സി.ബി.ഐ സീരീസിലെ അഞ്ചാം പതിപ്പായ സി.ബി.ഐ 5, ദ ബ്രെയ്നിന്റെ ടീസർ പുറത്ത്. നേരറിയാൻ സി.ബി.ഐ ഇറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് പുതിയ ചിത്രം വരുന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ചിത്രത്തിന്റെ നിർമ്മാണം. എസ്. എൻ സ്വാമിയുടെ തിരക്കഥയ്ക്ക്, കെ മധുവാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാന്ധി കുടുംബത്തിലെ മരണങ്ങളെ കുറിച്ച് പറയുന്ന സേതുരാമയ്യരുടെ വോയിസ് ഓവറിലാണ് ടീസർ തുടങ്ങുന്നത്. മറ്റ് സിബിഐ ചിത്രങ്ങൾ പോലെ തന്നെ കൊലപാതകങ്ങളും അതിന്റെ ചുരുളഴിക്കലുമാണ് സിബിഐ 5 എന്ന് തോന്നിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.
1988 ലാണ് സി.ബി.ഐ സീരീസിലെ ആദ്യ ചിത്രം ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങുന്നത്. CBI ഒരു കേസ് അന്വേഷിക്കാൻ വരുന്നതിനുള്ള സാഹചര്യങ്ങളും സന്ദർഭങ്ങളും തയ്യാറാക്കാൻ എസ്.എൻ സ്വാമിയെ സഹായിച്ചത് അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച പോളക്കുളം കൊലപാതക കേസ് ആയിരുന്നു. അന്ന് കേസ് അന്വേഷിച്ച് പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ട് വന്നത് സി ബി ഐ ആയിരുന്നു. ആ സംഭവത്തിൽ നിന്നും കിട്ടിയ സ്പാർക്കിൽ നിന്നാണ് എസ് എൻ സ്വാമി ഒരു സി ബി ഐ ഡയറികുറിപ്പ് എഴുതി തുടങ്ങിയത്.
കേരളത്തിന് പുറമെ തമിഴ് നാട്ടിലും ഒരു സി ബി ഐ ഡയറികുറിപ്പിനു ലഭിച്ച സ്വീകാര്യത വളരെ വലുതായിരുന്നു. മദ്രാസിലെ സഫയർ തീയേറ്ററിൽ 245 ദിവസം ആണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. അതിനു ശേഷം 2015 ഇൽ റിലീസ് ചെയ്ത പ്രേമം ആണ് 250 ദിവസത്തിനു മുകളിൽ തമിഴ്നാട് പ്രദർശിപ്പിച്ചു ആ റെക്കോർഡ് മറികടന്നത്. പിന്നീട് 34 വർഷങ്ങൾക്കിപ്പുറം അഞ്ചാമത്തെ ഭാഗമായി വരുമ്പോഴും സിബിഐക്ക് വേണ്ടി കാത്തിരിക്കാൻ പാകത്തിന് പ്രേക്ഷകരെ തയ്യാറാക്കിയതിൽ സേതുരാമയ്യർ എന്ന കഥാപാത്രത്തിനും വലിയ പ്രാധാന്യമുണ്ട്.
മമ്മൂട്ടിയെ കൂടാതെ മുഖേഷ്, സായികുമാർ, ദിലീഷ് പോത്തൻ, ആശാ ശരത്, രഞ്ജി പണിക്കർ, സുദേവ് നായർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്രീകാർ പ്രസാദാണ്. അഖിൽ ജോർജാണ് ഛായാഗ്രഹണം. നീണ്ട ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ ക്യാമറക്ക് മുന്നിൽ വരുന്നുവെന്ന പ്രത്യേകതയും സിബിഐ 5നുണ്ട്.