പാർവതിക്കൊപ്പം അഭിനയിക്കണം എന്ന ഒരുപാട് നാളായി ആഗ്രഹിച്ചിട്ടുണ്ട് എന്ന് നടൻ വിക്രം. മറ്റൊരു സിനിമയിലും ഒരുമിച്ച് വരാതെ തങ്കലാനിലൂടെ ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് എന്നും വിക്രം പറഞ്ഞു. പാ.രഞ്ജിത്തിന്റെ കഥകളിലെ സ്ത്രീകൾ എപ്പോഴും ശക്തരായിരിക്കുമെന്നും തങ്കലാനിലും അത് അങ്ങനെ തന്നെയാണ് എന്നും വിക്രം തങ്കലാന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവേ വിക്രം പറഞ്ഞു.
വിക്രം പറഞ്ഞത്:
പാർവതിയ്ക്ക് ഒപ്പം അഭിനയിക്കണമെന്ന് ഒരുപാട് നാളായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ്. കാരണം ഞങ്ങൾ ഇരുവർക്കും ഇടയിൽ ഒരു കണക്ഷൻ എപ്പോഴും ഉണ്ടായിക്കൊണ്ടേയിരുന്നു. ഈ സിനിമയിൽ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. വേറെ ഒരു സിനിമയിലും ഒരുമിച്ച് വരാതെ ഈ സിനിമയിൽ നമ്മൾ ഒരുമിച്ച് വന്നല്ലോ എന്നതിൽ എനിക്ക് സന്തോഷം ഉണ്ട്. രഞ്ജിത് പറഞ്ഞ പോലെ പണ്ടത്തെകാലം ഇപ്പോഴത്തെ പോലെയല്ലായിരുന്നു. ആ കാലത്ത് സ്ത്രീകളും ജോലിക്ക് പോകുമായിരുന്നു. സ്ത്രീകളും യുദ്ധത്തിന് പോകുമായിരുന്നു. അടിയുണ്ടാക്കും, അവരുടെ കെെകളും പുരുഷന്മാരുടെ കൈകൾക്ക് സമാനമായിരിക്കും. അത്തരത്തിൽ സമത്വമുണ്ടായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ട് ആ കഥാപാത്രവും അങ്ങനെ തന്നെയാണ്. പാ രഞ്ജിത്തിന്റെ എല്ലാ സിനിമകളിലെയും സ്ത്രീ കഥാപാത്രങ്ങൾ എപ്പോഴും ശക്തരായവരായിരിക്കും. ഈ സിനിമയിലും അങ്ങനെ തന്നെയാണ്. ഈ സിനിമയിലും ഹീറോയ്ക്ക് ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് ആർതി എന്ന കഥാപാത്രം. പാർവതിയുടെ വെെകാരികമായി സീനുകളെല്ലാം മികച്ചതായിരുന്നു. നിങ്ങൾക്കൊപ്പം സ്ക്രീൻ സ്പേയ്സ് പങ്കിടാൻ സാധിച്ചതിലും മെെന്റ് സ്പേയ്സ് പങ്കിടാൻ സാധിച്ചതിലും സന്തോഷമുണ്ട്. എനിക്ക് ഗംഗമ്മയായി വന്നതിൽ സന്തോഷമുണ്ട്.
പാ.രഞ്ജിത് സംവിധാനം ചെയ്ത് വിക്രം നായകനായെത്തുന്ന ചിത്രമാണ് തങ്കലാൻ. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും.