'സ്ത്രീധനം കൊടുത്ത് സ്ത്രീകള്‍ വിവാഹം ചെയ്യരുത് എന്നാണ് പറഞ്ഞത്, അല്ലാതെ വിവാഹമേ ചെയ്യരുത് എന്നല്ല'; വിശദീകരണവുമായി ഭാമ

'സ്ത്രീധനം കൊടുത്ത്  സ്ത്രീകള്‍ വിവാഹം ചെയ്യരുത് എന്നാണ് പറഞ്ഞത്, അല്ലാതെ വിവാഹമേ ചെയ്യരുത് എന്നല്ല'; വിശദീകരണവുമായി ഭാമ
Published on

വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾക്ക് വിവാഹം ആവശ്യമാണോ എന്ന ചോദ്യമുയർത്തി പങ്കുവച്ച വാക്കുകൾ ആളുകൾ തെറ്റായ രീതിയിലാണ് വ്യഖ്യാനിച്ചത് എന്നും അല്ലാതെ സ്ത്രീകൾക്ക് വിവാഹമേ വേണ്ട എന്ന് താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഭാമ പറഞ്ഞു.. സ്ത്രീധനം നൽകി സ്ത്രീകൾ വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യമില്ല എന്നാണ് കുറിപ്പിലൂടെ പറയാൻ താൻ ഉദ്ദേശിച്ചത് എന്നും ഇൻസ്റ്റഗ്രാം സ്റ്റോറയിൽ ഭാമ പ്രതികരിച്ചു.

ഭാമയുടെ സ്റ്റോറി:

ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്. ‘‘അങ്ങനെ സ്ത്രീകള്‍ ഒരിക്കലും വിവാഹം ചെയ്യരുതേ എന്നാണ്’’. വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസ്സിലാക്കുമെന്ന് കരുതുന്നു. നന്ദി. എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.

സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് കഴിഞ്ഞ ദിവസം പങ്കുവച്ച തന്റെ സ്റ്റോറിയിൽ ഭാമ എഴുതിയത്. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. നമുക്കൊപ്പം വരുന്നവർ നമ്മളോട് എങ്ങനെയാണ് പെരുമാറുക എന്ന് പോലും അറിയാതെ ഒരു സ്ത്രീയും വിവാഹം കഴിക്കാൻ തയ്യാറാകരുത് എന്നും പണം വാങ്ങി അവർ നമ്മുടെ ജീവനെടുപ്പിക്കുമെന്നും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ഭാമ പറഞ്ഞു.

ഭാമയുടെ സ്റ്റോറി:

വേണോ നമ്മൾ സ്ത്രീകൾക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആർക്കും നൽകിയിട്ട് വിവാഹം ചെയ്യരുത്. അവർ നിങ്ങളെ ഉപേക്ഷിച്ചു പോയാൽ? ധനം വാങ്ങി അവർ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവർ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം.

Related Stories

No stories found.
logo
The Cue
www.thecue.in