത വെബ്സെെറ്റായ വെറെെറ്റിയുടെ റിപ്പോർട്ട് പ്രകാരം ഡേവിഡ് ബെക്കാം, കേറ്റ് ബ്ലാഞ്ചറ്റ്, ദുവാ ലിപ തുടങ്ങിയവർ ഏതെങ്കിലും വിഭാഗത്തിലെ ജേതാക്കള്‍ക്ക് പുരസ്കാരം സമ്മാനിക്കും. ഏത് വിഭാഗത്തിലെ പുരസ്കാരമായിരിക്കും എന്നത് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഹ്യൂഗ് ഗ്രാൻ്റ്, ലില്ലി കോളിൻസ്, അഡ്‌ജോവ ആൻഡോ, എമ്മ കോറിൻ, ഗില്ലിയൻ ആൻഡേഴ്‌സൺ, ഹിമേഷ് പട്ടേൽ, ഇദ്രിസ് എൽബ എന്നിവരാണ് മുമ്പ് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്‌സിൽ അവതാരകരായി എത്തിയത്. ഹന്ന വാഡിംഗ്ഹാമിൻ്റെ പ്രത്യേക കവർ സോങ്ങും സോഫി ബെക്‌സ്റ്ററിൻ്റെ ഇരുപത്തിനാല് വർഷം മുമ്പത്തെ ഓൾഡ് ട്രാക്കായ മാർഡർ ഓൺ ദ ഡാൻസ് ഫ്ലോർ എന്ന ഗാനവും ഉൾപ്പടെ വെെകുന്നേരം നടക്കുന്ന ചടങ്ങിൽ ശ്രദ്ധേയമായ നിരവധി പെർഫോമൻസുകളുണ്ടായിരിക്കും. റെെസിംഗ് സ്റ്റാർ അവാർഡ് മുൻ അവാർഡ് ജേതാക്കളായ എമ്മ മാക്കിയും ജാക്ക് ഒ കോണലും സമ്മാനിക്കും.
കഴിഞ്ഞ വർഷത്തെ ഓസ്കർ പുരസ്കാര വേദിയിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അതിഥിയായി ദീപിക പദുക്കോൺ എത്തിയിരുന്നു. മികച്ച ഒർജിനൽ സോങ്ങിനുള്ള ഓസ്കർ പുരസ്കാരം നേടിയ ആർആർആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമുഖപ്രസംഗം നടത്തിയത് ദീപികയായിരുന്നു.