'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ അർപ്പണ ബോധമുള്ള മറ്റൊരു നടൻ അക്ഷയ് കുമാർ ആണ്'; പുതിയ ചിത്രം ഭൂത് ബംഗ്ലയെക്കുറിച്ച് പ്രിയദർശൻ

'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ അർപ്പണ ബോധമുള്ള മറ്റൊരു നടൻ അക്ഷയ് കുമാർ ആണ്'; പുതിയ ചിത്രം ഭൂത് ബംഗ്ലയെക്കുറിച്ച് പ്രിയദർശൻ
Published on

അക്ഷയ് കുമാറിനൊപ്പമുള്ള പുതിയ ചിത്രത്തെക്കുറിച്ച് പ്രിയദർശൻ. അക്ഷയ് കുമാറിനൊപ്പം ചേർന്ന് താൻ ചെയ്യുന്ന സിനിമകളെല്ലാം ഹിറ്റാണെന്നും പതിനാല് വർഷത്തിനൊപ്പം വീണ്ടും ഒരുമിച്ചെത്തുമ്പോൾ അത് വിജയിക്കുമെന്നാണ് താൻ കരുതുന്നതെന്നും പ്രിയദർശൻ പിടിഎ യോട് സംസാരിക്കവേ പറഞ്ഞു. അക്ഷയ് കുമാർ കോമഡി റോളുകൾ ചെയ്യാൻ കാരണം താനാണെന്ന് പലരും പറായാറുണ്ടെന്നും എന്നാൽ താൻ അത് വിശ്വസിക്കുന്നില്ലെന്നും പ്രിയദർശൻ പറയുന്നു. അദ്ദേഹത്തിന്റെ നർമ ബോധത്തെ ചൂഷണം ചെയ്യുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അമിതാഭ് ബച്ചന് ശേഷം വളരെ അച്ചടക്കം പാലിക്കുന്നൊരു നടൻ അക്ഷയ് കുമാർ ആണെന്നും പ്രിയദർശൻ പറഞ്ഞു.

പ്രിയദർശൻ പറഞ്ഞത്:

ഞാൻ അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളെല്ലാം സൂപ്പർ ഹിറ്റാണ്. ആളുകൾ പറയുന്നത് അക്ഷയ് കോമഡി റോളുകൾ ചെയ്യാൻ കാരണം ഞാൻ ആണ് എന്നാണ്. പക്ഷേ ഞാൻ അത് വിശ്വസിക്കുന്നില്ല. ഞാൻ അദ്ദേഹത്തിന്റെ നർമ ബോധത്തെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾ പതിനാല് വർഷത്തിന് ശേഷമാണ് ഒരുമിക്കുന്നത്. അത് വർക്ക് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത് വെല്ലുവിളിയാണ് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുമോയെന്ന് എനിക്ക് അറിയില്ല, പക്ഷേ കഴിവിന്റെ പരമാവധി അതിന് വേണ്ടി ഞാൻ ശ്രമിക്കും. വളരെ അച്ചടക്കമുള്ള നടനാണ് അക്ഷയ്. അമിത് ജിയ്ക്ക് ശേഷം (അമിതാഭ് ബച്ചൻ) അർപ്പണബോധവും കൃത്യ സമയത്ത് സെറ്റിൽ വരികയും ചെയ്യുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം. സംവിധായകൻ പറയുന്നത് കേൾക്കാൻ അദ്ദേഹം എപ്പോഴും തയ്യാറാണ്.

ഭൂത് ബംഗ്ല എന്നാണ് അക്ഷയ് കുമാർ പ്രിയദർശൻ ചിത്രത്തിന്റെ പേര്. അക്ഷയ് കുമാര്‍, ശോഭ കപൂര്‍, ഏക്ത കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം 2025 ല്‍ പ്രദര്‍ശനത്തിനെത്തും. 2010 ൽ പ്രദർശനത്തിനെത്തിയ ഖട്ടാ മീട്ടായാണ് പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒടുവിലത്തെ ചിത്രം. ഖട്ടാ മീട്ടായ്ക്ക് ശേഷം അക്ഷയ് കുമാറുമായി നിരവധി പ്രൊജക്ടുകൾ ചർച്ച ചെയ്തിരുന്നു എന്നാൽ ഒന്നും നടന്നിരുന്നില്ല എന്നും ഇനി വരാൻ പോകുന്ന ചിത്രം ഒരു കോമിക്ക് ഫാന്റസി വിഭാ​ഗത്തിൽ ഉൾപ്പെട്ട ചിത്രമായിരിക്കുമെന്നും മുമ്പ് ബോളിവുഡ് ഹം​ഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞിരുന്നു.

പ്രിയദർശന്റെ സംവിധാനത്തിൽ അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ ഹേരാ ഫേരി അക്ഷയ് കുമാറിന് താരപരിവേഷം സമ്മാനിക്കാൻ സഹായിച്ച ചിത്രങ്ങളിലൊന്നായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഖട്ടാ മീട്ടാ എന്ന ചിത്രം.'ഹേരാ ഫേരി', 'ഭൂൽ ഭുലയ്യ', 'ഗരം മസാല' തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാർ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങളായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in