'ഈ പാട്ടും യുദ്ധവും എല്ലാം അവളെ മറക്കാന്‍'; പൊന്നിയിന്‍ സെല്‍വനില്‍ അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിയാന്‍ വിക്രം

'ഈ പാട്ടും യുദ്ധവും എല്ലാം അവളെ മറക്കാന്‍'; പൊന്നിയിന്‍ സെല്‍വനില്‍ അഞ്ച് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിയാന്‍ വിക്രം
Published on

മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി ചിയാന്‍ വിക്രം ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

അഞ്ച് ഭാഷകളിലായാണ് പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അഞ്ച് ഭാഷകളിലും വിക്രം തന്നെയാണ് തന്റെ കഥാപാത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. 'ഈ പാട്ടും യുദ്ധവും എല്ലാം അവളെ മറക്കാന്‍' എന്ന ഡയലോഗ് വിവിധ ഭാഷകളിലായി വിക്രം ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ആദിത്യ കരികാലന്‍ എന്ന കഥാപാത്രത്തെയാണ് പൊന്നിയിന്‍ സെല്‍വനില്‍ വിക്രം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഐശ്വര്യ റായിയും പ്രധാന കഥാപാത്രമാണ്. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നത്. വിക്രമും ഐശ്വര്യയും രാവണിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

പ്രശസ്ത എഴുത്തുകാരന്‍ കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിര്‍മ്മിച്ച രാജ രാജ ചോളന്‍ ഒന്നാമന്‍ അരുള്‍മൊഴി വര്‍മന്റെ കഥയാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ഭാഗങ്ങളിലായാണ് 'പൊന്നിയിന്‍ സെല്‍വന്‍' ഒരുങ്ങുന്നത്. 'ചെക്കാ ചിവന്ത വാനത്തിന്' ശേഷം 4 വര്‍ഷങ്ങള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന മണിരത്‌നം ചിത്രം കൂടിയാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയന്‍ സെല്‍വന്‍. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം. റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 2022 സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in