'സോഷ്യൽ മീഡിയയിലെ ഇത്തരം പ്രവണതകൾ മാറണം, കോക്കിനെപ്പോലെയുള്ളവരെ പുരോ​ഗമന സമൂഹം തള്ളിക്കളയണം'; ചെക്ക് മേറ്റ് സംവിധായകൻ

'സോഷ്യൽ മീഡിയയിലെ ഇത്തരം പ്രവണതകൾ മാറണം, കോക്കിനെപ്പോലെയുള്ളവരെ പുരോ​ഗമന സമൂഹം തള്ളിക്കളയണം'; ചെക്ക് മേറ്റ് സംവിധായകൻ
Published on

അനൂപ് മേനോനെ നായകനാക്കി നവാ​ഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത ചിത്രമാണ് ചെക്ക് മേറ്റ്. ചിത്രത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നെ​ഗറ്റീവ് റിവ്യു പറഞ്ഞ ഓൺലെെൻ റിവ്യൂവർ അശ്വന്ത് കോക്ക് മരുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ രതീഷ് ശേഖർ. സോഷ്യല്‌‍ മീഡിയയിൽ നടക്കുന്ന ഇത്തരം പ്രവണതകൾ മാറേണ്ടതുണ്ട് എന്നും പുരോഗമന സമൂഹം ഇത്തരം ട്രോളിംഗ് രീതികൾ തള്ളിക്കളയണം എന്നും രതീഷ് ശേഖര്‍ പറഞ്ഞു.

രതീഷ് ശേഖര്‍ പറഞ്ഞത്:

ഞാനും ടീമും ചെക്ക് മേറ്റ് ഉണ്ടാക്കിയത് ഇൻറലിജൻറ് സ്റ്റോറി ടെല്ലിങ്ങ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റുന്നൊരു ഓഡിയൻസിനുവേണ്ടിയാണ്, അതായത് പ്രത്യേകിച്ച് കേരളത്തിലെ ഓഡിയൻസിന് വേണ്ടിയാണ്. അമേരിക്കയിൽ നിന്നുള്ള ഒരു മലയാളി സ്റ്റോറി ടെല്ലർ എന്നുള്ള നിലയിൽ എൻറെ കണ്ടൻറ് മലയാളി പ്രേക്ഷകർക്കും ഒപ്പം ലോകം മുഴുവനും ഉള്ള പ്രേക്ഷകർക്കും വേണ്ടിയാണ്. ഞാൻ അമേരിക്കയിൽ ആയതിനാൽ അവിടുത്തെ കഥയാണ് പറഞ്ഞത്. ബുള്ളിയിംഗ് ഓകെയാണെന്ന് വിചാരിക്കുന്ന ചിലയാളുകൾക്ക് വേണ്ടിയാണ് ഞാൻ ഇത് പറയുന്നത്. ധാരാളം ക്രിയേറ്റേഴ്സിന് ഇതുപോലെയുള്ള റെസ്പോൺസ് കൊടുക്കാൻ പേടിയാണ്, കാരണം അവരുടെ ഉപജീവനം സിനിമയെ ആശ്രയിച്ചാണ്, പക്ഷേ എനിക്ക് അങ്ങനെയല്ല.

അനീതി കണ്ടാൽ പറയേണ്ടതുണ്ട്, നിക്ക് നെയിംസ് ഉപയോഗിച്ചും സർക്കാസ്റ്റിക് രീതിയിലും ആരേയും പരിഹസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സീനിയർ നടന്മാരായ ലാൽ, അനൂപ് മേനോൻ ഇവരോട് കോക്ക് റിവ്യൂവർ കാണിച്ച അനാദരവ് നോക്കൂ. നാടോടിക്കാറ്റും പകൽനക്ഷത്രങ്ങളും ബ്യൂട്ടിഫുള്ളും ഒക്കെ അടക്കം ഒട്ടേറെ നല്ല സിനിമകൾ നമുക്ക് തന്ന ഗിഫ്റ്റ‍ഡ് ആയിട്ടുള്ള ആർടിസ്റ്റുകളാണ് അവർ. അവർ നമ്മളെപോലൊരു ടീമിനെ സപ്പോർട്ട് ചെയ്യാൻ മുന്നോട്ടുവന്നതാണ്, ഈ ന്യൂ ആർട്ട് ഫോമിനൊപ്പം അവർ പിന്തുണയുമായി നിന്നു. പൊതുജനസമക്ഷം അവരെ മോക്ക് ചെയ്യുമ്പോൾ അത് ആ റിവ്യൂവറുടെ സ്വാഭാവത്തെയാണ് തുറന്ന് കാണിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ഇത്. അതൊരു സമൂഹമെന്ന നിലയിൽ നമ്മളെ വളർത്തില്ല. നൂറ് വർഷം മുമ്പ് ജസ്റ്റിസ് ഫോർ ഓൾ, വുമൺ റൈറ്റ്സ്, എൽജിബിടിക്യു ഇവയെ കുറിച്ചൊക്കെ സംസാരിക്കുമ്പോൾ എന്തിനാണ് ഇതൊക്കെ സംസാരിക്കുന്നതെന്ന് അന്നത്തെ ആളുകൾ ചോദിച്ചിട്ടുണ്ടല്ലോ. അതിൽ നിന്നൊക്കെ നമ്മൾ റിക്കവർ ചെയ്ത് ഇവിടെ വരെ എത്തിയില്ലേ. അടിമത്തവും തൊട്ടുകൂടായ്മയും തുടങ്ങിയ ഒത്തിരി പരിപാടികൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നല്ലോ, അതുപോലെ തന്നെയാണ് ഈ ട്രോളിംഗ്, ബുള്ളിയിംഗ് ഇൻ പബ്ലിക്, ബോഡി ഷെയിംമിഗ്, പബ്ലിക് ഹ്യുമിലൈസൈഷൻ ഒക്കെ ഞാൻ കാണുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം പ്രവണതകൾ മാറേണ്ടതുണ്ട്.

ട്രോളിംഗിലൂടെ ക്ലിക് ബെയ്റ്റ് ഉണ്ടാക്കി, അതിൽ നിന്നൊരു വരുമാനം ഉണ്ടാക്കി, അയാൾ ചെയ്യുന്നത് എന്ത് തരം റിവ്യൂവിങ് ആണെന്ന് മനസ്സിലാകുന്നില്ല. പുരോഗമന സമൂഹം ഇത്തരം ട്രോളിംഗ് തള്ളിക്കളയണം. അയാളെപോലെയുള്ളവർ മറക്കപ്പെടും. ഞാൻ ചെക്ക് മേറ്റിൽ വിശ്വസിക്കുന്നു. റെപ്യൂട്ടഡായ പല സൈറ്റുകളും ഓൺമനോരമ, ടൈംസ് നൗ, മാതുഭൂമി, ഏഷ്യാനെറ്റ്, സീ, ഉണ്ണിവ്ളോഗ്സ്, ക്ലാസ് ആക്ട് ചെക്ക് മേറ്റിനെ കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള ഫിലിം ക്രിട്ടിക്സ് ജൂറി അംഗങ്ങൾ പുരസ്കാരം നൽകി ചെക്ക് മേറ്റ് നായിക രേഖ ഹരീന്ദ്രനെ ആദരിച്ചു. നിരവധി ഫോൺകോളുകൾ എനിക്ക് ലഭിക്കുന്നുണ്ട്. ഇത്രയും നല്ല കാര്യങ്ങൾ ചുറ്റും കേൾക്കുമ്പോൾ അയാളെപ്പോലെയൊരാളെ ഞാൻ കാര്യമാക്കുന്നേയില്ല. ഇത് ഞാൻ പറയുന്നത് ഇതുപോലെയുള്ള നെഗറ്റീവ് കോക്ക് റിവ്യൂവേഴ്സ് കാരണം കുഴിയിലേക്ക് തള്ളപ്പെട്ട ആർടിസ്റ്റുകൾക്ക് വേണ്ടിയാണ്. അവർക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത് മോക്കറിയും കോമാളിത്തരവും അല്ലാത്ത കൺസ്ട്രക്ടീവ് ക്രിറ്റിസിസത്തെയാണ് നമ്മൾ പിന്തുടരേണ്ടത്. രതീഷ് ശേഖര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in