'ഇന്ദ്രാണി മുഖര്‍ജി' നെറ്റ്ഫ്ലിക്സ് ‍ഡോക്യുമെന്ററി തടഞ്ഞ് ബോംബെ ഹെെക്കോടതി, സി.ബി.ഐക്ക് മുന്നിൽ പ്രത്യേകം പ്രദര്‍ശിപ്പിക്കണം

'ഇന്ദ്രാണി മുഖര്‍ജി'  നെറ്റ്ഫ്ലിക്സ് ‍ഡോക്യുമെന്ററി  തടഞ്ഞ് ബോംബെ  ഹെെക്കോടതി, സി.ബി.ഐക്ക് മുന്നിൽ പ്രത്യേകം  പ്രദര്‍ശിപ്പിക്കണം
Published on

ഇന്ത്യയിലെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസിനെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് തയ്യാറാക്കിയ 'ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്തി'ന്റെ പ്രദർശനം തടഞ്ഞ് ബോംബെ ഹെെക്കോടതി. ഷീന ബോറ കൊലക്കേസിലെ പ്രധാന പ്രതിയായ ഇന്ദ്രാണി മുഖർജിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഡോക്യൂ സിരീസാണ് 'ദി ഇന്ദ്രാണി മുഖർജി സ്റ്റോറി: ബറീഡ് ട്രൂത്ത്'. സി.ബി.ഐ ഉദ്യോ​ഗസ്ഥർക്കുമുമ്പാകെ ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദർശനം നടത്തണമെന്ന് നെറ്റ്ഫ്ളിക്സിനോട് കോടതി ആവശ്യപ്പെട്ടു. സീരീസിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. സമർപ്പിച്ച ഹർജി ചൊവ്വാഴ്ച പ്രത്യേക കോടതി തള്ളിയിരുന്നു. തുടർന്ന് വെള്ളിയാഴ്ച സീരീസിന്റെ സ്ട്രീമിങ് നടക്കാനിരിക്കെയാണ് ഹെെക്കോടതിയുടെ നടപടി.

2024 ഫെബ്രുവരി 23-ന് Netflix-ൽ സ്ട്രീം ചെയ്യാനിരുന്ന ഡോക്യുമെന്ററി ഷീന ബോറയുടെ തിരോധാനവും പിന്നീട് നടന്ന കൊലപാതകത്തെക്കുറിച്ചുള്ള തുടരന്വേഷണങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ട് വെബ് സീരീസ് സി.ബി.ഐക്ക് മുന്നിൽ പ്രദർശിപ്പിച്ചുകൂടാ എന്ന് കോടതി ചോദിച്ചു. ഡോക്യുമെന്ററി സി.ബി.ഐക്ക് മുന്നിൽ പ്രദർശിപ്പിച്ചതിന് ശേഷം ഹർജി വീണ്ടും പരി​ഗണിക്കും. ഹിയറിം​ഗിന്റെ അടുത്ത തീയതി വരെ ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ലെന്ന് നെറ്റ്ഫ്ലിക്സിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രവി കദം പറഞ്ഞു. എന്നാൽ സിനിമ കാണാൻ ഏജൻസിയെ അനുവദിക്കുകയോ റിലീസ് നിർത്തിവയ്ക്കുകയോ ചെയ്യുന്നത് പ്രീ-സെൻസർഷിപ്പിന് തുല്യമാണെന്നും ഇത് നിയമപ്രകാരം അനുവദനീയമല്ലെന്നും രവി കദം വാദിച്ചു.

വിചാരണ പൂർത്തിയാകുന്നതുവരെ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയും പ്രദർശിപ്പിക്കുന്നത് തടയാനും പ്രതികൾക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും നിർദേശം നൽകണമെന്നുമാണ് സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്യുമെൻറ് സീരീസ് പുറത്തിറക്കുന്നത് പൂർണമായി നിരോധിക്കണമെന്നല്ല സിബിഐ ആവശ്യപ്പെടുന്നതെന്നും എന്നാൽ കേസിൻ്റെ വിചാരണ തീരുന്നത് വരെ സ്റ്റേ വേണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ്റെ അഭിഭാഷകൻ ശ്രീറാം ഷിർസാത് കോടതിയെ അറിയിച്ചു. അതേസമയം, സാക്ഷികളെ സ്വാധീനിക്കരുതെന്ന വ്യവസ്ഥകൾ ഇന്ദ്രാണി ലംഘിച്ചതിനാൽ ഇന്ദ്രാണിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കാനും സിബിഐ ആലോചിക്കുന്നുണ്ടെന്നും ഷിർസാത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in