സ്വന്തം ചിത്രമായ ആടുജീവിതത്തിലെ സംഗീതം ജൂറി പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി. മികച്ച സംവിധായകനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാര നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബ്ലെസ്സി. കേരളം മുഴുവൻ പാടിക്കൊണ്ട് നടക്കുന്ന പാട്ടുകളുള്ള സിനിമയുടെ സംഗീതം കാണാതെ പോയി എന്ന് തനിക്ക് തോന്നി. ഭയങ്കരമായ ഒരു പെർഫോമൻസ് താൻ കണ്ടത് ഈ സിനിമയുടെ മ്യൂസിക്കിന്റെ റീ റെക്കോർഡിങ്ങിലാണ്. അത്രയും വലിയൊരു സ്കോർ കാണാതെ പോയോ എന്ന തോന്നലാണ് ഉണ്ടായത്. തന്റെ പരാമർശമല്ല മറിച്ച് വിഷമമാണ് ഈ വിഷയത്തിൽ പറയാനുള്ളത് എന്നും ഒരു ലെജന്റിനെ നമ്മൾ എങ്ങനെയാണ് നോക്കിക്കണ്ടത് എന്ന ചോദ്യമാണ് മനസ്സിലുള്ളതെന്നും ബ്ലെസ്സി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രശസ്ത സംഗീത സംവിധായകനും ഓസ്കാർ ജേതാവുമായ എ ആർ റഹ്മാനാണ് ആടുജീവിതത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനും സംവിധായകനും ഉൾപ്പെടെ 9 പുരസ്‌കാരങ്ങളാണ് ആടുജീവിതം സ്വന്തമാക്കിയത്. ഈ അവാർഡുകളുടെയെല്ലാം ക്രെഡിറ്റ് സംവിധായകൻ ബ്ലെസ്സിക്കുള്ളതാണെന്ന് ആടുജീവിതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
ബ്ലെസ്സി പറഞ്ഞത്:
എന്റെ എട്ടാമത്തെ സിനിമയാണിത്. ഭയങ്കരമായ ഒരു പെർഫോമൻസ് ഞാൻ കണ്ടത് ഈ സിനിമയുടെ മ്യൂസിക്കിന്റെ റീ റെക്കോർഡിങ്ങിലാണ്. പല ഭാഷയിൽ പാട്ടുകൾ ചെയ്തിരുന്നു. അത് പരിഗണിക്കാതിരുന്നതിന്റെ ഖേദമാണ് മുഖ്യമായും ഞാൻ പറഞ്ഞത്. എല്ലാത്തിന്റെയും പിന്നിലുള്ള കഷ്ടപ്പാട് നമുക്കറിയാം. അത്രത്തോളം റീവർക്ക് ചെയ്തിട്ടുണ്ട്. അത് ആര് ചെയ്തു എന്നതിനെക്കുറിച്ചല്ല. അത്രയും വലിയൊരു സ്കോർ കാണാതെ പോയോ എന്ന തോന്നലാണ് ഉണ്ടായത്. കേരളം മുഴുവൻ പാടിക്കൊണ്ട് നടക്കുന്ന പാട്ടുകളുള്ള സിനിമയുടെ സംഗീതം കാണാതെ പോയി എന്നുള്ളതാണ്. വലിയൊരു ലെജന്റിനെ നമ്മൾ എങ്ങനെ കണ്ടു എന്നുള്ള ചോദ്യം മാത്രമേ ഒള്ളൂ. അത് ജൂറിയുടെ ഇഷ്ടമാണ്. എന്റെ പരാമർശമല്ല മറിച്ച് വിഷമമാണ് ഈ വിഷയത്തിൽ പറയാനുള്ളത്. ഓരോ ആർട്ടിസ്റ്റുകളും ഭംഗിയായി വർക്ക് ചെയ്യുമ്പോഴാണ് നമ്മളും സംവിധായകൻ എന്ന നിലയിൽ മെച്ചപ്പെടുന്നത്. ആ രീതിയിൽ ഞാൻ ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ള മേഖലയാണ് ഈ സിനിമയുടെ സംഗീതം. അത് മാത്രമാണ് എന്നെ ആശ്ചര്യപ്പെടുത്തിയ കാര്യം.