രണ്‍ബീര്‍ കപൂറിന്റെ ഇഷ്ട ഭക്ഷണം ബീഫ്; 'ബ്രഹ്‌മാസ്ത്രയ്‌'ക്കെതിരെ ബോയ്‌ക്കോട്ട് ക്യാംപെയിന്‍

രണ്‍ബീര്‍ കപൂറിന്റെ ഇഷ്ട ഭക്ഷണം ബീഫ്; 'ബ്രഹ്‌മാസ്ത്രയ്‌'ക്കെതിരെ ബോയ്‌ക്കോട്ട് ക്യാംപെയിന്‍
Published on

ബോളിവുഡ് ചിത്രം ബ്രഹ്‌മാസ്ത്രയ്‌ക്കെതിരെ ട്വിറ്ററില്‍ ബോയിക്കോട്ട് ക്യാംപെയിന്‍. ചിത്രത്തിലെ ശിവ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ രണ്‍ബീര്‍ കപൂറിന്റെ ഇഷ്ട ഭക്ഷണം ബീഫാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബോയിക്കോട്ട് ക്യാംപെയിന്‍ ആരംഭിച്ചിരിക്കുന്നത്.

രണ്‍ബീറിന്റെ പഴയ അഭിമുഖത്തില്‍ 'റെഡ് മീറ്റ് ഭക്ഷണങ്ങള്‍ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണെ'ന്നും പറയുന്നുണ്ട്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ട്വിറ്ററില്‍ ചിത്രം ബഹിഷ്‌കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിന്‍ നടക്കുന്നത്. 11 വര്‍ഷങ്ങള്‍ക്ക് മുമ്പ് റോക്ക്‌സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു രണ്‍ബീര്‍ ബീഫ് തന്റെ ഇഷ്ട ഭക്ഷണമാണെന്ന് പറഞ്ഞത്.

അതോടൊപ്പം ആലിയ ഭട്ട് അടുത്തിടെ നടന്ന അഭിമുഖത്തില്‍ നെപ്പോട്ടിസത്തിന്റെ പേരില്‍ നേരിടുന്ന ആക്രമണങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. 'എന്നെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, എന്റെ സിനിമകള്‍ കാണേണ്ട' എന്നായിരുന്നു ആലിയ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയും ബോയിക്കോട്ട് ആഹ്വാനങ്ങള്‍ ഉയരുന്നുണ്ട്.

ഇതിന് മുമ്പ് ചിത്രത്തിലെ ഗാനത്തില്‍ രണ്‍ബീര്‍ കപൂര്‍ അമ്പലത്തില്‍ ചെരുപ്പിട്ട് പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയും സിനിമയ്‌ക്കെതിരെ വിദ്വേഷ ക്യാംപെയിന്‍ നടന്നിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍ സെപ്റ്റംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ അമിതാബ് ബച്ചന്‍, ആലിയ ഭട്ട്, മൗനി റോയ്, നാഗാര്‍ജുന എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.

ഇത് ആദ്യമായല്ല ബോളിവുഡ് സിനിമകള്‍ക്കെതിരെ ബോയിക്കോട്ട് ക്യാംപെയിനുകള്‍ ഉയര്‍ന്ന് വരുന്നത്. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ മുന്‍നിര താരങ്ങളുടെ സിനിമകളെല്ലാം തന്നെ ബോയിക്കോട്ട് ക്യാംപെയിന്‍ നേരിട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ദ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷബന്ധന്‍, ലൈഗര്‍ എന്നീ ചിത്രങ്ങള്‍ക്കെതിരെയും ട്വിറ്ററില്‍ ബോയിക്കോട്ട് ക്യാംപെയിനുകള്‍ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in