ദര്‍ബാര്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല; വിതരണക്കാരില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുരുഗദോസ്, ഹൈക്കോടതിയില്‍ ഹര്‍ജി
തമിഴ് ചിത്രം ദര്‍ബാര്‍ തിയേറ്ററുകളില്‍ തകര്‍ന്നടിഞ്ഞതിനെത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിതരണക്കാര്‍ രംഗത്തെയിരുന്നു. ചിത്രത്തിലെ നായകന്‍ രജനികാന്തിനെ കാണാന്‍ ശ്രമിച്ചെങ്കിലും താരം തയ്യാറായില്ലെന്നും നിരാഹാരം ആരംഭിക്കാന്‍ പോവുകയാണ് തങ്ങളെന്നും വിതരണക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ വിതരണക്കാരില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ എആര്‍ മുരുഗദോസ് രംഗത്തെത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ദര്‍ബാര്‍ മൂലം 25 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നതായാണ് വിതരണക്കാര്‍ പറയുന്നത്. നഷ്ടപരിഹാരം നല്‍കാന്‍ രജനികാന്ത് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. സൂപ്പര്‍സ്റ്റാറിന്റെ പ്രശസ്തി കണക്കിലെടുത്ത്, നഷ്ടം സംഭവിച്ചിട്ടും തീയറ്ററുകളില്‍ രണ്ടാഴ്ചയോളം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് വിതരണക്കാര്‍ പറയുന്നു. 200 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ചിത്രത്തിന്റെ എഴുപത് ശതമാനത്തോളം രജനിയുടെ പ്രതിഫലമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
'റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തിന്റെ തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. ചിത്രത്തിന്റെ കളക്ഷനും കുറവായിരുന്നു. ഇത് സംബന്ധിച്ച് ഞങ്ങള്‍ നിര്‍മ്മാതാക്കളായ ലൈക്കയെ സമീപിച്ചു. രജനികാന്ത് സര്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി ഒരു നിഗമനത്തിലെത്താന്‍ ഒരാഴ്ച കാത്തിരിക്കണമെന്നാണ് ലൈക ഞങ്ങളോട് ആവശ്യപ്പെട്ടത്, ലൈക്കയ്ക്ക് ഇതിനകം 70 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്.'
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിതരണക്കാര്‍
നഷ്ടത്തെക്കുറിച്ച് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷനുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും 70 കോടിയോളം നഷ്ടം നേരിട്ടുവെന്നായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചത്. തുടര്‍ന്നാണ് വിതരണക്കാര്‍ രജനിയെ കാണാന്‍ ശ്രമിച്ചത്. എന്നാല്‍ താരം ഇതുവരെ അതിന് തയ്യാറായിട്ടില്ല. രജനിയുടെയും മുരുഗദോസിന്റെയും പ്രതിഫലം തന്നെ ചിത്രത്തിന്റെ മുതല്‍മുടക്കിന്റെ വലിയ ഭാഗമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി ഒന്‍പതിനായിരുന്നു പൊങ്കല്‍ റിലീസായി ചിത്രം തിയറ്ററിലെത്തിയത്. നയന്‍താരായിരുന്നു ചിത്രത്തിലെ നായിക. മുന്‍പ് രജനി നായകനായ ലിംഗ എന്ന ചിത്രം നഷ്ടത്തിലായപ്പോഴും വിതരണക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.