'മണൽ വാരി തളർന്ന് പൃഥ്വിരാജ് ചോദിച്ചു നജീബിനെ വല്ല ബേക്കറിയിലും എടുത്തു കൊടുക്കുന്ന ആളാക്കാമായിരുന്നില്ലേ എന്ന്'; ബെന്യാമിൻ

'മണൽ വാരി തളർന്ന് പൃഥ്വിരാജ് ചോദിച്ചു നജീബിനെ വല്ല ബേക്കറിയിലും എടുത്തു കൊടുക്കുന്ന ആളാക്കാമായിരുന്നില്ലേ എന്ന്'; ബെന്യാമിൻ
Published on

ആടുജീവിതത്തിൽ കാണാൻ പോകുന്നത് ഇതുവരെയുള്ള പൃഥ്വിരാജിനെയായിരിക്കില്ല എന്ന് എഴുത്തുകാരൻ ബെന്യാമിൻ. ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി സംവിധായകൻ ബ്ലെസ്സി ആദ്യം ചെയ്തത് പൃഥ്വിരാജ് എന്ന നടന്റെ മാനറിസങ്ങൾ എന്തൊക്കെയാണ് എന്ന് പഠിക്കുക എന്നതായിരുന്നു എന്നും ഇതുവരെയുള്ള പൃഥ്വിരാജിന്റെ മാനറിസങ്ങൾ മാറ്റി പുതിയൊരു പൃഥ്വിരാജിനെ എങ്ങനെ അവതരിപ്പിക്കാം എന്നതിൽ അദ്ദേഹം വലിയ ഒരു പഠനം തന്നെ നടത്തിയിട്ടുണ്ട് എന്നും ബെന്യാമിൻ പറഞ്ഞു. ഇനിയും മലയാളികൾ ആടുജീവിതം വായിച്ചിട്ടില്ലെങ്കിലും എനിക്ക് കുഴപ്പമില്ല എന്നും സിനിമ കണ്ടാൽ മതിയെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും കാരണം ഈ സിനിമയുടെ പിന്നിൽ ഈ മനുഷ്യൻ നടന്ന് അലഞ്ഞ അധ്വാനം മാത്രം മതി ഇത്രയും നാളത്തെ ആടുജീവിതം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ എന്നും കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവേ ബെന്യാമിൻ പറഞ്ഞു.

ബെന്യാമിൻ പറഞ്ഞത്:

ബെസ്സി സാർ എന്നെ ബഹറെെയ്നിലേക്ക് വിളിച്ചിട്ട് എന്നോട് പറയുന്നു ഇത് നമുക്ക് സിനിമ ചെയ്താൽ എങ്ങനെയാണ് എന്ന്. ഞാൻ പറഞ്ഞു ലാൽ ജോസുമായി സിനിമയെക്കുറിച്ച് ഒരു സംസാരം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തോട് ചോദിക്കാതെ പറ്റില്ല എന്ന്. ഇവർ തമ്മിൽ നല്ല സുഹൃത്തുക്കളാണ് അവർ തമ്മിൽ സംസാരിച്ചാണ് ഈ സിനിമ ബ്ലെസ്സി സാറിലേക്ക് വരുന്നത്. എങ്ങനെയാണ് ഒരു മനുഷ്യൻ ഇങ്ങനെ കഥയുടെ പിന്നാലെ നടക്കുന്നത് എന്ന് ഞാൻ തന്നെ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനാല് വർഷമായി അദ്ദേഹം ഇതിന്റെ പിന്നാലെ നടക്കുന്നു. അത് പറയുമ്പോൾ തന്നെ അദ്ദേഹം കണ്ട സ്വപ്നം എന്തായിരുന്നു എന്നും അത് എത്ര വലുതായിരുന്നു എന്നും ഞാൻ മനസ്സിലാക്കുകയാണ്. എന്റെ അടുത്ത സുഹൃത്തായ ഇന്ദു​ഗോപൻ എപ്പോഴും എന്നോട് പറയും ഒരു നോവലിന് കിട്ടാവുന്ന ഏറ്റവും വലിയ ഭാ​ഗ്യങ്ങളെല്ലാം ഇതിനോടകം തന്നെ ആടുജീവിതത്തിന് കിട്ടിയിട്ടുണ്ട് എന്ന്, ഒരു സംവിധായകൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ സുവർണ്ണ നിമിഷത്തിൽ ബാക്കിയെല്ലാത്തിനെയും ഉപേക്ഷിച്ച് എന്റെ പാവപ്പെട്ട ഒരു കഥയ്ക്ക് പിന്നാലെ നടക്കാൻ കഴിയുന്നു എങ്കിൽ അതിൽ കൂടുതൽ ഭാ​ഗ്യം മറ്റെന്തുണ്ട്. അല്ലെങ്കിൽ ഒരു നടൻ അദ്ദേഹത്തിന്റെ ശരീരത്തിന് വലിയ പ്രശനങ്ങൾ ഉണ്ടാകുമെന്ന് ഡോക്ടർമാർ പോലും പറഞ്ഞപ്പോൾ അതിനെയല്ലാം തൃണവത്കരിച്ചു കൊണ്ട് ഞാൻ ഇതിന്റെ കഥാപാത്രമായി മാറും എന്ന് പറഞ്ഞ് അതിന്റെ പിന്നാലെ നടക്കുന്നുണ്ട് എങ്കിൽ അതിനോളം ഭാ​ഗ്യം മറ്റെന്തുണ്ട്? ഇന്ത്യ കണ്ടിട്ടുള്ള, ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ മ്യൂസിക് ഡയറക്ടറായ ഏ.ആർ റഹ്മാമാനുമായുള്ള മീറ്റിം​ഗ് കഴിഞ്ഞ് വന്നിട്ട് ബെസ്സി സാർ എന്നോട് പറയുന്നത് ആടുജീവിതമാണെങ്കിൽ ഞാൻ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു എന്നാണ്. ഇനിയും മലയാളികൾ ആടുജീവിതം വായിച്ചിട്ടില്ലെങ്കിലും എനിക്ക് കുഴപ്പമില്ല, സിനിമ കണ്ടാൽ മതിയെന്ന് തന്നെയാണ്. കാരണം ഞാൻ തുടക്കത്തിൽ‍ സൂചിപ്പിച്ച പോലെ അതിന്റെ പിന്നിൽ ഈ മനുഷ്യൻ നടന്ന് അലഞ്ഞ അധ്വാനം മാത്രം മതി ഇത്രയും നാളത്തെ ആടുജീവിതം എന്തായിരുന്നു എന്ന് മനസ്സിലാക്കാൻ. ഇനി അതിന് ഒരു ലെെഫ് ഇല്ലെങ്കിലും എനിക്ക് ഒരു പ്രശ്നവുമില്ല.

പുഴയിൽ മണൽ വാരുന്ന ആളാണായാണെല്ലോ നജീബിനെ ചിത്രീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിം​ഗ് സമയത്ത് മണൽ വാരി ഇട്ട് പൃഥ്വിരാജ് തളർന്ന് അവിടെ ഇരിക്കുമ്പോൾ എന്നോട് ചോദിക്കുകയാണ് ഈ നജീബിനെ തിരുവല്ലയിലെ ബേക്കറിയിൽ എടുത്തു കൊടുക്കുന്ന ആളായിട്ട് വല്ലതും ചിത്രീകരിച്ചാൽ പോരായിരുന്നോ എന്ന് ?.

ബ്ലെസ്സി സാർ ആദ്യം ചെയ്തത് പൃഥ്വിരാജിന്റെ മാനറിസം എന്തൊക്കെയാണ് എന്നാണ് പഠിക്കുകയാണ് എന്നുള്ളതാണ്. ആ പൃഥ്വിരാജിന്റെ ഇതുവരെയുള്ള മാനറിസങ്ങൾ മാറ്റി പുതിയൊരു പൃഥ്വിരാജിനെ എങ്ങനെ അവതരിപ്പിക്കാം എന്ന് ഒരു വലിയ പഠനം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട് എന്നും ബെന്യാമിൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in