അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ഭീഷ്മപര്‍വ്വത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയും അമല്‍ നീരദും ബിഗ് ബിക്ക് ശേഷം ഒന്നിക്കുന്ന സിനിമയായതിനാല്‍ ഭീഷ്മപര്‍വ്വത്തെ കുറിച്ചുള്ള പ്രതീക്ഷകളും വലുതാണ്. ബിഗ് ബി എന്ന സിനിമ അല്ലെങ്കിലും അത്ര തന്നെ ആവേശം നല്‍കുന്ന ചിത്രമായിരിക്കും ഭീഷ്മപര്‍വ്വമെന്ന് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് രവിശങ്കര്‍ ദ ക്യുവിനോട് പറഞ്ഞു.
ഒരിക്കലും ബിഗ് ബിയെ തകര്‍ക്കാനോ, അതിന് മുകളില്‍ എത്തിക്കാനോ ഉള്ള ശ്രമം ഭീഷ്മപര്‍വ്വത്തിന്റെ എഴുത്തില്‍ ഉണ്ടായിട്ടില്ലെന്നും രവി ശങ്കര്‍.
രവിശങ്കര്‍ പറഞ്ഞത്:
വളരെ എക്‌സൈറ്റഡായി വര്‍ക്ക് ചെയ്ത സിനിമയായിരുന്നു ഭീഷ്മപര്‍വ്വം. മമ്മൂക്കയുടെ സിനിമ കൂടി ആയതുകൊണ്ട് എക്‌സൈറ്റ്‌മെന്റ് കൂടുതലായിരുന്നു. അതുപോലെ തന്നെ സിനിമയുടെ ഔട്ട്പുട്ടിലും ഞങ്ങള്‍ എക്‌സൈറ്റഡാണ്. ഞാന്‍ കൊച്ചിയിലേക്ക് വരുന്ന സമയത്ത് അമലേട്ടന്റെ അസിസ്റ്റന്റാവണം എന്ന് ആഗ്രഹിച്ച് അദ്ദേഹത്തിന്റെ വീടിന് അടുത്ത് താമസിച്ച ആളാണ് ഞാന്‍. അങ്ങനെ ഞാന്‍ അമലേട്ടന്റെ അടുത്ത് അസിസ്റ്റന്റ് ആകാന്‍ പോയതാണ്. അങ്ങനെയാണ് അദ്ദേഹം എനിക്ക് എഴുതാനുള്ള അവസരം തന്നത്.
എഴുതുന്ന സമയത്ത് തീര്‍ച്ചയായും നമ്മുടെ മുന്നില്‍ ബിഗ്ബി ഉണ്ടല്ലോ. അപ്പോള്‍ അതിനെ തകര്‍ക്കാനോ, അതിന് മുകളില്‍ എത്തിക്കാനോ ഉള്ള ശ്രമം അല്ല ഉണ്ടായിട്ടുള്ളത്. ബിഗ്ബി അല്ലാതെ അത്ര തന്നെ ആവേശം ഉണ്ടാക്കുന്ന മറ്റൊരു സിനിമയാണ് ഭീഷ്മപര്‍വ്വം. ആ എക്‌സ്പീരിയന്‍സ് കൊടുക്കാനാണ് ശ്രമിച്ചത്.
മാര്‍ച്ച് 3നാണ് ഭീഷ്മപര്‍വ്വം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ. ദിലീഷ് പോത്തന്റെ സംവിധാന സഹായിയായ ദേവദത്തിന്റെ ആദ്യ തിരക്കഥയുമാണ് ഭീഷ്മപര്‍വം. റാണി പദ്മിനിയുടെ സഹരചയിതാവ് കൂടിയായ പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും.