മദ്യക്കുപ്പിയും വയലൻസും ബ്ലർ ചെയ്താലും കാര്യമില്ല, സെൻസർ ബോർഡ് തീരുമാനം അടിമുടി അവ്യക്തമെന്ന് ഫെഫ്ക

മദ്യക്കുപ്പിയും വയലൻസും ബ്ലർ ചെയ്താലും കാര്യമില്ല, സെൻസർ ബോർഡ് തീരുമാനം അടിമുടി അവ്യക്തമെന്ന് ഫെഫ്ക
Published on

സിനിമകളില്‍ ഉപയോഗിച്ച് വരുന്ന ബ്ലര്‍ ( ദൃശ്യങ്ങളെ മങ്ങലോടെ കാണിക്കുക ) എന്ന സിനിമയുടെ എഡിറ്റിംഗ് രീതിയെ മാറ്റാന്‍ ഒരുങ്ങി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി ). വയലന്‍സ് ദൃശ്യങ്ങള്‍ , മദ്യപാന രംഗങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉള്ളതും എന്നാല്‍ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാന്‍ സംവിധായകര്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ ബ്ലര്‍ ചെയ്ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ലെന്നും ഫെഫ്ക ഡറക്ടര്‍സ് യൂണിയന്‍ അവരുടെ ഫേസ്ബുക്കില്‍ കുറിച്ചു.

'ജാക്‌സണ്‍ ബസാര്‍ യൂത്ത്' എന്ന ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷനായി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചപ്പോള്‍ ബ്ലര്‍ ചെയ്ത ദൃശ്യങ്ങള്‍ ഇനി മുതല്‍ അനുവദിക്കില്ലെന്ന നിര്‍ദേശമാണ് ലഭിച്ചത്. മദ്യം ബ്രാന്‍ഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴിവാക്കണമെന്നാണോ അവര്‍ ഉദ്ദേശിച്ചത് എന്ന് സിനിമാ പ്രവര്‍ത്തകര്‍ക്ക് മനസിലായിട്ടില്ല, ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഒരു നിര്‍ദേശവും സെന്‍സര്‍ബോര്‍ഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ജി.എസ് വിജയന്‍ ദി ഫോര്‍ത്തിനോട് പറഞ്ഞു.

ഫെഫ്കയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രിയ അംഗങ്ങളെ ,

നമ്മുടെ സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലയുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി) ഒരു തീരുമാനം അനൗദ്യോഗികമായി എടുക്കുകയും , അത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന വളരെ അടിയന്തിര സ്വഭാവമുള്ള ഒരു വിവരം അറിയിക്കാനാണ് ഈ കത്ത് .സൗന്ദര്യാത്മകമായും സാങ്കേതികപരമായും നമ്മള്‍ പരക്കെ ഉപയോഗിച്ചു വരുന്ന ബളര്‍ ( ദൃശ്യങ്ങളെ മങ്ങലോടെ കാണിക്കുക ) എന്ന സിനിമയുടെ എഡിറ്റിങ്ങ് ഭാഷാ പ്രയോഗത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന ഒരു തീരുമാനം വ്യക്തവും ലിഖിതവുമായ ഒരു ഉത്തരവില്ലാതെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സ്വമേധയാ കൈക്കൊണ്ടിരിക്കുകയാണ്.

വയലന്‍സ് ദൃശ്യങ്ങള്‍ , മദ്യപാന രംഗങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഉള്ളതും എന്നാല്‍ അതിന്റെ തീവ്രത നേരിട്ട് പ്രേക്ഷകരെ കാണിക്കാന്‍ സംവിധായകര്‍ മടിക്കുന്നതുമായ കാര്യങ്ങള്‍ ബ്ലര്‍ ചെയ്ത് കാണിച്ചുവരുന്ന സമ്പ്രദായത്തെ ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിക്കുന്നില്ല . ഫെഫ്ക ജനറല്‍ സെക്രട്ടറി ശ്രീ ബി ഉണ്ണികൃഷ്ണന്‍ പ്രസ്തുത വിഷയത്തിലുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ ആശങ്കയും എതിര്‍പ്പുമറിയിച്ച് ഉത്തരവാദപ്പെട്ടവരുമായി ചര്‍ച്ച ചെയ്തുവരികയാണ്.നേരത്തെ തീരുമാനിക്കപ്പെട്ട റിലീസിങ്ങ് തിയ്യതിയുമായി സിനിമ സെന്‍സര്‍ ചെയ്യാന്‍ പോകുന്നവരാണ് നമ്മള്‍ സംവിധായകര്‍ . പുതിയ സിനിമകളുമായി സെന്‍സറിങ്ങിന് സമീപിക്കുന്ന എല്ലാ സംവിധായകരും മേല്‍പ്പറഞ്ഞ വിഷയങ്ങള്‍ അറിയണമെന്നും , ആവശ്യമായ ജാഗ്രത പുലര്‍ത്തണമെന്നും ഇതിനാല്‍ അറിയിക്കുന്നു.

തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലെന്നും ആ സാഹചര്യത്തിലാണ് ഫെഫ്ക അംഗങ്ങളുടെ ശ്രദ്ധക്കായി കുറിപ്പ് ഇറക്കിയതെന്നും ജി.എസ് വിജയന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in