കേരളത്തില്‍ നിന്ന് മാത്രം 40 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം. റിലീസ് ചെയ്ത് 11-ാം ദിവസം പിന്നിടുമ്പോഴാണ് ഭീഷ്മപര്‍വം 40 കോടി നേടിയിരിക്കുന്നത്. അതേസമയം ആഗോള കളക്ഷനില്‍ ചിത്രം 75 കോടി പിന്നിട്ടു. ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ എത്തിയത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
പ്രശസ്ത ട്രേഡ് അനലിസ്റ്റായ കൗശിക് എല്‍.എം ആണ് ഭീഷ്മപര്‍വത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്തുവിട്ടത്. ചിത്രം താമസിയാതെ 100 കോടി ക്ലബ്ബിലും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യം ദിനം തന്നെ മൂന്ന് കോടിക്ക് മുകളില്‍ കളക്ഷനാണ് ചിത്രം നേടിയത്. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് ആദ്യ ദിനം തന്നെ ഉണ്ടായിരുന്നു.
ഭീഷ്മപര്‍വം തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ് ലോക്ഡൗണിന് ശേഷം തിയ്യേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ അനുവദിച്ചതിന് ശേഷമുള്ള ആദ്യ വലിയ റിലീസായിരുന്നു ഭീഷ്മ. അതുകൊണ്ട് തന്നെ തിയ്യേറ്ററുകള്‍ക്കും വലിയ ഉണര്‍വാണ് ചിത്രം നല്‍കിയത്.