ഇന്ന് വരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ത്രില്ലറായിരിക്കും, പുതിയ സിബിഐയിലെ മാറ്റങ്ങളെക്കുറിച്ച് എസ് എന്‍ സ്വാമി

ഇന്ന് വരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ത്രില്ലറായിരിക്കും, പുതിയ സിബിഐയിലെ മാറ്റങ്ങളെക്കുറിച്ച് എസ് എന്‍ സ്വാമി
Published on

കൊവിഡ് സൃഷ്ടിച്ച സ്തംഭനാവസ്ഥയില്ലെങ്കില്‍ ജൂലൈയില്‍ ചിത്രീകരണം പുരോഗമിക്കേണ്ട മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ അഞ്ച്. മമ്മൂട്ടിയുടെ സിബിഐ സീരീസിലെ അഞ്ചാം സിനിമ. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ സംവിധായകന്‍ കെ മധു സേതുരാമയ്യര്‍ എന്ന സിബിഐ ഓഫീസര്‍ക്കൊപ്പം അഞ്ചാം വട്ടമെത്തുമ്പോള്‍ താരനിരയില്‍ കാര്യമായ മാറ്റമുണ്ട്. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ ആദ്യം ചിത്രീകരിക്കുന്ന മമ്മൂട്ടി ചിത്രവുമാണ് സിബിഐ അഞ്ച്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മ്മാണം.

ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളും അന്വേഷണവുമാകും സിനിമയുടേതെന്ന് എസ് എന്‍ സ്വാമി. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ത്രില്ലറാകും സിബിഐ ഫൈവ് എന്ന് എസ് എന്‍ സ്വാമി ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുന്‍നിര്‍ത്തിയാണ് സിബിഐ ഫൈവ് എന്ന് സ്വാമി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാനാകുന്ന സിനിമയല്ലെന്നും ആള്‍ക്കൂട്ടവും നിരവധി ഔട്ട്‌ഡോര്‍ ലൊക്കേഷനുകളും ആവശ്യമുള്ളതിനാല്‍ സിനിമ ഉടന്‍ ചിത്രീകരിക്കുന്ന കാര്യം ചിന്തിക്കുന്നില്ലെന്നും എസ് എന്‍ സ്വാമി ദ ക്യു' അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയുവാൻ സാധിക്കും മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലറാകും ചിത്രം. സേതുരാമയ്യർ സിബിഐയും സംഘവും തന്നെയാണ് ചിത്രത്തിന്റെയും ഹൈലയ്റ്റ്.

എസ് എന്‍ സ്വാമി

സായ്കുമാര്‍, മുകേഷ് എന്നിവര്‍ക്കൊപ്പം രഞ്ജി പണിക്കര്‍ ഇക്കുറി സിബിഐ സംഘത്തിനൊപ്പമുണ്ടാകും. ജഗതി ശ്രീകുമാറിനെ ചിത്രത്തില്‍ കഥാപാത്രമായി കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഗീത സംവിധായകനായി ശ്യാമിന് പകരം ജേക്‌സ് ബിജോയ് എത്തുമെന്നാണ് സൂചന. സേതുരാമയ്യര്‍ക്കൊപ്പം എവര്‍ഗ്രീന്‍ ഹിറ്റായ സിബിഐ തീം മ്യൂസിക് ഭേദഗതികളോടെ ചിത്രത്തിലുണ്ടാകുമെന്നും അറിയുന്നു.

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുക്കുന്ന ഏക സിനിമയുമാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്. ദേശീയ അന്വേഷണ ഏജന്‍സിയുടെ ആദ്യ മേധാവിയായിരുന്ന രാധാവിനോദ് രാജുവിനെ മാതൃകയാക്കിയാണ് സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് എസ് എന്‍ സ്വാമി രൂപം നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എണ്‍പതുകളില്‍ സിബിഐ ഓഫീസറായി രാധാവിനോദ് രാജു കേരളത്തിലുണ്ടായിരുന്നു. പോളക്കുളം കൊലക്കേസ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും രാധാവിനോദ് രാജു ആയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in