സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ അന്വേഷണം, ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന പരാതിയിൽ

സാമ്പത്തിക തട്ടിപ്പ് പരാതിയിൽ ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ അന്വേഷണം, ലാഭവിഹിതവും കണക്കും നൽകിയില്ലെന്ന പരാതിയിൽ
Published on

മലയാളത്തിലെ മുൻനിര നിർമ്മാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെഴ്സിനെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ ഉത്തരവിട്ട് കോടതി. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ നിർമ്മാതാവ് സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. സിനിമയ്‌ക്കായി തങ്ങൾ മുടക്കിയ പണത്തിൻ്റെ ലാഭവിഹിതമോ കണക്കോ നൽകാൻ തയ്യാറായില്ലെന്ന സഹനിർമ്മാതാവിന്റെ പരാതിയിലാണ് കോടതി ഇടപെടൽ. ആർഡിഎക്സിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസറായ അഞ്ജന എബ്രഹാമാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിനെതിരെ കോടതിയെ സമീപിച്ചിരുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹർജിയിൽ പറയുന്നുണ്ട്.‌

ആറ് കോടി ആർഡിഎക്സ് നിർമ്മിക്കാൻ നൽകി, ലാഭവിഹിതം നൽകിയില്ല

ആറ് കോടി രൂപ നിർമാണത്തിനായി നൽകിയെന്നും മുടക്കുമുതലിന് പുറമേ 30 ശതമാനം ലാഭവിഹിതമാണ് വാഗ്ദാനം ചെയ്തതെന്നും അഞ്ജന എബ്രഹാമിന്റെ ഹർജിയിൽ പറയുന്നു. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. ഏറെ നിർബന്ധത്തിനൊടുവിലാണ് മുടക്കുമുതൽ തിരികെ തന്നതെന്നും അഞ്ജന. നൂറ് കോടിക്കുമീതേ ലാഭമുണ്ടാക്കിയെന്ന് നിർമാതാക്കൾ അവകാശപ്പെടുന്ന ആർഡിഎക്സിന്റെ ലാഭവിഹിതം വാഗ്ദാനം ചെയ്തത് തന്നില്ലെന്നാണ് അഞ്ജനയുടെ പരാതിയിൽ വ്യക്തമാക്കുന്നത്. കണക്കുകൾ തന്നിൽ നിന്ന് മറച്ചുവെച്ചു, സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തിലുൾപ്പടെ വ്യക്തമായ ധാരണയുണ്ടായിരുന്നുവെങ്കിലും തന്നെ അറിയിക്കാതെ സാറ്റലൈറ്റ് റൈറ്റ് മറ്റൊരാൾക്ക് മറിച്ചു വിറ്റുവെന്നും അഞ്ജന മുമ്പ് തൃപ്പുണ്ണിത്തുറ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പരാതി നൽകിയിരുന്നെങ്കിലും പൊലീസ് കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയാറായില്ല. തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരി പറയുന്നു. തന്നെ അറിയിക്കാതെ ലാഭവിഹിതം എന്ന പേരിൽ മൂന്നു കോടിയിലേറെ രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നും നിയമനടപടിയിൽ നിന്നും പിന്മാറാൻ നിർബന്ധിക്കുന്നുവെന്നും ഹർജിക്കാരി.

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയവരെ പ്രധാന കഥപാത്രങ്ങളാക്കി നവാ​ഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ആർഡിഎക്സ്. 'മിന്നൽ മുരളി'ക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റെർസ് നിർമിച്ച ഒരു മുഴുനീള ആക്ഷൻ എന്റെർറ്റൈനെർ ആയിരുന്നു ആർഡിഎക്സ്. ഷബാസ് റഷീദ്, ആദർശ് സുകുമാരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ലാല്‍, മഹിമ നമ്പ്യാര്‍, ഷമ്മി തിലകന്‍, മാല പാര്‍വതി, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in