ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പ്രവണതകള്‍ പുതുതലമുറയില്‍ കുറവാണെന്ന് സംവിധായകന്‍ ചിദംബരം. മഞ്ഞുമ്മല്‍ ബോയ്‌സില്‍ പരാതി പരിഹാര സമിതി ഉണ്ടായിരുന്നു. സിനിമയില്‍ സ്ത്രീകള്‍ ഇല്ലങ്കില്‍ സമിതി വേണ്ട എന്ന് തീരുമാനിക്കരുത്. ഐസിസി നിര്‍ബന്ധമാണ്. സമിതിയില്‍ ഉള്‍പ്പെടുന്ന ആളുകള്‍ കൃത്യമാണോ എന്ന് ഉറപ്പുവരുത്തണം. സിനിമാ മേഖല പൊതുസമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായതുകൊണ്ട് റിപ്പോര്‍ട്ടുണ്ടാക്കുന്ന ആഘാതം വലുതായിരിക്കുമെന്നും സിനിമാ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും ധന്യാ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.
ചിദംബരം പറഞ്ഞത്:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സന്തോഷമുണ്ട്. റിപ്പോര്‍ട്ട് രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തി എന്നതിലും സന്തോഷം. മറ്റുള്ള ഭാഷയിലെ സിനിമാ മേഖല എങ്ങനെ ഇതിനെ നോക്കിക്കാണുന്നുവെന്ന് അറിയില്ല. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ വളരെ മോശമാണ്. ആളുകളുടെ മോശമായ പ്രവണതകള്‍ ഈ തലമുറയില്‍ കുറവാണെന്ന് തോന്നുന്നു. അങ്ങനെയുള്ള നീക്കങ്ങള്‍ ഒരിക്കലും നടക്കരുത്. സിനിമയെന്നല്ല ഒരു തൊഴില്‍ മേഖലയിലും തുടരാന്‍ പാടില്ലാത്ത പ്രവണതയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. പക്ഷെ പൊതു സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒന്നായതുകൊണ്ടാണ് സിനിമാ മേഖല വലിയ ചര്‍ച്ചയാകുന്നത്. അതുണ്ടാക്കുന്ന ആഘാതവും വലുതായിരിക്കും. ആളുകള്‍ ഇതിനെപ്പറ്റി കൂടുതല്‍ സംസാരിക്കും.
എല്ലാ സിനിമാ സെറ്റുകളിലും ഇപ്പോള്‍ പരാതി പരിഹാര സമിതിയുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിലും ഐസിസി ഉണ്ടായിരുന്നു. സ്ത്രീകള്‍ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല സിനിമയില്‍ ഐസിസി ഉണ്ടാകണം. അതൊരു നിര്‍ബന്ധമുള്ള കാര്യമാണ്. സ്ത്രീകള്‍ ഇല്ലാത്തുകൊണ്ട് ഐസിസി വേണ്ട എന്നല്ല. പക്ഷെ ഈ സമിതിയില്‍ വരുന്ന ആളുകള്‍ കൃത്യമാണോ എന്നുള്ളതും നോക്കണം. അവിടെയുണ്ടാകുന്ന പരാതിയില്‍ എങ്ങനെ നടപടിയെടുക്കും എവിടെ അത് തീരുമാനിക്കും എന്നതിനെയെല്ലാം ഒരുമിച്ച് കൊണ്ടുവരണം. ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കാന്‍ കഴിയും എന്നതിനെ കുറിച്ച് ഗവണ്മെന്റും ആലോചിക്കുന്ന സമയമാണ്. അത് പൂര്‍ത്തിയാകാന്‍ കാലതാമസമുണ്ടാകും.
ഹോളിവുഡും ഈ വിഷയത്തില്‍ വളരെ പ്രശ്ങ്ങള്‍ നടന്ന സ്ഥലമാണ്. ഹാര്‍വി വെയ്ന്‍സ്റ്റീന്‍ കേസ് നമുക്കറിയാവുന്നതാണ്. അതുപോലെ ലോകത്ത് ആകമാനം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണിത്. സത്യസന്ധമായി പറഞ്ഞാല്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതൊരു പുതിയ കാര്യമായി തോന്നിയില്ല. നമ്മള്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരു കാര്യം പേപ്പറിലായി എന്നെ ഒള്ളു. അത്രയധികം തുറന്നവതരിപ്പിക്കുന്ന ഒന്നും അതിലില്ല. ഈ വിഷയത്തില്‍ സുരക്ഷ ഒരുക്കുന്നതിന് സര്‍ക്കാര്‍ ഒരു പ്രോട്ടോക്കോള്‍ കൊണ്ടുവരണം.