സിനിമകള്‍ ഒടിടിയിലും തിയറ്ററിലും വിരുദ്ധ അഭിപ്രായം നേടുന്നതിനെക്കുറിച്ച് നടി ഭാവന. തനിക്ക് ഇഷ്ടമുള്ള സിനിമ എവിടെ കണ്ടാലും ഇഷ്ടമാകണം.തിയറ്ററില്‍ കണ്ടാല്‍ നല്ല സിനിമയും ഒ ടി ടിയില്‍ എത്തുമ്പോൾ ചീത്ത സിനിമയും ആവുന്നത് എന്താണെന്ന് തനിക്ക് മനസ്സിലാവുന്നില്ലന്നും ചില സിനിമകള്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞാല്‍ ഒ ടി ടിയിലാണോ തിയറ്ററിലാണോ കണ്ടതെന്ന് തന്നോട് ചോദിക്കാറുണ്ടെന്നും എഫ് ടി ക്യൂ വിത്ത് രേഖ മേനോന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. 'നടികര്‍' ആണ് ഭാവനയുടേതായി പുറത്തുവന്ന അവസാന മലയാളചിത്രം.
ഭാവന പറഞ്ഞത്:
ചില സമയങ്ങളില്‍ ചില സിനിമകള്‍ കാണുമ്പോള്‍ ഇതെങ്ങനെയാണ് ഹിറ്റായത് എന്ന് ആലോചിച്ചു പോകാറുണ്ട്. അതേസമയം സിനിമകള്‍ കാണുമ്പോള്‍ ഇതെന്താ ഹിറ്റാവാതെ പോയത് എന്നും തോന്നിയിട്ടുണ്ട്. ഇപ്പോള്‍ കണ്ടുവരുന്ന പുതിയൊരു പ്രവണത എന്താണെന്ന് വെച്ചാല്‍ തിയറ്ററില്‍ വളരെ ഹിറ്റാവുന്ന ചിത്രങ്ങളെ ഒ ടി ടി യില്‍ എത്തുമ്പോള്‍ ആളുകള്‍ മോശമായി സംസാരിക്കുന്നതാണ്. ചില സിനിമകള്‍ ഇഷ്ടമായില്ല എന്ന് പറഞ്ഞാല്‍ ഒ ടി ടിയിലാണോ തിയറ്ററിലാണോ കണ്ടതെന്ന് എന്നോട് ചോദിക്കും. ഒ ടി ടിയില്‍ കണ്ടതാണെങ്കില്‍ തിയറ്ററില്‍ കാണാത്തത് കൊണ്ടാണെന്ന് പറയും. അതെന്താ സിനിമ അങ്ങനെ എന്ന് ഞാന്‍ ആലോചിക്കും. തിയറ്ററില്‍ കണ്ടാല്‍ നല്ല സിനിമയും ഒ ടി ടിയില്‍ കണ്ടാല്‍ ചീത്ത സിനിമയും ആവുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. സിനിമ എന്നുള്ളത് മൊബൈലില്‍ കണ്ടാലും ടിവിയില്‍ കണ്ടാലും നല്ലതായിരിക്കണം. തിയറ്ററില്‍ കണ്ടിരുന്നെങ്കില്‍ ഇഷ്ടപ്പെട്ടേനെ എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല. എനിക്കിഷ്ടമുള്ള സിനിമ എവിടെ കണ്ടാലും എനിക്ക് ഇഷ്ടമാകണം. അവിടെ കണ്ടാല്‍ ഇഷ്ടപ്പെടും ഇവിടെ കണ്ടാല്‍ ഇഷ്ടപ്പെടില്ല എന്ന് പറയുന്നത് എന്താണെന്ന് അറിയില്ല.