'ഇരകൾ' എന്ന സിനിമയുമായി 'ഓ ബേബി', 'ജോജി' തുടങ്ങിയ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ഒരു മോശം പ്രവണതയാണ്; രഞ്ജന്‍ പ്രമോദ്

'ഇരകൾ' എന്ന സിനിമയുമായി 'ഓ ബേബി', 'ജോജി' തുടങ്ങിയ ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത് ഒരു മോശം പ്രവണതയാണ്; രഞ്ജന്‍ പ്രമോദ്
Published on

'ഓ ബേബി' എന്ന ചിത്രത്തെ കെ.ജി ജോർജ്ജിന്റെ 'ഇരകൾ' എന്ന ചിത്രവുമായി താരതമ്യം ചെയ്യുന്നത് ഒരു മോശം പ്രവണതയാണ് എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ്. ഒരു ആവശ്യവുമില്ലാതെ ഇരകൾ എന്ന സിനിമയുമായി ഓ ബേബി എന്ന സിനിമയെയോ, ജോജിയെയോ ഒക്കെ താരതമ്യം ചെയ്യുന്നത് ഒരു നല്ല മനോഭാവമായിട്ട് തോന്നുന്നില്ല. അത് സിനിമയെ തകർക്കലാണ്. ഓ ബേബി എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിനകത്തോ അതിനെ കെെകാര്യം ചെയ്തിരിക്കുന്ന രീതിയിലോ പശ്ചാത്തലത്തിലോ ഇരകൾ എന്ന ചിത്രവുമായി അതിന് ബന്ധമില്ലെന്നും ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞു.

രഞ്ജൻ പ്രമോദ് പറഞ്ഞത്:

മലയാളത്തിൽ എന്നെ സ്വാധീനിച്ചിട്ടുള്ള അല്ലെങ്കിൽ എന്റെ ചെറുപ്പകാലത്ത് എന്നെ സ്വാധീനിച്ചിട്ടുള്ള എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ള സംവിധായകരിൽ പ്രധാനപ്പെട്ടവരാണ്, കെ.ജി ജോർജ്ജ്, അടൂർ ​ഗോപാലകൃഷ്ണൻ, പത്മരാജൻ, ഐ.വി ശശി, ജോൺ ഏബ്രഹം തുടങ്ങിയവർ. അവരുടെയൊക്കെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊരു മോശം പ്രവണതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു ആവശ്യവുമില്ലാതെ ഇരകൾ എന്ന സിനിമയുമായിട്ട് ഓ ബേബി എന്ന സിനിമയെയോ, ജോജിയെയോ ഒക്കെ താരതമ്യം ചെയ്യുന്നത് ഒരു നല്ല മനോഭാവമായിട്ട് തോന്നുന്നില്ല, അത് ആര് ചെയ്താലും ഇനി സത്യേട്ടൻ (സത്യൻ അന്തിക്കാട്) പറഞ്ഞതാണെങ്കിലും ശരി, അതൊരു സിനിമയെ തകർക്കലാണ് സത്യത്തിൽ. കാരണമെന്തെന്നാൽ ഉള്ളടക്കത്തിനകത്തോ അല്ലെങ്കിൽ അതിന്റെ ട്രീറ്റമെന്റിനകത്തോ അല്ലെങ്കിൽ അതിന്റെ പശ്ചാത്തലത്തിലോ ഒന്നിലും ഓ ബേബിക്ക് ഇരകകൾ എന്ന സിനിമയുമായിട്ട് ബന്ധമില്ല. ഇരകൾ എന്ന സിനിമ ഒരു എസ്റ്റേറ്റിലാണ് നടന്നിട്ടുള്ളത് എന്നത് മാത്രമേയുള്ളൂ. അത് ഏലക്കാടൊന്നുമല്ല റബ്ബർ തോട്ടമാണ്. റബ്ബർ തോട്ടം അതിന് ചുറ്റുമുണ്ടെങ്കിലും ആ വീടിനകത്ത് നടക്കുന്ന കഥയാണ് അത്. ആ വീടിനകത്തുള്ള ബന്ധങ്ങളുടെ കഥയാണ്. ഒരു തരത്തിലും ഈ സിനിമയെ ജോർജ്ജ് സാറിന്റെ ഇരകളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. അതൊരു ക്ലാസിക്ക് സിനിമയാണ്.

'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ദിലീഷ് പോത്തന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ഓ.ബേബി. ടര്‍ട്ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. രഘുനാഥ് പാലേരി, ഹാനിയ നഫീസ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in