മീടൂ ആരോപണ വിധേയനും ഒരുപാട് സ്ത്രീകൾ ആരോപണം ഉന്നയിക്കുകയും ചെയ്ത ഗാനരചയിതാവ് വൈരമുത്തുവിന് ജന്മദിനം ആശംസിക്കാൻ വീട്ടിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. സ്ത്രീകള്‍ക്കെതിരെയിള്ള അതിക്രമങ്ങള്‍ക്കെതിരെ സംസാരിക്കുന്ന എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. ബ്രിജ് ഭൂഷണ്‍ മുതല്‍ വൈരമുത്തുവരെയുള്ള എല്ലാവരും എല്ലായ്‌പ്പോഴും ഇവിടെ രക്ഷപെടും കാരണം രാഷ്ട്രീയക്കാര്‍ എല്ലാം അവരെ സംരക്ഷിക്കുന്നുണ്ട് എന്ന് ചിന്മയി തന്റെ ട്വീറ്റില്‍ കുറിച്ചു.
മീടു മൂവ്‌മെന്റില്‍ തമിഴ് സിനിമ ഗാനരചയിതാവായ വൈരമുത്തുവിനെ പീഡകന്‍ എന്ന് വിളിച്ചതിന് പിന്നാലെ തമിഴ് സിനിമ രംഗത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി വിലക്ക് നേരിടുകയാണ് താനെന്നും നീതിക്ക് വേണ്ടി പോരാടുകയാണെന്നും ചിന്മയി പോസ്റ്റില്‍ പറയുന്നു. ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതീകരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചല്ലോ, ഇതാണ് ഇയാളുടെ ശക്തി. രാഷ്ട്രീയക്കാരെല്ലാം വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ നിശബ്ദരായിരിക്കുമെന്നും ചിന്മയി ട്വീറ്റില്‍ പറയുന്നു.
ചിന്മയിയുടെ ട്വീറ്റ്
നിരവധി സ്ത്രീകള്‍ ലൈംഗീകാതിക്രമത്തിന് കേസ് കൊടുത്ത ഒരാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി നേരിടെത്തി. നിരവധി തവണ അവാര്‍ഡ് നേടിയ ഗായികയും വോയിസ് ആര്‍ട്ടിസ്റ്റുമായ ഞാന്‍ ഈ കവിയെ പീഡകന്‍ എന്ന് മീ ടു മൂവ്‌മെന്റില്‍ വിളിച്ചതിന് പിന്നാലെ 2018 മുതല്‍ തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ വിലക്ക് നേരിടുകയാണ്.
ഏകദേശം അഞ്ച് വര്‍ഷമാകുന്നു. ഞാനത് കൗണ്ട് ചെയ്യുകയാണ്. കാരണം ഇതിന്റെ ലീഗല്‍ പ്രൊസീജിയര്‍ എന്നത് തന്നെ നിങ്ങള്‍ക്കുള്ള വലിയ ശിക്ഷയാണ്. ഏറെക്കുറെ 'നിങ്ങള്‍ക്ക് എത്ര ധൈര്യമുണ്ട് ജസ്റ്റിസ് ആവശ്യപ്പെടാന്‍' എന്ന് അവര്‍ ചോദിക്കും പോലെയാണ് അത്.
ഒരു പീഡകനും കവിയുമായ ഒരാള്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ജനിച്ച്, അയാള്‍ക്ക് ഏതൊരു സ്ത്രീയുടെയും മേല്‍ കൈവയ്ക്കാം എന്ന് തീരുമാനിച്ചു. ഒന്നിലധികം രാഷ്ട്രീയക്കാരുമായി പ്രത്യേകിച്ച് ഡിഎംകെയുമായുള്ള അടുപ്പം കൊണ്ട് അവളെ നിശബ്ദയാക്കാന്‍ ഭീഷണിപ്പെടുത്തി. ഒന്നിലധികം പത്മ അവാര്‍ഡുകളും സാഹിത്യ നാടക അക്കാദമി അവാര്‍ഡും കൂടാതെ ഒന്നിലധികം ദേശീയ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതീകരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചല്ലോ, ഇതാണ് ഇയാളുടെ ശക്തി.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രസംഗിക്കുന്ന എല്ലാ തമിഴ് രാഷ്ട്രീയക്കാര്‍ക്കും ഇത് നാണക്കേടാണ്. തീര്‍ച്ചയായും വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ അവരെല്ലാവരും നിശബ്ദരായിരിക്കും.
എല്ലാ വര്‍ഷവും ഒരു പീഡകന്റെ ജന്മദിനത്തില്‍, ശ്രേഷ്ഠമായ തമിഴ് പെണ്ണിയം (ഫെമിനിസ്റ്റ്) സംസ്‌കാരത്തിലെ/പുരുഷന്മാരും സ്ത്രീകളും, പീഡനത്തിനിരയായ സ്ത്രീയെ ടാഗ് ചെയ്ത് 'വയറ് എരിയുതാ' എന്ന് പറയുന്ന നാടാണിത്. ഇതാണ് ഈ നാടിന്റെ സവിശേഷമായ ബലാത്സംഗ ക്ഷമാപണ സംസ്‌കാരം. ഇവിടെ ഇവര്‍ ലൈംഗിക കുറ്റവാളികളെ ആഘോഷിക്കുകയും അവര്‍ക്കെതിരെ സംസാരിക്കുന്ന സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നു.
സെന്‍സിറ്റിവിറ്റി, സഹാനുഭൂതി, വിദ്യാഭ്യാസം അവബോധം എന്നിവ പൂജ്യമാണ്.
ബ്രിജ് ഭൂഷണ്‍ മുതല്‍ വൈരമുത്തു വരെയുള്ളവര്‍ എല്ലായ്പ്പോഴും രക്ഷപ്പെടും, കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. എന്തിന് വേണ്ടിയാണ് ഈ നാട്ടില്‍ അടിസ്ഥാനപരമായി ഇല്ലാത്ത നീതി എന്ന മാന്ത്രിക യൂണികോണിനായി നാം വിഷമിക്കുന്നത്.
പലരും ആരോപണങ്ങള്‍ പുരുഷന്മാരുടെ കരിയറും ജീവിതവും തകര്‍ക്കുമെന്നും അയാള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും പറയുന്നു. എന്നാല്‍ വൈരമുത്തു പല ഡിഎംകെ നടത്തിയ ചടങ്ങുകളിലും ഐഎഎസ് അക്കാദമി പരിപാടികളിലും തമിഴ് ഭാഷാ പരിപാടികളിലും, പുസ്തക പ്രകാശനങ്ങളിലുമെല്ലാം മുഖ്യാതിഥിയായിരുന്നു, അയാള്‍ക്ക് ഒന്നും സംഭവിച്ചില്ല, എന്നാല്‍ ആരോപണം ഉന്നയിക്കപ്പെട്ട ഉടനെ താന്‍ വിലക്കപ്പെട്ടുവെന്നും ചിന്മയി പണ്ട് തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
2018ല്‍, വര്‍ഷങ്ങളായി താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ട്വിറ്ററില്‍ പങ്കിട്ടതിന് ശേഷം തന്റെ മീടൂ സ്റ്റോറിയെക്കുറിച്ച് തുറന്ന് പറഞ്ഞ സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ സ്ത്രീകളില്‍ ഒരാളാണ് ചിന്മയി. 2005ല്‍ വീഴമറ്റം എന്ന കച്ചേരിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ചിന്മയയുടെ വെളിപ്പെടുത്തല്‍.
ഒപ്പം പ്രവര്‍ച്ചിരുന്ന സമയത്ത് വൈരമുത്തു തന്നെ ലൈംഗിക ബന്ധത്തിനായി നിരന്തരം ശല്യപ്പെടുത്തിയെന്നും വിസമ്മതിച്ചപ്പോള്‍ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗായിക ഭുവന കുറച്ച് ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം തനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതായെന്നും ഭക്തിഗാനങ്ങളും മറ്റും മാത്രമായി. അതോടെ പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിച്ചു. ഈ കാര്യം പുറത്തുപറഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും തമിഴ് സിനിമാലോകം നിശബ്ദമായിരുന്നുവെന്നുമായിരുന്നു ഭുവനയുടെ വെളിപ്പെടുത്തൽ. വൈരമുത്തുവിനെതിരെ സമാനമായ ആരോപണം ഒന്നിലധികം സ്ത്രീകൾ ഉന്നയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ല.