'മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല'; കന്നടയില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനമെന്ന് ഭാവന

'മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല'; കന്നടയില്‍ ഫോക്കസ് ചെയ്യാനാണ് തീരുമാനമെന്ന് ഭാവന
Published on

മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ലെന്ന് നടി ഭാവന. നിലവില്‍ കന്നടയില്‍ സിനിമകള്‍ ചെയ്യാനാണ് തീരുമാനമെന്നും ഭാവന വ്യക്തമാക്കി. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി 2 റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഒക്ടോബര്‍ 29നാണ് തിയേറ്ററിലെത്തുന്നത്. ചിന്മിനികി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ് ഭാവന മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെ കുറിച്ച് സംസാരിച്ചത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാവന കന്നട സിനിമയിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന പറയുന്നത്. 'എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ല.' - എന്നാണ് ഭാവന പറഞ്ഞത്.

കന്നടിയില്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ചിന്മിനികി എന്നും ഭാവന അഭിപ്രായപ്പെട്ടു. ' ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ചിന്മിനികി വളരെ വ്യത്യസ്തയാണ്. മറ്റ് ഭാഷകളില്‍ വളരെ ബോള്‍ഡായ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ കന്നടയില്‍ എപ്പോഴും സൗമ്യയായ സ്ത്രീ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ചിന്മിനികി ബോള്‍ഡ് മാത്രമല്ല, ഒരു റൗഡി സ്വാഭവമുള്ള, അത്യാവശ്യം തമാശയൊക്കെ പറയുന്ന ഒരു കഥാപാത്രമാണ്.' എന്നും ഭാവന പറയുന്നു.

2017ല്‍ ആഡം ജോന്‍ ആണ് ഭാവന അവസാനമായി ചെയ്ത മലയാള ചിത്രം. അതിന് ശേഷം കന്നടിയില്‍ ടഗാരു, 99, ഇന്‍സ്‌പെക്ടര്‍ വിക്രം എന്നീ ചിത്രങ്ങളാണ് താരം ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in