'സംസ്കൃതവും കഥകളിയും ഇവർക്ക് സംഘിചിഹ്നങ്ങൾ'; 'സലിം കുമാർ ചലച്ചിത്ര അക്കാദമിയെക്കുറിച്ചുള്ള പ്രതീക്ഷ വെടിയണം'; സംവിധായകൻ വിനോദ് മങ്കര

'സംസ്കൃതവും കഥകളിയും ഇവർക്ക് സംഘിചിഹ്നങ്ങൾ'; 'സലിം കുമാർ ചലച്ചിത്ര അക്കാദമിയെക്കുറിച്ചുള്ള പ്രതീക്ഷ വെടിയണം'; സംവിധായകൻ വിനോദ് മങ്കര
Published on

ചിലരുടെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുവാനാണ് കേരള ചലച്ചിത്ര അക്കാദമി നിലകൊള്ളുന്നതെന്ന് സംവിധായകൻ വിനോദ് മങ്കര. കേരളത്തിലെ അക്കാദമികളിൽ ഇത്രയും മോശമായി പ്രവർത്തിക്കുന്ന മറ്റൊരു അക്കാദമിയുമില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. സംസ്കൃതവും കഥകളിയും ഉണ്ണായിവാര്യരുമൊക്കെ ആക്കാദമിയിലുള്ളവർക്കു സംഘിചിഹ്നങ്ങളാണെന്നും പി.ആർ.ഡി യിലെ സംവിധായകരുടെ പാനലിനെ നോക്കുകുത്തിയാക്കി കോർപ്പറേറ്റുകൾക്ക് ചലച്ചിത്ര നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്ന പ്രവണതയാണ് ഇപ്പോൾ അക്കാദമിയിൽ നടക്കുന്നതെന്നും ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പരാമർശിച്ചു. ഷാജി എൻ കരുണും സലിം കുമാറും ചലച്ചിത്ര അക്കാദമിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ അനുകൂലിച്ചുകൊണ്ടുള്ള കുറിപ്പാണ് വിനോദ് മങ്കര പങ്കുവെച്ചിരിക്കുന്നത്.

വിനോദ് മങ്കരയുടെ ഫേസ്ബുക് കുറിപ്പ്

ഈ ചലച്ചിത്ര അക്കാദമി കലാകാരൻമാരെ എന്നാണ് അവഹേളിക്കാതിരുന്നിട്ടുള്ളത്? കേരളത്തിലെ അക്കാദമികളിൽ ഇത്രയും മോശമായി പ്രവർത്തിക്കുന്ന മറ്റൊന്നില്ല. ചിലരുടെ താത്പര്യങ്ങൾ നടപ്പിലാക്കാൻ മാത്രമാണ് ഈ സ്ഥാപനം എന്നും നിലനിന്നിട്ടുള്ളത്. അക്കാദമി നടത്തുന്ന ചലച്ചിത്ര മേളയായാലും ഡോക്യുമെൻററി മേളയായാലും സംസ്ഥാന - ടെലിവിഷൻ അവാർഡ് ആയാലും ഇതു തന്നെയാണ് എന്നും നടന്നിട്ടുള്ളത്. അക്കാദമി നിശ്ചയിക്കുന്ന ജൂറികളിൽ നിരന്തരമായി പ്രത്യക്ഷപ്പെടുന്ന ചില മുഖങ്ങൾ തന്നെ ഇതിന് ഉദാഹരണം. വളരെക്കാലം മുമ്പ് ഒരു ഡോക്യുമെൻററി ജൂറിയിൽ ഇരുന്നപ്പോൾ അക്കാദമിയുടെ നെറികേടുകൾ മനസ്സിലായതാണ്.

തിരുവനന്തപുരത്തെ ഒരു സംവിധായകൻ്റെ ചിത്രം കുത്തികേറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഞങ്ങൾ ജൂറി അംഗങ്ങൾ അതിന് തയ്യാറായില്ല. എന്നാൽ ഞങ്ങൾ കൊടുത്ത ലിസ്റ്റിൽ ഇല്ലാത്ത ആ ചിത്രം ഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. അന്നുതൊട്ട് എന്നെ ഒരു ജൂറിയിലും വിളിക്കാറില്ല. ഒരിക്കൽ പോലും അക്കാദമിയുടെ പരിപാടികളിൽ ക്ഷണിക്കാറില്ല. മത്സരത്തിനയക്കുന്ന എൻ്റെ ചിത്രങ്ങളെ അവഗണിക്കാറാണ് പതിവ്. ദേശീയ അവാർഡുകൾ, സംസ്ഥാന അവാർഡുകൾ, ടെലിവിഷൻ അവാർഡുകൾ, കേരള കലാമണ്ഡലം അവാർഡുകൾ (ഇതെല്ലാം സർക്കാർ അവാർഡുകകളായിട്ടും) എന്നിവ നേടിയിട്ടും ചലച്ചിത്ര അക്കാദമിയുടെ ഒരു വേദിയിലേക്കും ഇതുവരെ ക്ഷണിച്ചിട്ടില്ല. ലോക ശ്രദ്ധ നേടിയ "പ്രിയമാനസം" എന്ന സംസ്കൃത ചിത്രത്തെ തഴഞ്ഞ ഏകസ്ഥാപനവും ഇതേ ചലചിത്ര അക്കാദമി.(സംസ്കൃതം, കഥകളി, ഉണ്ണായിവാരിയർ - ഇതൊക്കെ സംഘിചിഹ്ന്നങ്ങളാണത്രേ) അക്കാദമിക്കു താത്പര്യമുള്ളവർക്കു മാത്രമാണ് ഡോക്യുമെൻററി നിർമ്മാണത്തിനും ലോഗോ നിർമ്മാണത്തിനും ഫണ്ടുകൾ അനുവദിച്ചിട്ടുള്ളത്.

ഇതിനൊക്കെ പുറമേ, മറ്റൊരു ഭാഷയിൽ സെൻസർ ചെയ്ത ചിത്രത്തിന് മലയാള ചലച്ചിത്ര അവാർഡുകൾ നൽകി പുരസ്ക്കരിച്ചതും ഇതേ നെറികെട്ട അക്കാദമി തന്നെ. സർക്കാറിൻ്റെ കീഴിലെ പി.ആർ.ഡി യിലെ സംവിധായകരുടെ പാനലിനെ നോക്കുകുത്തിയാക്കി കോർപ്പറേറ്റുകൾക്ക് ചിത്ര നിർമ്മാണത്തിന് വലിയ ഫണ്ട് അനുവദിക്കുന്നതിൻ്റെ മറ്റൊരു വശം തന്നെ ഈ അക്കാദമിയിലും നടക്കുന്നത്. എത്രയോ നല്ല ചിത്രങ്ങളെ ഇവർ തമസ്ക്കരിച്ചിരിക്കുന്നു! എത്രയോ ചലചിത്ര പ്രവർത്തകരെ ഇവർ അപമാനിച്ചിരിക്കുന്നു! ഞങ്ങൾ കൂട്ടുകാർ തമാശക്ക് പറയാറുണ്ട്; അക്കാദമി നിശ്ചയിക്കുന്ന ജൂറികൾ പൂജപ്പുരക്കു ചുറ്റുമുള്ളവരാണെന്ന്. എന്നാൽ പറഞ്ഞു പറഞ്ഞാണോ എന്നറിയില്ല അത് സത്യമായെന്നാണ് തോന്നുന്നത്.

ഇത്രയും നെറികേടുകൾ കലാകാരൻമാരോട് കാണിക്കുന്ന ചലച്ചിത്ര അക്കാദമിയെ സാംസ്ക്കാരിക വകുപ്പും വകുപ്പു മന്ത്രിയും ഇതുവരെ മുതിർന്നില്ല എന്നത് കഷ്ടം തന്നെ. പ്രഖ്യാപിച്ച ഹ്രസ്വചിത്രങ്ങൾക്കുള്ള സബ്സിഡി വരെ കൊടുക്കാത്ത വകുപ്പിൽ നിന്നും ഇനിയെന്തു പ്രതീക്ഷിക്കാൻ? ചലചിത്ര അക്കാദമി ഷാജി എൻ കരുണിനോടും സലിം കുമാറിനോടും കാണിച്ച നെറികേടുകളിൽ ഒട്ടും പുതുമയില്ല. ഈ സ്ഥാപനത്തിൽ നിന്നും മറിച്ച് പ്രതീക്ഷിക്കാൻ പോയതാണ് തെറ്റ്. ഇപ്പോൾ ഈ സ്ഥാപനത്തിൻ്റെ തലപ്പത്തുള്ളവർക്ക് തോന്നിയത് അവർ ചെയ്യും. വ്യക്തി താത്പര്യത്തിനനുസരിച്ച് കുഴലൂത്തുകാരെ സംരക്ഷിക്കലാണ് അക്കാദമിയിൽ കുറച്ചു കാലമായി നടക്കുന്നത്. ഇടതുപക്ഷ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് മന്ത്രിക്ക് കത്തെഴുതിയ ചെയർമാനുള്ളത് ഇതേ അക്കാദമിയിലാണ്. അന്താരാഷ്ട്ര തലത്തിൽ മലയാളത്തിൻ്റെ യശസ്സുയർത്തിയ ഷാജി എൻ കരുണിനെ പോലുള്ള വ്യക്തികൾ ഇവർക്ക് പുല്ലാണ്. അവാർഡ് കിട്ടാൻ ജൂറിയെ നിശ്ചയിച്ചാൽ മതി എന്ന് മുമ്പ് വി.കെ.എൻ പറഞ്ഞത് ഈ അക്കാദമിയെ കുറിച്ചാവുമോ? എന്തൊരു ദീർഘവീക്ഷണം! ഈ നെറികെട്ട സ്ഥാപനത്തെക്കുറിച്ച് ഇനിയൊരിക്കലും പറയില്ല എന്നു തീരുമാനിച്ചതായിരുന്നു. ആത്മഗതം ഉച്ചത്തിലായതിൽ ക്ഷമ. ഷാജി സാറും സലീംകുമാറും ഈ സ്ഥാപനത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വെടിയണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in