32,000 മലയാളി സ്ത്രീകളെ ഐഎസില്‍ എത്തിച്ചുവെന്ന് ആരോപണം, 'കേരള സ്റ്റോറി'ക്കെതിരെ പരാതി

32,000 മലയാളി സ്ത്രീകളെ ഐഎസില്‍ എത്തിച്ചുവെന്ന് ആരോപണം, 'കേരള സ്റ്റോറി'ക്കെതിരെ പരാതി
Published on

കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു എന്ന് ആരോപിച്ച് ഹിന്ദി സിനിമയായ കേരള സ്റ്റോറിക്കെതിരെ പരാതി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനുമാണ് പരാതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ യുവതികളെ മതപരിവര്‍ത്തനം ചെയ്ത് ഐസ്‌ഐഎസിന് വില്‍ക്കുന്നു എന്ന ആരോപിച്ചുകൊണ്ട് സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയുന്നു. ഇത് ചൂണ്ടിക്കാട്ടി ചെന്നൈയിലെ തമിഴ് മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍ അരവിന്ദാക്ഷന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

വര്‍ഗീയ വിഭജനമാണ് ടീസറിന്റെ ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള വിവരങ്ങളുമായി സിനിമയിലെ ആരോപണങ്ങള്‍ പരിശോധിച്ചതിന് ശേഷം മാത്രമെ അനുമതി നല്‍കാവു എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

കേരളത്തില്‍ നിന്ന് നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ത്തിയ സ്ത്രീകളുടെ കഥയാണ് കേരള സ്റ്റോറി എന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഹിന്ദി നടിയായ ആദാ ശര്‍മ്മയാണ് ചിത്രത്തിന്റെ ടീസറിലുള്ളത്.

മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്ചുദാനന്ദന്‍ 2010 ജൂലൈ 24ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയുടെ കഥയ്ക്ക് ആധാരമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 'പോപ്പുലര്‍ ഫ്രണ്ട് കേരളത്തെ മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനാണ് അവര്‍ ആസുത്രണം ചെയ്തിരിക്കുന്നത്' എന്നുമാണ് വി.സ് പറഞ്ഞത്.

കേരളത്തില്‍ നിന്നും മതപരിവര്‍ത്തനം നടത്തി 32,000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമയിലൂടെ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം. ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രമുഖര്‍ ഇതിനെതിരെ വിമര്‍ശനം അറിയിച്ച് രംഗത്തെത്തിയിരുന്നു. 32,000 എന്നത് അതിശയോക്തിപരമായ കണക്കുകളാണെന്ന് രാഹുല്‍ ഈശ്വരും ട്വീറ്റ് ചെയ്തിരുന്നു.

സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്‍ഷൈന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ വിപുല്‍ അമൃത്‌ലാല്‍ ഷായാണ് കേരള സ്റ്റോറി നിര്‍മ്മിക്കുന്നത്. നവംബര്‍ 3നാണ് വിവാദപരമായ ടീസര്‍ റിലീസ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in