കൊവിഡും ലോക്ക് ഡൗണും മൂലം സിനിമാ മേഖല സ്തംഭിച്ചപ്പോള്‍ പരീക്ഷണ സാധ്യതകളിലൂടെയും, പ്രോട്ടോക്കോള്‍ പാലിച്ചും ചിത്രീകരിച്ച സിനിമയാണ് മഹേഷ് നാരായണന്റെ' സീ യു സൂണ്‍'. മികച്ചൊരു ത്രില്ലറായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് സൂചന നല്‍കുന്നതാണ് 'സീ യു സൂണ്‍' എന്ന സിനിമയുടെ ട്രെയിലര്‍.
ആമസോണ്‍ പ്രൈം സെപ്തംബര്‍ ഒന്നിന് സീ യു സൂണ്‍ പ്രിമിയര്‍ ചെയ്യും. ഫഹദ് ഫാസിലും, റോഷന്‍ മാത്യുവും ദര്‍ശനാ രാജേന്ദ്രനും ചിത്രത്തിലെ കഥാപാത്രങ്ങളാണ്. ഇവര്‍ക്കൊപ്പം സൈജു കുറുപ്പ്, മാലാപാര്‍വതി എന്നിവരുമുണ്ട്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ ഫഹദാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'മാലിക്' എന്ന ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലര്‍ ഏപ്രില്‍ റിലീസായി എത്താനിരിക്കെയാണ് കൊവിഡ് തിയറ്ററുകളെ ഉള്‍പ്പെടെ പ്രതിസന്ധിയിലാക്കിയത്. ഈ സാഹചര്യത്തിലാണ് മഹേഷ് 'സീ യു സൂണ്‍' എന്ന ചിത്രം പ്രഖ്യാപിച്ചത്. ഐ ഫോണ്‍ ക്യാമറ ഉപയോഗിച്ചും ഫഹദ് ഫാസിലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റ് പ്രധാന ലൊക്കേഷനാക്കിയുമാണ് സിനിമ പൂര്‍ത്തിയാക്കിയത്. പരിമിതികള്‍ അനുഭവപ്പെടുത്താതെ ത്രില്ലിംഗ് അനുഭവം ട്രെയിലറും സമ്മാനിക്കുന്നുണ്ട്.
കൊവിഡ് മൂലം പ്രതിസന്ധിയിലായ സിനിമകള്‍ പൂര്‍ത്തിയാക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിബന്ധനയുമായി തുടക്കത്തില്‍ മഹേഷ്-ഫഹദ് ചിത്രത്തിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. എന്നാല്‍ കൊവിഡ് കാലം സര്‍ഗാത്മകമായി വിനിയോഗിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയരുതെന്ന നിലപാടില്‍ ഫെഫ്ക ഈ സിനിമക്ക് പിന്തുണ പ്രഖ്യാപിച്ചു. പരീക്ഷണ ചിത്രമാണെന്നും ഒടിടി റിലീസാണെന്നും അറിയിച്ചതിന് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിലപാട് മാറ്റി. ഗോപിസുന്ദറാണ് സീ യു സൂണിന്റെ സംഗീത സംവിധാനം.
വീഡിയോ കോള്‍ സ്‌ക്രീനുകളിലും ചാറ്റ് സ്‌ക്രീനുകളിലുമായാണ് ട്രെയിലറിലെ മിക്ക രംഗങ്ങളും. കഥ പറച്ചിലിലും പുതിയ സാധ്യതകള്‍ തേടുന്ന ചിത്രമായിരിക്കും സീ യു സൂണ്‍ എന്നാണ് അറിയുന്നത്.
നസ്രിയാ നസിമും ഫഹദ് ഫാസിലും ചേര്‍ന്നാണ് നിര്‍മ്മാണം. പി.കെ ശ്രീകുമാര്‍ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. ഉത്തരാ കൃഷ്ണനാണ് അസോസിയേറ്റ് ഡയറക്ടര്‍. സബിന്‍ ഉരാളിക്കണ്ടിയാണ് ക്യാമറ. കുനാല്‍ രാജന്‍ ആണ് സൗണ്ട് ഡിസൈന്‍. ഷുക്കൂര്‍ അഹമ്മദ് കോസ്റ്റിയൂംസ്. അഖില്‍ ശിവനാണ് മേക്കപ്പ്. വിഎഫ്എക്‌സ് ശരത് വിനു. പോസ്റ്റര്‍ ഡിസൈന്‍ പപ്പനിസം.