'ഔട്ട്സ്റ്റാൻഡിങ്‘; മമ്മൂട്ടിയുടെ ഭ്രമയു​ഗത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ വിക്രമാദിത്യ മോട്‌വാനെ

'ഔട്ട്സ്റ്റാൻഡിങ്‘; മമ്മൂട്ടിയുടെ ഭ്രമയു​ഗത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമാതാവുമായ വിക്രമാദിത്യ മോട്‌വാനെ
Published on

മമ്മൂട്ടി ചിത്രം ഭ്രമയു​ഗത്തിനെ പ്രശംസിച്ച് ബോളിവുഡ് നിർമാതാവും സംവിധായകനുമായ വിക്രമാദിത്യ മോട്‌വാനെ. ഭ്രമയു​ഗം കണ്ടിട്ട് ഔട്ട്സ്റ്റാൻഡിങ് എന്നാണ് വിക്രമാദിത്യ മോട്‌വാനെ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ സംവിധായകൻ രാഹുൽ സാദാശിവനെ ടാ​ഗും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15 ന് തിയറ്ററിലെത്തിയ ചിത്രമാണ് രാഹുൽ സദാശിവന്റെ ഭ്രമയു​ഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ഒരേസമയം റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസിൽ അമ്പത് കോടിയും പിന്നിട്ട് കുതിക്കുകയാണ്. ഉ‍ഡാൻ, ലൂട്ടേര തുടങ്ങിയ സിനിമകളുടെ സംവിധായകനും മാസാൻ, ക്വീൻ, ഉഡ്താ പഞ്ചാബ് തുടങ്ങിയ സിനിമകളുടെ നിർമാതാക്കളിലൊരാളുമാണ് വിക്രമാദിത്യ മോട്‌വാനെ.

മുമ്പ് സംവിധായകൻ ജീത്തു ജോസഫും നടൻ ജയസൂര്യയും ഭ്രമയു​ഗം ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും അഭിനന്ദിച്ച് രം​ഗത്ത് എത്തിയിരുന്നു. ഭ്രമയു​ഗം തീർച്ചയായും തിയറ്ററിൽ കണ്ടിരിക്കേണ്ട ചിത്രമാണെന്നും തീർത്തും പുതുതായ ഒരു സിനിമാറ്റിക് എക്സ്പീരിൻസാണ് ചിത്രം സമ്മാനിക്കുന്നത് എന്നും പറഞ്ഞ ജീത്തു ജോസഫ് മമ്മൂട്ടിയുടെയും അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും പ്രകടനത്തെക്കുറിച്ച് എടുത്ത് പറയുകയും ചെയ്തിരുന്നു. തീർച്ചയായും കണ്ടിരിക്കേണ്ട അഭിനയഭ്രമമാണ് ഭ്രമയു​ഗം എന്നാണ് ചിത്രത്തെക്കുറിച്ച് നടൻ ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചത്

ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയു​ഗം. ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.ചിത്രത്തിന് മലയാളത്തിന് പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ് എന്നീ സിനിമകൾക്ക് ശേഷം 50 കോടി ക്ലബ്ബിൽ എത്തുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. അടിമ ചന്തയിൽ നിന്ന് ഓടി രക്ഷപെട്ട് സ്വന്തം വീട്ടിലെത്തിച്ചേരാൻ ശ്രമിക്കുന്ന പാണൻ കുലത്തിൽ പെട്ട അർജുൻ അശോകന്റെ കഥാപാത്രം വഴിതെറ്റി ഒരു മനക്കലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Related Stories

No stories found.
logo
The Cue
www.thecue.in