മലയാളത്തില്‍ രാഷ്ട്രീയം പ്രമേയമായ ആക്ഷേപഹാസ്യ ചിത്രങ്ങള്‍ വന്നിട്ടുണ്ട്. സന്ദേശവും പഞ്ചവടിപ്പാലവുമെല്ലാം അത്തരത്തില്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ചിത്രമാണ്. കണ്ണൂര്‍ പശ്ചാത്തലത്തില്‍ രാഷ്ട്രീയം പ്രമേയമാക്കി ആക്ഷേപഹാസ്യ സ്വഭാവത്തില്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ', വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ പപ്പുവിന്റെ ഹിറ്റ് ഡയലോഗിന്റെ പേരില്‍ ഒരു സിനിമയുണ്ടാകുമ്പോള്‍ അത് ഹ്യൂമര്‍ പശ്ചാത്തലത്തിലായിരിക്കുമെന്ന് കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സംശയമുണ്ടാവില്ല. നെല്ലിക്ക എന്ന ചിത്രം ഒരുക്കിയ, സംവിധായകനും എഡിറ്ററും കൂടിയായ ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2015ല്‍ നെല്ലിക്ക റിലീസ് ചെയ്തതിന് ശേഷം നീണ്ട ഗാപ്പിന് ശേഷമാണ് ബിജിത് തന്റെ പുതിയ ചിത്രമൊരുക്കുന്നത്. ആദ്യ സിനിമ പരാജയപ്പെട്ടപ്പോള്‍ ഉണ്ടാകുന്ന ഗാപ്പ് തന്നെയാണ് ആ ഇടവേളയ്ക്ക് കാരണമെന്ന് ബിജിത് പറയുന്നു. അതിനിടയില്‍ സ്വന്തം ജോലികളില്‍ തിരക്കിലായിരുന്നു. മാധവന്‍ സംവിധാനം ചെയ്ത് നായകനായ റോക്കട്രി ദ നമ്പി എഫക്ടിന്റെ എഡിറ്റര്‍ കൂടിയായി ബോളിവുഡിലും സാന്നിധ്യമറിയിച്ച ബിജിത് പുതിയ ചിത്രത്തെക്കുറിച്ച് 'ദ ക്യു'വിനോട് സംസാരിക്കുന്നു.
പടച്ചോനെ ഇങ്ങള് കാത്തോളീ' ആണ് ഏറ്റവും പുതിയ സിനിമ. ആക്ഷേപഹാസ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു സിനിമയാണിത് എന്ന് ചിത്രത്തിന്റെ ട്രെയ്ലറില്‍ നിന്ന് വ്യക്തമാകും. എങ്ങനെയാണ് ഇങ്ങനെയൊരു സിനിമയിലേക്ക് എത്തിയത് ?
ആക്ഷേപഹാസ്യ സിനിമകള്‍ മലയാളത്തില്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. സന്ദേശം പോലുള്ള ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ട്. അതിന് ശേഷം മലയാളത്തില്‍ ഈ ആക്ഷേപഹാസ്യ ശ്രേണിയില്‍ ഒരുപാട് സിനിമകള്‍ വന്നിട്ടുമുണ്ട്. പൊളിറ്റിക്സിനോട് ചെറിയ രീതിയില്‍ താത്പര്യമുള്ളതുകൊണ്ടും ഹ്യൂമറിനകത്ത് കൂടെ പൊളിറ്റിക്സിനെ സാധാരണ ആള്‍ക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കണം എന്നുള്ളതുകൊണ്ടും ആണ് ഇങ്ങനെയുള്ള ഒരു കഥയിലേക്ക് എത്തിയത്.
2003 ല്‍ സിനിമയില്‍ വിഷ്വല്‍ ഇഫക്ട് ആര്‍ട്ടിസ്റ്റ് ആയി തുടങ്ങിയ കരിയര്‍. അവിടെ നിന്ന് സിനിമയുടെ എഡിറ്റിംഗിലേക്കും പിന്നീട് സംവിധായകന്‍ എന്ന നിലയിലേക്കും, നീണ്ട 19 വര്‍ഷത്തെ ഈയൊരു യാത്രയെ കുറിച്ച്
സിനിമയോട് ആളുകള്‍ക്ക് പ്രത്യേക തരത്തിലുള്ള ഒരു അഭിനിവേശം ഉണ്ട്. അങ്ങനെ തന്നെയാണ് ഞാനും സിനിമയിലേക്ക് എത്തുന്നത്. വളരെ താമസിച്ചാണ് സിനിമയില്‍ ആകൃഷ്ടനാകുന്നത്. ഡിഗ്രി കഴിഞ്ഞതിന് ശേഷം ഈ സിനിമയുടെ മേഖലയിലേക്ക് വളരെ യാദൃച്ഛികമായി എത്തപ്പെടുകയായിരുന്നു. അനലോഗ് സിനിമയില്‍ നിന്ന് ഡിജിറ്റല്‍ സിനിമയിലേക്കുള്ള ഒരു മാറ്റം നടക്കുന്ന സമയമാണ് ഞാന്‍ വരുന്ന 2003 കാലഘട്ടം എന്ന് പറയുന്നത്. അതുകൊണ്ട് എഡിറ്റിംഗ് പോലുള്ള പോസ്റ്റില്‍ ആളുകളൊക്കെ വളരെ കുറവായിരുന്നു അന്ന്. അങ്ങനെയാണ് കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് എന്ന പോസ്റ്റില്‍ മലയാള സിനിമയില്‍ എത്തിയത്. 'എന്റെ വീട് അപ്പുവിന്റെയും' ആണ് ഞാന്‍ വര്‍ക്ക് ചെയ്യുന്ന ആദ്യത്തെ സിനിമ. ആദ്യമായി നേരിട്ട് കാണുന്ന സംവിധായകന്‍ പോലും സിബി മലയില്‍ ആയിരിക്കും എന്ന് പറയാം. അതില്‍ നിന്ന് തുടങ്ങി, നമ്മള്‍ ഒരു മേഖലയില്‍ എത്തി, ആ മേഖലയോടുള്ള ഒരിഷ്ടം, ആ ഇഷ്ടത്തില്‍ നിന്ന് പഠിച്ച് തുടങ്ങുന്ന കാര്യങ്ങളിലൂടെ വളരുന്ന ഒരു സിനിമാ മേഖലയാണ് എന്റെ സിനിമ കരിയര്‍ എന്ന് പറയുന്നത്. അതില്‍ നിന്ന് പിന്നീട് ആ പടത്തിന്റെ തന്നെ പ്രമോഷണല്‍ മെറ്റീരിയല്‍സ്, ട്രെയ്‌ലര്‍ ഒക്കെ ചെയ്തു. അന്ന് മലയാളത്തില്‍ ഇന്റിവിജ്വലായി ട്രെയ്‌ലര്‍ ഒക്കെ ചെയ്ത് തുടങ്ങുന്ന ആരും തന്നെ ഇല്ല. അത് കഴിഞ്ഞ് ഒരു 2005, 2006 ആയപ്പോഴാണ് സ്‌പോട്ട് എഡിറ്റിംഗ് തുടങ്ങുന്നത്. ആദ്യ കാലങ്ങളില്‍ ഈ സ്‌പോട്ട് എഡിറ്റിംഗ് ഒക്കെ അനാവശ്യ കാര്യങ്ങളാണെന്ന് ആളുകള്‍ക്ക് നിഗമനമൊക്കെ ഉണ്ടായിരുന്നു. എങ്കിലും പിന്നീട് അത് ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു വലിയ വിഭാഗം ആയി. ഇപ്പോള്‍ ഒരുപാട് ആളുകള്‍ ആ വിഭാഗത്തില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് പറയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഒരു കരിയറില്‍ നമ്മള്‍ ഓരോ ചുവടും മുകളിലേക്ക് കയറണം എന്നുള്ള ചിന്തയില്‍ തന്നെയാണ് അവസാനം ഈ സംവിധായകന്റെ മേഖലയില്‍ വന്ന് നില്‍ക്കുന്നത്. സിനിമയോടുള്ള ഇഷ്ടമാണ് ഇത്രയും കാലത്തെ യാത്രയിലൂടെ ഈ ഒരു സ്ഥാനത്ത് എത്തി നില്‍ക്കുന്നതിന് കാരണം.
2012 ല്‍ ഷട്ടര്‍ എന്ന സിനിമയുടെ സഹ സംവിധായകന്‍, 2015 നെല്ലിക്ക എന്ന സിനിമയുടെ സംവിധായകന്‍. സംവിധാനം ചെയ്യുന്ന അടുത്ത സിനിമ 2022 ല്‍ റിലീസിന് ഒരുങ്ങുന്നു. ഒരു നീണ്ട കാലയളവ് സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ക്കിടയില്‍ ഉണ്ട്. അതിനെ കുറിച്ച്
ഞാന്‍ ചെയ്ത ആദ്യത്തെ സിനിമ കൊമേഷ്യലി പ്രായോഗികമായ ഒരു സിനിമ ആയിരുന്നില്ല. അത് തിയറ്ററുകളില്‍ അധികം ഓടാത്ത സിനിമയായിരുന്നു. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യത്തെ സിനിമ പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഒരു ഗ്യാപ്പ് തന്നെയാണ് ഇത്രയും നീണ്ട കാലയളവിന് കാരണം. അതിനിടയിലും ഞാന്‍ എന്റെ ജോലികളില്‍ തിരക്കിലായിരുന്നു. എഡിറ്റിംഗ് മേഖലയില്‍ കുറച്ച് തിരക്കായിരുന്നു. നമ്മള്‍ സംവിധായകനായി കഴിഞ്ഞാല്‍ ടെക്‌നിക്കല്‍ മേഖലയില്‍ നിന്ന് വേറെ ഒരു മേഖലയിലേക്ക് കയറുമ്പോള്‍ പിന്നെ ആദ്യത്തെ മേഖലയില്‍ നിന്ന് ആരും വിളിക്കാത്ത ഒരവസ്ഥ ഒക്കെ കാണാറുണ്ട്. പക്ഷെ, ഞാന്‍ സംവിധാനത്തോടൊപ്പവും വേറെ പടങ്ങള്‍ ചെയ്തിരുന്നു. 'നെല്ലിക്ക' ചെയ്യുന്ന സമയത്തും മറ്റ് പടങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. അതിന് ശേഷവും ഒരുപാട് പടങ്ങള്‍ കമ്മിറ്റ് ചെയ്തിരുന്നു. ഹിന്ദിയില്‍ 'റോക്കട്രി' അങ്ങനെയാണ് ചെയ്തത്. സിനിമ സംഭവിക്കണം എന്നുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കണം. അതിന്റെ ഒരു താമസമായിരുന്നു 2015 മുതല്‍ 2022 വരെ ഉള്ളത്. ആ സമയത്തും സിനിമ ആയിട്ട് ചര്‍ച്ചകളും പല പല കഥകള്‍ ആലോചിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്തുകൊണ്ടോ അത് സംഭവിച്ചില്ല. പിന്നെ രണ്ട് വര്‍ഷം കൊറോണ കൊണ്ടുപോയി. കൊറോണക്ക് മുന്നേ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. കൊറോണക്ക് ശേഷം ചില സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വന്നതുകൊണ്ട് അത് നടന്നില്ല. സത്യത്തില്‍ യാദൃച്ഛികമായാണ് ഈ സിനിമയിലേക്ക് എത്തിപ്പെട്ടത്. ഊ സിനിമയുടെ കഥകളൊക്കെ വളരെ മുന്‍പേ ആലോചിച്ച് വച്ച കഥകളായിരുന്നു. അതിനുശേഷം ഇപ്പോഴത്തെ ഒരു ഫോര്‍മാറ്റിലോട്ട് അതിനെ മാറ്റി എടുക്കുകയായിരുന്നു.
ഈ ഒരു കാലയളവിന് ഇടയില്‍ 'റോക്കട്രി', 'ഡഗ് ഡഗ്' എന്നീ ചിത്രങ്ങളുടെ എഡിറ്റിംഗിലൂടെ ബോളിവുഡ് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. അതിലേക്കുള്ള വഴി എങ്ങനെയായിരുന്നു
'റോക്കട്രി' ഞാന്‍ ചെയ്യുന്നത് പ്രജേഷ് കാരണമാണ്. പ്രജേഷിന്റെ സിനിമകളെല്ലാം ഞാനാണ് എഡിറ്റ് ചെയ്യുന്നത്. പ്രജേഷിന്റെ ബുക്കിനെ ആധാരപ്പെടുത്തിയിട്ടാണ് സിനിമയുടെ തിരക്കഥ ആ സമയത്ത് ഉണ്ടായിരുന്നത്. അങ്ങനെ പ്രജേഷ് അതില്‍ പങ്കാളിയായതുകൊണ്ടും നമ്പിസാറുമായി ചെറിയ സൗഹൃദം ഉള്ളതുകൊണ്ടും അവര്‍ സജസ്റ്റ് ചെയ്തിട്ടാണ് ഞാന്‍ ആ സിനിമയുടെ ഭാഗമായത്. സിനിമയുടെ അപ്പ്രോച്ച് എല്ലായിടത്തും ഒരുപോലെയാണ്. പ്രൊഫഷണലിസത്തിന്റെ കാര്യത്തില്‍ മലയാളത്തില്‍ കാണുന്ന രീതിയിലുള്ള അപ്പ്രോച്ചോ, പ്രൊഡക്ഷന്‍ ഹൗസിന്റെ ക്വാളിറ്റി ഒക്കെ വ്യത്യാസമുണ്ടാകും. അതിനനുസരിച്ചുള്ള വ്യത്യാസം മാത്രമേ സിനിമ ചെയ്യുമ്പോള്‍ മലയാളം അല്ലെങ്കില്‍ ബോളിവുഡ് സിനിമ എന്ന് പറയുന്നതില്‍ കാണുന്നുള്ളു. മാധവന്‍ നന്നായി ആളുകളോട് ഇടപെടാന്‍ കഴിയുന്ന, ഒരുപാട് വര്‍ഷത്തെ അഭിനയ പരിചയമുള്ള, ഒരു നല്ല സംവിധായകനാണ്. അതിന്റെ ഒരു ഫ്രീഡം നമുക്ക് ലഭിച്ചിരുന്നു. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത്. അത് ചെയ്യുന്നതോടൊപ്പം തന്നെയാണ് എനിക്ക് 'ഡഗ് ഡഗ്' ചെയ്യാന്‍ അവസരം കിട്ടിയത്. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സെലക്ഷന്‍ കിട്ടിയ സിനിമയാണത്. സത്യത്തില്‍ കഴിഞ്ഞ ലോക്ഡൗണില്‍ റിമോട്ടില്‍ എഡിറ്റ് ചെയ്തിരുന്ന സിനിമയാണത്. ഞാനും സിനിമയുടെ സംവിധായകനും ഒരു തവണ മാത്രേ നേരില്‍ കണ്ടുള്ളു. പിന്നീട് ഞങ്ങള്‍ കാണുന്നത് സിനിമയുടെ റിലീസിന് ശേഷമാണ്. ഇത്തരത്തിലൊരു മേഖലയില്‍ നിന്ന് കിട്ടിയ കോണ്‍ടാക്റ്റുകള്‍ കാരണമാണ് ഇത്തരത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചത്.
എഡിറ്റിംഗില്‍ നിന്ന് സിനിമാ സംവിധായകന്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ എന്തുമാത്രം തയ്യാറെടുപ്പകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ട് ?
ഞാന്‍ അങ്ങനെ ഭയങ്കരമായിട്ട് തയ്യാറെടുത്ത് പോയി ഷൂട്ട് ചെയ്യുന്ന ഒരാളല്ല. തിരക്കഥയില്‍ കാര്യമായി ചിന്തിക്കുക അതിനുശേഷം പിന്നെ ലൊക്കേഷനെ അടിസ്ഥാനപ്പെടുത്തിയാണ്. എല്ലാം തയ്യാറായി പോയിട്ട് ലൊക്കേഷന്‍ കിട്ടാതെയോ, ആര്‍ട്ടിസ്റ്റ് വരാതാവുകയോ അങ്ങനെ പല കാരണങ്ങളാല്‍ ഉദ്ദേശിച്ച സ്റ്റോറി ബോര്‍ഡില്‍ നിന്ന് വളരെ വിഭിന്നമായിട്ടാണ് പിന്നീട് നമുക്ക് ഷൂട്ട് ചെയ്യാന്‍ പറ്റാറ്. അതുകൊണ്ട്, തയ്യാറെടുത്ത് പോയി ഷൂട്ട് ചെയ്തിട്ടില്ല ഞാന്‍. അവിടെ ചെന്ന് കഴിഞ്ഞ് കിട്ടാവുന്ന ഇന്‍പുട്ടുകള്‍ വച്ച് ക്രിയേറ്റ് ചെയ്യുകയാണ് എന്റെ പതിവ് ഫോര്‍മാറ്റ്. എഡിറ്റിംഗിന്റെ കാര്യത്തില്‍ അത് അറിയാവുന്നതുകൊണ്ട് അത്തരത്തിലുള്ള അപകടകരമായ മുഹൂര്‍ത്തങ്ങള്‍ വളരെ ഈസിയായിട്ട് കൈകാര്യം ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ഗ്രേസ് ആന്റണി, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍ എന്നിങ്ങനെ ഒരുപാട് അഭിനേതാക്കള്‍ ചിത്രത്തില്‍ ഉണ്ട്. അത്തരത്തിലുള്ള ഒരു സെലക്ഷന്‍ എങ്ങനെയായിരുന്നു ?
ഞാന്‍ മുന്‍പ് ചെയ്ത 'നെല്ലിക്ക' എന്ന സിനിമയില്‍ വലിയ ഒരു താരനിര ഇല്ലായിരുന്നു. തിയറ്ററുകളിലേക്ക് ആളുകളെ കൊണ്ടുവരണമെങ്കില്‍ എപ്പോഴും അവര്‍ക്ക് സുപരിചിതമായ ആളുകള്‍ സിനിമയില്‍ വേണമെന്ന് തോന്നിയിട്ടുണ്ട്. അങ്ങനെയാണ് ഇപ്രാവശ്യം കാസ്റ്റിംഗില്‍ ആളുകള്‍ അംഗീകരിച്ച, അവര്‍ക്ക് താത്പര്യമുള്ള ആര്‍ട്ടിസ്റ്റുകള്‍ വേണമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് സിനിമയില്‍ ഹരീഷ് ആയാലും ദിനേശ് ആയാലും ഗ്രേസ് ആയാലും ഇനി ഭാസി ആയാലും ശരി ആളുകള്‍ക്ക് ഇഷ്ടമുള്ള, ട്രെന്‍ഡിനനുസരിച്ച ആളുകളെ അണിനിരത്തി ഇങ്ങനൊരു സിനിമ ചെയ്യാന്‍ ആലോചിച്ചത്. എന്റെ പ്രൊഡക്ഷന്‍ ഹൗസ് മുന്‍പ് 'അപ്പന്‍' എന്ന സിനിമ ചെയ്തതുകൊണ്ട് ഈ ആളുകളെ ആക്‌സസ് ചെയ്യാന്‍ എളുപ്പമായിരുന്നു. ശ്രീനാഥ് ഭാസിയെ മാത്രമേ എന്റെ സൈഡില്‍ നിന്ന് ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ ലോക്ക് ചെയ്തിട്ടുള്ളു. എഴുതിവച്ച ഓരോ കാരക്ടറിനും ഇന്ന ആള്‍ വേണമെന്ന് ആഗ്രഹങ്ങളുണ്ടായിരുന്നു, അതിന് ഓപ്ഷന്‍സുകളും ഉണ്ടായിരുന്നു. ആദ്യത്തെ ഒന്നോ രണ്ടോ ഓപ്ഷന്‍സുകളില്‍ തന്നെ എല്ലാ ആള്‍ക്കാരെയും സിനിമക്കായി കിട്ടി.
ശ്രീനാഥ് ഭാസിയാണ് സിനിമയിലെ നായകന്‍. 'ചട്ടമ്പി'യുടെ പ്രൊമോഷനിടെ ഉണ്ടായ പ്രശ്നങ്ങളും അതിന് ശേഷമുണ്ടായ താത്ക്കാലിക വിലക്കുമെല്ലൊം വളരെ ചര്‍ച്ചയായതാണ്. അതൊക്കെ ഏതെങ്കിലും വിധത്തില്‍ സിനിമയെ ബാധിക്കുമെന്ന് തോന്നുന്നുണ്ടോ ?
അറിയില്ല. തിയേറ്ററില്‍ സിനിമ ഇറക്കി കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ക്ക് അതിന്റെ ഒരു ഒഴുക്ക് എങ്ങനെയുണ്ടെന്ന് അറിയാന്‍ പറ്റൂ. ആളോട് ദേഷ്യം നിലനില്‍ക്കുന്നുണ്ടോ, ആളുകള്‍ അന്നത്തെ ആ പ്രശ്‌നം നന്നായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്ന് സിനിമ ഇറക്കി കഴിഞ്ഞേ പറയാന്‍ പറ്റൂ. ട്രെയ്‌ലറിന്റെയും മറ്റ് ടീസറുകളുടെയും വരവേല്‍പ്പ് കാണുമ്പോള്‍ ആളുകള്‍ അത് വലിയ ഒരു പ്രശ്‌നമായിട്ട് കാണുന്നില്ല എന്നാണ് മനസിലാക്കുന്നത്. സിനിമ നന്നായാല്‍ ആളുകള്‍ വന്ന് തിയറ്ററില്‍ കാണും എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സിനിമക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ പറ്റുന്ന ഒരു ലെവല്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒരു കുഴപ്പം ആകില്ലാ എന്നാണ് പ്രതീക്ഷിക്കുന്നത്.
എത്തരത്തിലുള്ള ഒരു ദൃശ്യാനുഭവമാണ് 'പടച്ചോനെ ഇങ്ങള് കാത്തോളീ' പ്രേക്ഷകര്‍ക്കായി കരുതി വച്ചിരിക്കുന്നത്
പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു പൊളിറ്റിക്കല്‍ സറ്റയറിക്കല്‍ സിനിമയാണ്. കണ്ണൂരിന്റെ അല്ലെങ്കില്‍ മലബാറിന്റെ രാഷ്ട്രീയം പറയുന്ന ഒറു സിനിമയാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നിലവിലെ രാഷ്ട്രീയത്തെ കൂടി അടയാളപ്പെടുത്തുന്ന സിനിമയാണത്. പടച്ചോനേ ഇങ്ങള് കാത്തോളീ ഈ പേര് തന്നെ വരാന്‍ കാരണം മലബാറിനെ അഡ്രസ് ചെയ്യുന്ന ഒരു സിനിമ എന്നുള്ളതുകൊണ്ടാണ്. രാഷ്ട്രീയം പറയുമ്പോള്‍ എപ്പോഴും അതില്‍ അക്രമം, ഈ പറഞ്ഞ പോലെ ഭയങ്കര നെഗറ്റീവ് അങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടാകും. അതില്‍ നിന്ന് മാറിയിട്ട് വളരെ സരസമായി കുട്ടികള്‍ക്ക് പോലും വന്ന് കാണാവുന്ന രീതിയിലുള്ള ഒരു പൊളിറ്റിക്കല്‍ സിനിമ, ഒരു ഹ്യൂമര്‍ സിനിമ. അതാണ്, പടച്ചോനേ ഇങ്ങള് കാത്തോളീ.
ഇനി വരാനിരിക്കുന്ന പ്രൊജക്ടുകള്‍
വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ ഒന്ന് ഭാസിയുമായിട്ട് തന്നെ കമ്മിറ്റ് ചെയ്ത് വച്ചിട്ടുണ്ട്. അതിന്റെ മറ്റ് പരിപാടികളിലേക്കൊന്നും നീങ്ങിയിട്ടില്ല. പ്രിലിമിനറി പരിപാടികള്‍ നടക്കുന്നതേയുള്ളു. എഡിറ്റിംഗില്‍ ഒരു തമിഴ് പടം കമ്മിറ്റ് ചെയിട്ടുണ്ട്. അതിന്റെയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളൊക്കെ നടക്കുന്നതേയുള്ളു.