ആ സിനിമയ്ക്ക് ശേഷം മൂന്ന് മാസത്തോളം എന്റെ കാഴ്ച ശക്തി കുറ‍ഞ്ഞു, ശരീരഭാരം കുറയ്ക്കുന്നത് അവയവങ്ങളെ ബാധിക്കുമെന്ന് ഡോക്ടർ പറഞ്ഞു; വിക്രം

ആ സിനിമയ്ക്ക് ശേഷം മൂന്ന് മാസത്തോളം എന്റെ കാഴ്ച ശക്തി കുറ‍ഞ്ഞു, ശരീരഭാരം കുറയ്ക്കുന്നത് അവയവങ്ങളെ ബാധിക്കുമെന്ന് ഡോക്ടർ പറഞ്ഞു; വിക്രം
Published on

സിനിമയ്ക്ക് വേണ്ടി സ്വന്തം ശരീരത്തെ പലവിധത്തിൽ മാറ്റിയെടുക്കുന്നതിൽ ഇന്ത്യൻ സിനിമയിൽ വിക്രമിനോളം ഖ്യാതി മാറ്റാർക്കുമുണ്ടാവില്ല. എന്നാൽ ഇത്തരത്തിൽ പല സിനിമകളിലായി ശരീരത്തെ പല വിധത്തിൽ ഉപയോ​ഗിച്ചിട്ടുള്ളതും പെട്ടന്നുള്ള ശരീരഭാരം കുറയ്ക്കുന്നതും തന്നെ ശാരീരികമായി പല വിധത്തിൽ ബാധിച്ചിട്ടുണ്ട് എന്ന് വിക്രം പറയുന്നു. 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന മലയാളം സിനിമയുടെ റീമേക്കായ 'കാശി'യിൽ കണ്ണിലെ കൃഷ്ണ മണി കാണാതെ അഭിനയിക്കേണ്ടതിനാൽ അത് തന്റെ കാഴ്ച ശക്തിയെ കാര്യമായി ബാധിച്ചിരുന്നു എന്നും 'ഐ' എന്ന സിനിമയുടെ ഭാ​ഗമായി നടത്തിയ ശരീരിക മാറ്റത്തിൽ ഇത് തുടർന്നാൽ അവയവങ്ങൾക്ക് അപകടം സംഭവിക്കുമെന്ന് ഡോക്ടർ മുന്നറിയിപ്പ് തന്നിരുന്നു എന്നും രൺവീർ അൽഹാബാദിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിക്രം പറഞ്ഞു.

വിക്രം പറഞ്ഞത്:

തീർച്ചയായും അത് എന്റെ ആരോ​ഗ്യത്തെ ബാധിച്ചിട്ടുണ്ട്. പക്ഷേ നിങ്ങൾക്ക് അത് ചില സമയത്ത് മനസ്സിലാക്കാൻ സാധിക്കില്ല. ഞാൻ 'കാശി' എന്ന ഒരു സിനിമ ചെയ്യുന്ന സമയത്ത് ഒരു അന്ധനായാണ് ഞാൻ അഭിനയിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് എന്റെ കണ്ണുകൾ മുകളിലേക്കാക്കി വെയ്ക്കേണ്ടി വന്നിട്ടുണ്ട്. അതൊരു മലയാളം സിനിമയുടെ റീമേക്കായിരുന്നു. ആ സിനിമ കണ്ട് കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും അതിൽ അയാളുടെ കൃഷ്ണ മണികൾ കാണാൻ സാധിക്കില്ല. സംവിധായകനും അതേ ആവശ്യം തന്നെയായിരുന്നു ഉണ്ടായിരുന്നത് കൃഷ്ണ മണി കാണേണ്ട എന്ന്. അതുകൊണ്ട് അത് ചെയ്യുന്ന സമയത്ത് എല്ലം എനിക്ക് കൃഷ്ണ മണികൾ വളരെയധികം മുകളിലേക്ക് ഉയർത്തേണ്ടി വന്നിട്ടുണ്ട്. അതൊരിക്കലും ഒരു നല്ല കാര്യമായിരുന്നില്ല. ചില ആളുകൾക്ക് അത് സാധിക്കും. പക്ഷേ എനിക്ക് അത് എളുപ്പം സാധിക്കുന്ന ഒരു കാര്യമായിരുന്നില്ല. എനിക്ക് ആ സിനിമ ചെയ്യണം എന്നുണ്ടായിരുന്നു, അതുകൊണ്ട് ഞാൻ അതിന് വേണ്ടി പ്രാക്ടീസ് ചെയ്തു. 5 സെക്കന്റുകൾ പത്ത് സെക്കന്റുകൾ, 20 സെക്കന്റ് അങ്ങനെ 1 മിനിറ്റ് വരെ കൃഷ്ണ മണി കാണാത്ത വിധത്തിൽ കണ്ണ് മുകളിലേക്ക് ആക്കാൻ ഞാൻ പരിശ്രമിച്ചു കൊണ്ടിരുന്നു. അത് നടപ്പിലായതിന് ശേഷം ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. എനിക്ക് ഈ സിനിമ ചെയ്യണം എന്ന് പറഞ്ഞു. നിങ്ങൾക്ക് കണ്ണ് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു, ഞാൻ അത് ചെയ്തു കാണിച്ചു കൊടുത്തു. ഓഹ് നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കുമോ എന്നാൽ നമുക്ക് ഈ സിനിമ ചെയ്യാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ എങ്ങോട്ട് നോക്കുന്നുവോ അങ്ങോട്ടാണ് അദ്ദേഹം ക്യാമറ വയ്ക്കുന്നത് അതിനാൽ എനിക്ക് കണ്ണ് താഴ്ത്താൻ സാധിക്കുമായിരുന്നില്ല. ഏതെങ്കിലും ഒരു സീനിന്റെ അവസാനം ആരുടെയെങ്കിലും ഭാ​ഗത്ത് നിന്നും ഒരു തെറ്റ് സംഭവിച്ചാൽ ആ സീൻ ഒന്നു കൂടി എനിക്ക് ചെയ്യേണ്ടി വരും. അരമണിക്കൂറിൽ കൂടുതൽ എനിക്ക് അത് ചെയ്യാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ട് തന്ന ആ സിനിമയ്ക്ക് ശേഷമുള്ള മൂന്ന് മാസത്തോളം എനിക്ക് ടിവി കാണാനോ ഏന്തെങ്കിലും വായിക്കാനോ കഴിഞ്ഞിരുന്നില്ല. എന്റെ കാഴ്ച ശക്തിയെ അത് മോശമായി ബാധിച്ചിട്ടുണ്ട്.

ഞാൻ 'സേതു' എന്ന സിനിമ ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ ഒരു ചപ്പാത്തിയും ബീറ്റ്റൂട്ട് അല്ലെങ്കിൽ ഒരു കാരറ്റ് ജ്യൂസും പിന്നെ ഒരു മുട്ടയുടെ വെള്ളയുമായിരുന്നു ഒരു ദിവസത്തിൽ ആകെ കഴിക്കുന്ന ഭക്ഷണം, അതും ഒരു നേരത്തേക്ക് മാത്രം. ആ ഭക്ഷണം ക്രമമാണ് എന്നെ ആ കഥാപാത്രം ചെയ്യാൻ സഹായിച്ചത്. ആ സമയത്ത് ഞാൻ ബ്ലാങ്കായിരുന്നു. ചില സമയത്ത് എന്റെ സംവിധായകൻ എന്നെ വിളിക്കുമ്പോൾ എനിക്ക് അത് കേൾക്കാൻ പോലും കഴിയുമായിരുന്നില്ല, ഞാൻ എവിടെയങ്കിലും കിടക്കുകയായിരിക്കും. ഞാൻ ആ സിനിമയിൽ അഭിനയിക്കുകയായിരുന്നില്ല, സ്വയം ആ കഥാപാത്രമാവുകയായിരുന്നു. മാത്രമല്ല എന്റെ ശരീരഭാരം കുറയ്ക്കുന്നതിനായി ഞാൻ സെറ്റിലൂടെ എല്ലാ ദിവസവും 8 കിലോമീറ്ററോളം നടക്കുമായിരുന്നു. എന്റെ കോസ്റ്റ്യൂമിൽ രക്തക്കറയും മറ്റ് കാര്യങ്ങളുമെല്ലാം ഉണ്ടായിരുന്നു അത് നിലനിർത്താൻ വേണ്ടി ഞാൻ 2 മാസത്തോളം ആ കോസ്റ്റ്യും കഴുകാതെ ഉപയോ​ഗിച്ചു.

അതിന് ശേഷം ഞാൻ 'ഐ' എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് ശരീരഭാരം എങ്ങനെ കുറയ്ക്കണമെന്ന് അറിയുമായിരുന്നില്ല. ആ കഥാപാത്രത്തിന് വേണ്ടി എനിക്ക് ആദ്യം ഒരു ബോഡിൽ ബിൽഡർ ആകണമായിരുന്നു, മിസ്റ്റർ ഭൂട്ടാൻ, മിസ്റ്റർ തമിഴ്നാട് എന്നിവരുമായി മത്സരിക്കുന്ന ഒരു ബോഡി ബിൽഡർ. അതൊന്നും ഒരിക്കലും ​ഗ്രാഫിക്സ് ആയിരുന്നില്ല. പിന്നീട് അവിടെ നിന്നും ഒരു മോഡൽ ആകണം. അവിടെ നിന്നും പിന്നീട് സിനിമയിൽ കാണുന്ന ആ രൂപത്തിലേക്ക് ഞാൻ എത്തണമായിരുന്നു. 90 കിലോ ശരീര ഭാരത്തിൽ നിന്നും ഞാൻ 52 കിലോയിലേക്ക് എത്തി. മൂന്ന് മാസത്തിലാണ് ഞാൻ ഇതെല്ലാം ചെയ്തത്. ഞാൻ 50 കാലറി ഭക്ഷണം മാത്രം കഴിക്കുകയും 100 കാലറിയുടെ വർക്ക് ഔട്ട് ചെയ്യുകയും ചെയ്തു. അത് വളരെ മണ്ടത്തരമായിരുന്നു. പക്ഷേ എന്റെ അടുത്ത് അത് മാത്രമായിരുന്നു മാർ​ഗം. ആ സമയത്ത് ഞാൻ വളരെ ദുർബലനായിരുന്നു ഒപ്പം എല്ലാ ദിവസവും 15 കിലോ മീറ്ററോളം ഞാൻ സൈക്ലിം​ഗ് ചെയ്തിരുന്നു, കൂടാതെ വ്യയാമവും. എനിക്ക് ഉറപ്പാണ് അതെല്ലാം എന്നെ ബാധിച്ചിട്ടുണ്ട്. എനിക്ക് അമ്പത് കിലോയിലേക്ക് എത്തണം എന്നായിരുന്നു. പക്ഷേ എന്റെ ഡോക്ടർ പറഞ്ഞു ഇത് ശരിയാവില്ല ഏതെങ്കിലും പ്രധാനപ്പെട്ട അവയവങ്ങൾക്ക് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്, അതുകൊണ്ട് ഈ റിസ്ക് എടുക്കരുത് എന്ന്. മാത്രമല്ല ആ സമയത്ത് എന്റെ നായികയെക്കാൾ ശരീരഭാരം കുറവായിരുന്നു എനിക്ക്, ഏമി ജാക്സണിന് ആ സമയത്ത് 54 നാല് കിലോയോളം ഭാരമുണ്ടായിരുന്നു, എനിക്ക് 52 ഉം. എനിക്ക് അവരെ എടുക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങൾക്ക് എന്തുകൊണ്ട് എന്നെ എടുത്തു കൂടാ എന്ന് ഞാൻ അവളോട് ചോദിച്ചിട്ടുണ്ട്. അതെല്ലാം ഞാൻ ചെയ്തത് ഒരൊറ്റ സീനിന് വേണ്ടിയാണ്. എന്റെ സംവിധായകൻ വരെ അത് ചെയ്യുന്നതിൽ നിന്ന് എന്നെ തടഞ്ഞിരുന്നു. പക്ഷേ എനിക്ക് അത് ചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. പക്ഷേ അത് ചെയ്തതിന് കാര്യമുണ്ടായി ആ സിനിമ കണ്ട എല്ലാവരും എന്റെ പരിശ്രമത്തെ തിരിച്ചറിഞ്ഞു.‌ വിക്രം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in