മൾട്ടിവേഴ്സ് മാജിക്കുമായി 'എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസ്'; ബിഹൈൻഡ് ദ സീൻസ്

മൾട്ടിവേഴ്സ് മാജിക്കുമായി 'എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസ്'; ബിഹൈൻഡ് ദ സീൻസ്
Published on

ഡാനിയൽസ് എന്നറിയപ്പെടുന്ന ഡാൻ ക്വാനും, ഡാനിയേൽ ഷ്‌നൈഡറും സംവിധാനം ചെയ്ത് മിഷേൽ യോ പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ 'എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസ്' (Everything Everywhere All at Once) എന്ന സിനിമയാണ് സോഷ്യൽ മീഡിയയിൽ ആകമാനം സംസാര വിഷയമായിക്കൊണ്ട് ഇരിക്കുന്നത്. 2020 മാർച്ചിൽ ഷൂട്ടിംഗ് കഴിഞ്ഞ ചിത്രം 2 വർഷങ്ങൾക്ക് ശേഷമാണ് റിലീസാകുന്നത്.

ഈ വർഷം പുറത്തിറങ്ങിയ മികച്ച സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ചിരിക്കുകയാണ് 'എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസ്' (Everything Everywhere All at Once). സയൻസ് ഫിക്ഷനും, തമാശക്കും, ആക്ഷനുമൊപ്പം വളരെ വൈകാരികമായ ദൃശ്യാനുഭവവും സിനിമ നൽകുന്നു. മൾട്ടിവേഴ്സ് പ്രധാന തീമായി വരുന്ന ചിത്രം എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തി മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കു പുറകിലെ രസകരമായ ബിഹൈൻഡ് ദ സീൻസ് വാർത്തകൾ പുറത്തു വന്നിരിക്കുകയാണ്.

1. 'എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസി'നെ മികച്ചതാക്കുന്നതിൽ സിനിമയുടെ വിഷ്വൽ എഫക്ട്സിനും വലിയ പ്രാധാന്യമുണ്ട്. ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന വാർത്തകളനുസരിച്ച് സിനിമയുടെ വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് 5 പേരടങ്ങുന്ന ഒരു വിഎഫ്എക്സ് ടീമാണ്. വിഷ്വൽ എഫക്ട്സ് കോഴ്‌സുകളൊന്നും സ്‌പെഷലൈസ് ചെയ്ത് പഠിക്കാതെയാണ് 5 പേരും സിനിമയിൽ വിഷ്വൽ എഫക്ട്സ് ചെയ്തതെന്നത് കൗതുകകരമായ കാര്യമാണ്. സിനിമയുടെ വിഷ്വൽ എഫക്ട്സിനു വേണ്ടി ഒരു പ്രത്യേക സ്റ്റുഡിയോയൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ല. വീടിനുള്ളിൽ തന്നെയിരുന്നാണ് 5 പേരും അവരുടെ ജോലികൾ മികച്ചതാക്കിയത്.

2. പോക്കറ്റ് ക്യാമറയുമായി ന്യൂയോർക്കിൽ ചുറ്റിനടന്നാണ് സംവിധായകൻ ഡാൻ ക്വാൻ എവ്‌ലിൻ വ്യത്യസ്ത യൂണിവേഴ്‌സുകളിലൂടെ സ്വയം വലിച്ചെറിയുമ്പോൾ മിന്നിമറയുന്ന ചില രംഗങ്ങൾ ചിത്രീകരിച്ചത്. സിനിമയിലെ തന്നെ വളരെ പ്രധാനപ്പെട്ട രംഗങ്ങൾ വളരെ ഈസിയായി ചിത്രീകരിച്ചതാണെന്നത് അപ്രതീക്ഷിതമായ ബിഹൈൻഡ് ദ സീൻ വാർത്തയായിരുന്നു.

3. 'എവരിത്തിംഗ് എവരിവേർ ഓൾ അറ്റ് വൺസി'ന്റെ ഫസ്റ്റ് കട്ട് 2 മണിക്കൂർ 50 മിനുട്ടായിരുന്നു. സിനിമയുടെ എഡിറ്ററായ പോൾ റോജേഴ്‌സ് സിനിമയുടെ ദൈർഖ്യം കുറച്ചത് എങ്ങനെയാണെന്ന് പറയുകയുണ്ടായി.

"പൊതുവേ, 'ദൈവമേ, ഈ നിമിഷം വളരെ നല്ലതാണ്, പക്ഷേ അത് സിനിമക്ക് ഗുണം ചെയ്യുന്നില്ല' എന്ന് നിങ്ങൾ ചിന്തിക്കുന്ന ഒരുപാട് നിമിഷങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. ഒരുപക്ഷേ അത് സിനിമയുടെ സ്പീഡ് കുറച്ചേക്കാം, രണ്ട് കഥാപാത്രങ്ങൾക്കിടയിലുള്ള മറ്റൊരു നരേറ്റീവിനെ കുറിച്ച് ഇത് സൂചന നൽകിയേക്കാം, അല്ലെങ്കിൽ നിങ്ങൾക്ക് ഫൂട്ടേജ് ഇല്ലാത്തതുകൊണ്ടോ അല്ലെങ്കിൽ അത് സിനിമയെ അനാവശ്യമായ രീതിയിൽ സങ്കീർണ്ണമാക്കുകയോ ചെയ്യാം. ജെയ്‌മീ ലീ കർട്ടിസിന്റെയൊരു സീൻ ഉണ്ടായിരുന്നു, ഈ സീനിൽ അവൾ അവിശ്വസനീയമായിരുന്നു. പക്ഷേ ഞാൻ ഈ സീനുമായി പോരാടിക്കൊണ്ടേയിരുന്നു, ഒടുവിൽ 'ജെയ്‌മീ ലീആ രംഗത്തില്ലെങ്കിൽ എന്തുചെയ്യും' എന്ന് പറയാൻ അഞ്ചോ ആറോ മാസമെടുത്തു."

4. എവ്ലിൻ സിനിമാതാരമായിട്ടുള്ള യൂണിവേഴ്സിൽ എവ്ലിനും വെയ്മണ്ടും മഴയുള്ള ഇടവഴി നിന്ന് സംസാരിക്കുന്ന രംഗം വോങ് കർ വായിയുടെ 'ഇൻ ദ മൂഡ് ഫോർ ലവി'ൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്തതാണ്. വിഷ്വലിനപ്പുറം എഴുത്തിലും 'ഇൻ ദ മൂഡ് ഫോർ ലവ്' പറയുന്നത് പോലെ നഷ്ട പ്രണയം തന്നെയാണ് ഇരുവരും സംസാരിക്കുന്നത്.

5. കുങ് ഫു/സിനിമാ സ്റ്റാർ യൂണിവേഴ്സിൽ (എവ്‌ലിൻ മിഷേൽ യോ തന്നെയാണത്), അവർ മിഷേൽ യോയുടെ കരിയറിലെ യഥാർത്ഥ റെഡ് കാർപെറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ചു. 'ക്രേസി റിച്ച് ഏഷ്യൻസ്' സിനിമയുടെ ഒരു പോസ്റ്ററിന് മുന്നിൽ മിഷേൽ യോ നിൽക്കുന്ന ഷോട്ടും സിനിമയിൽ കാണാൻ കഴിയും.

Related Stories

No stories found.
logo
The Cue
www.thecue.in