ഒരിടവേളയ്ക്ക് ശേഷം നടി ഭാവന 'ന്റെ ഇക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്താനിരിക്കുകയാണ്. അതോടൊപ്പം സംവിധായകന്‍ ഭദ്രന്‍റെ 'ഇഒ' എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്യാന്‍ ഒരുങ്ങുകയാണ് ഭാവന. ചിത്രത്തില്‍ രണ്ട് തവണ ദേശീയ പുരസ്‌കാരം നേടിയ ഒരു തെന്നിന്ത്യന്‍ അഭിനേത്രിയുടെ വേഷമാണ് ഭാവന അവതരിപ്പിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു. ഒടിടി പ്ലേയോടായിരുന്നു പ്രതികരണം.
ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഭാവനയക്കൊപ്പം സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു ഐപിഎസ് ഓഫീസറുടെ വേഷമാണ് ഗൗതം മേനോന്റേത്.
ചിത്രത്തില്‍ ഇഒ എലിയാവു കോഹന്‍ എന്ന ജൂതന്റെ വേഷമാണ് ഷെയിന്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് ചിത്രത്തിന് 'ഇഒ' എന്ന് പേരിട്ടിരിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി. 17 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ഭദ്രന്‍റെ തിരിച്ചുവരവ് കൂടിയാണ് 'ഇഒ'. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ 'ഉടയോനാ'ണ് ഭദ്രന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
2019ല്‍ 'ജൂതന്‍' എന്ന പേരിലാണ് ഭദ്രന്‍ ആദ്യം ചിത്രം പ്രഖ്യാപിച്ചത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിരക്കുകള്‍ മൂലം അവര്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
'ഇഒ' ഒരു ത്രില്ലര്‍ ചിത്രമായിരിക്കും. പൂര്‍ണ്ണമായും ഫോര്‍ട്ട് കൊച്ചിയില്‍ വെച്ചായിരിക്കും ചിത്രീകരണം. 2022 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങാനാണ് അണിയറപ്രവര്‍ത്തര്‍ തീരുമാനിച്ചിരിക്കുന്നത്. ഭദ്രന്‍ നിലവില്‍ 'സ്ഫടികം 4k'യുടെ റിലീസുമായി ബന്ധപ്പെട്ട ജോലികളിലാണ്. അതിന് ശേഷം മാത്രമെ 'ഇഒ'യുടെ ചിത്രീകരണം ആരംഭിക്കുകയുള്ളു.
നിലവില്‍ ഭാവന 'ദി സര്‍വൈവല്‍' എന്ന ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിലാണ്. എസ്.എന്‍ രാജേഷാണ് സംവിധായകന്‍. 'പിങ്ക് നോട്ട്' എന്ന കന്നട ചിത്രത്തിലും ഭാവന അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ ആദ്യമായി ഡബിള്‍ റോള്‍ ചെയ്യാനൊരുങ്ങുകയാണ് താരം.