'ആഗോള ബോക്സ് ഓഫീസിൽ 50 കോടി' ; നേട്ടവുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം

'ആഗോള ബോക്സ് ഓഫീസിൽ 50 കോടി' ; നേട്ടവുമായി മമ്മൂട്ടി ചിത്രം ഭ്രമയുഗം
Published on

ആഗോള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടി മമ്മൂട്ടിയുടെ ഭ്രമയുഗം. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഫെബ്രുവരി 15 ന് റിലീസ് ചെയ്ത ചിത്രത്തിന് മലയാളത്തിന് പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രം കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 18 കോടിയോളം വാരിക്കൂട്ടിയെന്ന് ഫിലിം ട്രാക്കേഴ്സ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങിയ ചിത്രം നിർമിച്ചിരിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ്.

ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ആദ്യ ദിനം 3.1 കോടി രൂപയാണ് ചിത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ചിത്രത്തിലെ മമ്മൂട്ടിയുടെ മാന്ത്രികനായ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിനും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനങ്ങളെയും പ്രേക്ഷകർ പുകഴ്ത്തുന്നുണ്ട്. അടിമ ചന്തയിൽ നിന്ന് ഓടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിച്ചേരാൻ ശ്രമിക്കുന്ന പാണൻ കുലത്തിൽ പെട്ട അർജുൻ അശോകന്റെ കഥാപാത്രം വഴിതെറ്റി ഒരു മനക്കലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഭ്രമയുഗത്തിന്റെ തെലുങ്ക് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സിത്താര എന്റെർറ്റൈന്മെന്റ്സ് ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in