'കരിങ്കാളിയല്ലേ' എന്ന ഗാനം പരസ്യത്തിന് ഉപയോഗിച്ചു, നയൻതാരയുടെ കമ്പനിക്കെതിരെ നിയമനടപടിയുമായി ഗാനത്തിന്റെ നിർമ്മാതാക്കൾ

'കരിങ്കാളിയല്ലേ' എന്ന ഗാനം പരസ്യത്തിന് ഉപയോഗിച്ചു, നയൻതാരയുടെ കമ്പനിക്കെതിരെ നിയമനടപടിയുമായി ഗാനത്തിന്റെ നിർമ്മാതാക്കൾ
Published on

'കരിങ്കാളിയല്ലേ' എന്ന ഹിറ്റ് ഗാനം നയൻതാരയുടെ കമ്പനി പരസ്യത്തിന് ഉപയോഗിച്ചതായി പരാതി. പാട്ടിന്റെ നിർമ്മാതാക്കൾ തന്നെയാണ് ഇപ്പോൾ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. 2022 ൽ യൂട്യൂബിലൂടെ പുറത്തുവിട്ട ഗാനം പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ ട്രെന്റിങായിരുന്നു. ഫഹദ് ഫാസിൽ മുഖ്യവേഷത്തിൽ വന്ന 'ആവേശം' എന്ന ചിത്രത്തിലൂടെ പാട്ട് ഇന്ത്യയിൽ ഉടനീളം സംസാരവിഷയമായി.

സാനിറ്ററി പാഡിന്റെ പരസ്യമായി നയൻതാരയുടെ കമ്പനി ഈ പാട്ട് ഉപയോഗിക്കുകയായിരുന്നു. വലിയ സാമ്പത്തിക നഷ്ടമാണ് ഇതുകാരണം ഉണ്ടായതെന്ന് നിർമ്മാതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാന്റുകളുമായി കരാർ ഒപ്പ് വയ്ക്കാനിരിക്കെയായിരുന്നു നയൻതാരയുടെ പ്രൊമോഷൻ വീഡിയോ വന്നതെന്നും അതുകൊണ്ട് തന്നെ ആ കരാറുകളിൽ തങ്ങൾക്ക് നഷ്ടമായി എന്നും നിർമാതാക്കൾ ആരോപിക്കുന്നു. നയൻ താരയുടെ കമ്പനിയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് പാട്ടിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം.

സംഭവത്തിൽ പരസ്യം നീക്കം ചെയ്യാൻ കോടതി ഉത്തരവുണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെയും കമ്പനി വീഡിയോ നീക്കം ചെയ്തിട്ടില്ല. നയൻതാരയുടെയും ഭർത്താവ് വിഘ്‌നേശ് ശിവന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയ്‌ക്കെതിരെയാണ് നിയമപോരാട്ടം നടക്കുന്നത്. കലാകാരന്മാരുടെ ക്രിയാത്മകമായ പ്രക്രിയയിലൂടെയുണ്ടാകുന്ന സൃഷ്ടികൾ ഉപയോ​ഗപ്പെടുത്തി വലിയ കമ്പനികളാണ് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതെന്ന് പാട്ടിന്റെ നിർമ്മാതാക്കളുടെ അഭിഭാഷക അലീന അനബെൽ പറഞ്ഞു. ബ്ലാക്ക് ബ്രോസ് മ്യൂസിക് ആൽബത്തിനാണ് പാട്ടിന്റെ അവകാശമുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in