50 കോടി ക്ലബ്ബില്‍ ഭീഷ്മപര്‍വം, ബോക്‌സ് ഓഫിസിനെ പഞ്ഞിക്കിട്ട് മൈക്കിളപ്പൻ

50 കോടി ക്ലബ്ബില്‍ ഭീഷ്മപര്‍വം, ബോക്‌സ് ഓഫിസിനെ പഞ്ഞിക്കിട്ട് മൈക്കിളപ്പൻ
Published on

അമ്പത് കോടി ക്ലബ്ബിൽ കാലുറപ്പിച്ച് യാത്ര തുടരുകയാണ് മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം. ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രം അമ്പത് കോടി ക്ലബ്ബിൽ കയറിയതായി ട്വീറ്റ് ചെയ്തു. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മോഹൻലാലിൻറെ ലൂസിഫറും, ദുൽക്കർ സൽമാന്റെ കുറുപ്പുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ചിത്രങ്ങൾ.

റിലീസ് ദിനത്തിൽ 406 സ്‌ക്രീനുകളിലായി 1775 ഷോകൾ കളിച്ച ഭീഷ്മപർവം ആദ്യ ദിനം 3 കോടിക്ക് മുകളിൽ നേടിയിരുന്നു. കൊവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നാണ് ഫിയോക് പ്രസിഡണ്ട് കെ വിജയകുമാർ പറയുന്നത്. ആദ്യ 4 ദിവസം കൊണ്ട് 8 കോടിക്കടുത്ത് ഷെയർ നേടി പുതിയ റെക്കോർഡും ഭീഷ്മപർവം നേടിയിരുന്നു. ഇപ്പോഴും എല്ലാ തിയേറ്ററുകളിലും ഹൗസ്ഫുൾ ആയി തുടരുന്ന ഭീഷ്മപർവം വലിയ പ്രേക്ഷക പിന്തുണയാണ് നേടിക്കൊണ്ടിരിക്കുന്നത്.

മമ്മൂട്ടിയുടെ ഒരു തിരിച്ചുവരവ് കൂടിയാണ് ഭീഷ്മപർവമെന്നാണ് തിയേറ്ററുകാരും അവകാശപ്പെടുന്നത്. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം മലയാള സിനിമയുടെ സുവർണകാലമായിരിക്കും ഇനി കാണാൻ പോകുന്നതെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും സിനിമാപ്രേമികളും. ഒരു മലയാള സിനിമക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ കോപ്പിറൈറ് തുകയാണ് ഭീഷ്മപർവത്തിന് ലഭിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മാർച്ച് മൂന്നിന് റിലീസ് ചെയ്ത ഭീഷ്മപർവം സംവിധാനം ചെയ്തിരിക്കുന്നത് അമൽ നീരദാണ്. ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നൊരുക്കിയ തിരക്കഥക്ക് സംഭാഷണം എഴുതിയിരിക്കുന്നത് ആർ. ജെ. മുരുകനാണ്. രവിശങ്കറിന്റേതാണ് അഡീഷണൽ സ്ക്രീൻപ്ലേയ്. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. സൗബിൻ ഷാഹിർ, നദിയ മൊയ്ദു, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ശ്രിന്ദ, സുദേവ് നായർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സുഷിൻ ശ്യാമാണ് സംഗീത സംവിധാനവും, വിവേക് ഹർഷൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in