ബിജു പ്രസാദ് എന്ന കന്യാകുമാരിക്കാരന്‍ മോട്ടിവേഷണല്‍ ട്രെയിനര്‍, ഫഹദിനെ പരിചയപ്പെടുത്തി അന്‍വര്‍ റഷീദ്
ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് 2020ല്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമകളിലൊന്നാണ്. ഫെബ്രുവരി 14ന് റിലീസ് ചെയ്യുന്ന സിനിമയുടെ പ്രമേയത്തെക്കുറിച്ചും കഥാപാത്രത്തെ സംബന്ധിച്ചും കാര്യമായ സൂചനകള്‍ നേരത്തെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു സംവിധായകന്‍ അന്‍വര്‍ റഷീദ്
ട്രാന്‍സ് പേരില്‍ മ്യൂസിക് പശ്ചാത്തലമെന്ന് തോന്നിക്കുമെങ്കിലും സംഗതി മ്യൂസിക് കേന്ദ്രീകരിച്ചുള്ള സിനിമയല്ല. ബിജു പ്രസാദ് എന്ന കന്യാകുമാരിയിലെ സാധാരണക്കാരനായ മോട്ടിവേഷണല്‍ ട്രെയിനറാണ് നായക കഥാപാത്രം. ബിജു പ്രസാദ് എന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് സിനിമ. ഇയാളുടെ ജീവിതത്തിലെ വൈകാരികവും മാനസികവുമായ വിവിധ തലങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്ന് അന്‍വര്‍ റഷീദ് ദ ഹിന്ദു അഭിമുഖത്തില്‍ പറഞ്ഞു.
സാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വന്‍ ആരാധക വൃന്ദമുള്ള ബിംബമായി മാറുന്നതിന്റെ സൂചനകള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും ഫഹദിന്റെ ഗെറ്റപ്പിലും ഉണ്ടായിരുന്നു. എസ്തര്‍ ലോപ്പസ് എന്ന കഥാപാത്രമായാണ് നസ്‌റിയ നസിം. നസ്രിയ മുമ്പ് ചെയ്തിരുന്ന ബബ്ലി റോളുകളിലൊന്നാവില്ല ട്രാന്‍സിലേതെന്നും അന്‍വര്‍ റഷീദ്. ഫഹദിനും നസ്രിയക്കും ഇടയിലെ മറ്റൊരു കെമിസ്ട്രി പരീക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. കന്യാകുമാരി, ചെന്നൈ, മുംബൈ, ആംസ്റ്റര്‍ഡാം, കൊച്ചി എന്നിവിടങ്ങളിലായാണ് ട്രാന്‍സ് ചിത്രീകരിച്ചത്.
വിന്‍സന്റ് വടക്കന്‍ എന്ന നവാഗതന്റേതാണ് തിരക്കഥ. ബംഗളൂരുവില്‍ പരസ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് വിന്‍സന്റ്. അഞ്ച് സുന്ദരികളില്‍ അന്‍വര്‍ ആദ്യം ചെയ്യാനിരുന്ന ചെറുസിനിമയ്ക്കായി തിരക്കഥയൊരുക്കാനെത്തിയ വിന്‍സന്റ് വടക്കന്‍ ട്രാന്‍സ് എന്ന സിനിമയുടെ തിരക്കഥാകൃത്താവുകയായിരുന്നു. അമല്‍ നീരദ് ആണ് ക്യാമറ. ആമിക്ക് ശേഷം അന്‍വര്‍-അമല്‍ മാജിക്കല്‍ കോംബോ ഒരുമിച്ചെത്തുന്ന സിനിമയുമാണ് ട്രാന്‍സ്. സിങ്ക് സൗണ്ടില്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. ട്രാന്‍സിന് വേണ്ടി ടൈറ്റില്‍ സോംഗ് ഒരുക്കിയിരിക്കുന്നത് വിനായകനാണ്. വിനായകന്‍ ചിത്രത്തില്‍ ഒരു കഥാപാത്രവുമാണ്. വിനായക് ശശികുമാര്‍ ആണ് ഈ ഗാനത്തിന്റെ രചന.
സൈക്കഡലിക് ഫീല്‍ നല്‍കുന്ന ട്രാന്‍സിലെ ആദ്യഗാനം വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. ജാക്‌സണ്‍ വിജയന്‍ ആണ് സംഗീത സംവിധാനം. സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനുമാണ് സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്‌കോര്‍. ഫഹദിനെയും നസ്രിയയെയും കൂടാതെ ഗൗതം വാസുദേവ മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്ജ് എന്നിവരും ചിത്രത്തിലുണ്ട്. പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റര്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന സിനിമ അമല്‍ നീരദും അന്‍വര്‍ റഷീദും നേതൃ്ത്വം നല്‍കുന്ന എ ആന്‍ഡ് എ റിലീസ് ചെയ്യുന്നു.
അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈനും മാഷര്‍ ഹംസ കോസ്റ്റിയൂം ഡിസൈനിംഗും, റോണക്‌സ് സേവ്യര്‍ മേക്കപ്പും സുപ്രീം സുന്ദര്‍ സംഘട്ടനവും കൈകാര്യം ചെയ്യുന്നു. സലാം ബുഖാരിയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. വിഷ്ണു തണ്ടാശേരിയാണ് സ്റ്റില്‍സ്.