ഛായാഗ്രഹകന്‍ സാനു ഇനി സംവിധായകൻ, നിർമ്മാണം സന്തോഷ് ടി കുരുവിള

ഛായാഗ്രഹകന്‍ സാനു ഇനി സംവിധായകൻ, നിർമ്മാണം സന്തോഷ് ടി കുരുവിള
Published on

വിശ്വരൂപം', 'വസീര്‍', 'ടേക്ക് ഓഫ്' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. സാനു സംവിധായകനായി എത്തുന്ന ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് സുഹൃത്തായ സന്തോഷ് ടി കുരുവിളയാണ്. ആത്മ സുഹൃത്തുമൊത്ത് ഒരു സിനിമ എന്ന ഏറെ നാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു എന്ന് സന്തോഷ് ടി കുരുവിള കുറിച്ചു. അടുത്തുതന്നെ ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് അറിയിച്ചു. മുമ്പ് സന്തോഷ് ടി കുരുവിള നിര്‍മ്മാതാവായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആയിരുന്നു.

ശ്യാമപ്രസാദ് ചിത്രം 'ഇലക്ട്ര'യിലൂടെയാണ് ഛായാഗ്രാഹകനായി സാനു ജോണ്‍ വര്‍ഗീസ് തുടക്കം കുറിച്ചത്. ടേക്ക് ഓഫ് കൂടാതെ, മഹേഷ് നാരായണന്‍ ചിത്രം സീ യൂ സൂണിനും വരാനിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമായ 'മാലിക്കി'നും സാനു തന്നെയാണ് ഛായാഗ്രഹണം.

സന്തോഷ് ടി കുരുവിളയുടെ കുറിപ്പ്:

ഇത് ആഹ്ലാദത്തിന്റെ കൊടുമുടി !

സ്‌കൂള്‍ കാലഘട്ടത്തിലെ സൗഹൃദത്തിന് ഇരട്ടി മധുരം പകര്‍ന്ന് ഞാനും എന്റെ ആത്മ സുഹൃത്ത് #സാനുജോണ്‍വര്‍ഗ്ഗീസും ചേര്‍ന്ന്

‘ഒരുമിച്ചൊരു സിനിമ‘ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു,

സിനിമ രംഗത്ത് എത്തിയ ഘട്ടം മുതല്‍ ഞങ്ങള്‍ രണ്ടും പേരും ചേര്‍ന്ന് ഒരു ചലച്ചിത്രം ഒരുക്കുക എന്നതിന് പലവട്ടം പരിശ്രമിച്ചിരുന്നു,

പക്ഷെ സാനു ജോണ്‍ വര്‍ഗ്ഗീസ് എന്ന ഛായാഗ്രഹകന്റെ ഹിന്ദി, തെലുങ്ക്, തമിഴ് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളിലെ തിരക്ക് ഒരു വലിയ തടസ്സമായ് തന്നെ നിലനിന്നു, ഇതിനിടെ, ഞാന്‍ നിര്‍മ്മാതാവായ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍‘ എന്നചിത്രത്തിന്റെ ക്യാമറ അദ്ദേഹം ചലിപ്പിച്ചു,

ഇപ്പോള്‍ ,ഇതാ ഉടന്‍ ചിത്രീകരണം ആരംഭിയ്ക്കാന്‍ പോവുന്ന ചിത്രത്തിന്റെ സംവിധായകന്റെ റോളിലാണ് സാനു ജോണ്‍ വര്‍ഗ്ഗീസ് എത്തുന്നത്, സിനിമയുടെ നിര്‍മ്മാതാവാകുക എന്നത് തന്നെയാണ് എന്റെ നിയോഗം, ഇതിന് പെട്ടെന്നൊരു അവസരം കൈവന്നതിന് കാരണവും കോവിഡ് 19നാണ്, മഹാമാരിയുടെ തുടക്കത്തില്‍ തന്നെ മുംബൈയില്‍ നിന്നും നിര്‍ബന്ധിതമായ് നാട്ടിലെത്തേണ്ട സാഹചര്യം അദ്ദേഹത്തിനുണ്ടായ് എന്നത് ഒരു ചിരകാല അഭിലാഷത്തിന്റെ സാക്ഷാത്കാരത്തിന് തുണയായ്, അതെ കോട്ടയത്തിന്റെ മണ്ണില്‍ നിന്ന് ഈ നാടിന്റെ പശ്ചാത്തലത്തില്‍ തന്നെ കോട്ടയം കാരായ ഞങ്ങളിരുവരുടേയും ഏറെക്കാലത്തെ ത്രില്ലിന് നിറം നല്‍കുകയാണ് ,

തിരക്കഥ പൂര്‍ത്തിയായ് ,ലൊക്കേഷന്‍ കോട്ടയത്ത് തന്നെ, മൂണ്‍ ഷോട്ട് എന്റര്‍ന്റെയിന്‍ മെന്‍സിന്റെ ബാനറില്‍ തന്നെയാണ് നിര്‍മ്മാണം, ക്യാമറ റോള്‍ ചെയ്ത് തുടങ്ങാന്‍ ഏതാനും ദിവസം കൂടി.

Related Stories

No stories found.
logo
The Cue
www.thecue.in