ആഗോള ബോക്സ് ഓഫീസിൽ 1 ബില്യൺ കടന്ന് ഡെഡ്‌പൂൾ & വോൾവറിൻ. 2024 ൽ ആഗോള ബോക്സ് ഓഫീസിൽ 1 ബില്യൺ കടക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഡിസ്നി ചിത്രമായ ഇൻസൈഡ് ഔട്ട് 2 ആണ് ആഗോള ബോക്സ് ഓഫീസിൽ ഈ വർഷം ഏറ്റവും വരുമാനം നേടിയ ചിത്രമായി തുടരുന്നത്. 1.56 ബില്യൺ രൂപയാണ് ആഗോള ബോക്സ് ഓഫീസിൽ ഇൻസൈഡ് ഔട്ട് 2 നേടിയത്. അവഞ്ചേഴ്സി’നു ശേഷമുള്ള മാർവൽ സിനിമകളെല്ലാം ബോക്സ് ഓഫിസിൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. എന്നാൽ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീനിലൂടെ മാർവൽ ഇപ്പോൾ പഴയ പ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ്. ഇതോടെ ഡെഡ്‌പൂൾ & വോൾവറിൻ മാർവൽ സ്റ്റുഡിയോയുടെ 17 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടിയ 11-ാമത്തെ ചിത്രമായി മാറും.
ഡി.സി കോമിക്സിന്റെ ജോക്കറിന് ശേഷം വൺ ബില്യൺ ക്ലബ്ബിൽ കയറുന്ന R റേറ്റഡ് ചിത്രമായി ഇതോടെ ഡെഡ്‌പൂൾ & വോൾവറിൻ മാറി. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും ആണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2021-ൽ ടോം ഹോളണ്ടിൻ്റെ ' സ്‌പൈഡർമാൻ: നോ വേ ഹോം ' എന്ന ചിത്രത്തിന് ശേഷം ഈ നാഴികകല്ല് പിന്നിടുന്ന ആദ്യ കോമിക്ക് ബുക്ക് സിനിമ കൂടിയാണ് ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീൻ. മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രവും കൂടിയാണ്. 2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2 വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് സംവിധാനം. റയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ഡ്യൂൺ പാർട്ട് 2 നെ മറിടന്ന് 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ലെെവ് ആക്ഷൻ ചിത്രം എന്ന നേട്ടവും ഇതോടെ ഡെഡ്‌പൂൾ & വോൾവറിൻ സ്വന്തമാക്കിയിട്ടുണ്ട്.
വോൾവെറിൻ ആയി ഹ്യൂ ജാക്ക്മാൻ തിരികെയെത്തുന്നു എന്നതായിരുന്നു ഡെഡ്പൂള്‍ 3 യുടെ പ്രധാന സവിശേഷത. ലോകി സീരിസിലൂടെ നമ്മൾ കണ്ട ടിവിഎ (ടൈം വേരിയൻസ് അതോറിറ്റി) ഈ ചിത്രത്തിന്റെ പ്രമേയത്തിലും പ്രധാന ഭാഗമാണ്. മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്സിമം എഫര്‍ട്ട്, 21 ലാപ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.