'എമ്പുരാൻ' സിനിമയുടെ എഡിറ്റിങ് പൂർത്തിയാക്കാത്ത രംഗങ്ങൾ കണ്ട് ഞെട്ടിയെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവ്. ചിത്രത്തിലെ എഡിറ്റിങ് പൂർത്തിയാകാത്ത വിഷ്വൽ ഗംഭീരമാണ്. ഒരുപാട് പണച്ചിലവുള്ള രംഗങ്ങൾ സിനിമയിലുണ്ട്. കൃത്യമായി റിഹേഴ്സൽ ചെയ്തിട്ടാണ് വണ്ടികൾ തകർക്കുന്ന രംഗങ്ങൾ പൃഥ്വി ഷൂട്ട് ചെയ്യുന്നത്. ചിത്രത്തിലെ സ്ഫോടന രംഗങ്ങൾ ലൈവായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും അയച്ചു തന്ന വിഷ്വലുകൾ കാണാൻ രസമുണ്ടെന്നും ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ദീപക് ദേവ് പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എമ്പുരാൻ' മലയാളത്തിൽ നിന്നുള്ള ഒരു ബിഗ് ബഡ്‌ജറ്റ് ചിത്രമാണ്. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലും വിദേശത്തുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ബറോസ്' റിലീസിനൊരുങ്ങുന്നുണ്ട്.
ദീപക് ദേവ് പറഞ്ഞത്:
എമ്പുരാനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും പറയാൻ എനിക്ക് അനുവാദമില്ല. എങ്കിലും സന്തോഷം കൊണ്ട് കുറച്ചു കാര്യങ്ങൾ പറയാം. പശ്ചാത്തല സംഗീതം ചെയ്യുന്നതിന് വേണ്ടി സ്പോട്ട് എഡിറ്ററുടെ കയ്യിൽ നിന്ന് എനിക്ക് സിനിമയുടെ വിഷ്വൽ അയക്കാറുണ്ട്. ആ വിഷ്വലിനെ സംബന്ധിച്ച് നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരു ക്വാളിറ്റി ഉണ്ട്. സ്പോട്ട് എഡിറ്ററുടെ കട്ട് ആയതുകൊണ്ട് അതിന്റെ മേൽ ആരും അഭിപ്രായം പറയാറില്ല. ഈ വിഷ്വലിന്റെ മുകളിൽ കളറിംഗ് ഉൾപ്പെടെ ഒരുപാട് ജോലികൾ ബാക്കിയുണ്ട്. പക്ഷെ സ്പോട്ട് എഡിറ്റിൽ അയച്ചുതന്ന എമ്പുരാന്റെ ഒരു മെറ്റീരിയൽ കണ്ടപ്പോൾ ഞെട്ടിപ്പോയി. ആ വിഷ്വൽ മാത്രം വെച്ച് മ്യൂസിക് ചെയ്‌താൽ അവസാനത്തെ കട്ട് ആണെന്ന് ആളുകൾ ചിലപ്പോൾ വിശ്വസിച്ചുപോകും.
പണച്ചിലവുള്ള കുറെ കാര്യങ്ങൾ അതിൽ കണ്ടു. സി ജി ഉപയോഗിച്ച് വണ്ടി പൊളിക്കാം എന്ന് നമ്മൾ കരുതുന്ന ഇടങ്ങളിൽ ഒറിജിനലായി വണ്ടികൾ പൊളിച്ചിരിക്കുകയാണ്. ഈ ഷോട്ട് ഒക്കെ റീ ടേക്ക് വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ പ്രിഥ്വിയോട് ചോദിച്ചു. കൃത്യമായി റിഹേഴ്സൽ ചെയ്തിട്ടാണ് വണ്ടികൾ തകർക്കുന്നത് എന്നാണ് പൃഥ്വി പറഞ്ഞത്. സ്ഫോടനങ്ങളെല്ലാം ലൈവാണ്. ഭയങ്കര രസമുണ്ട് കാണാൻ.