സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി ബംഗാളി നടി

സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി ബംഗാളി നടി
Published on

സംവിധായകന്‍ രഞ്ജിത്തിനെതിരെ പോലീസില്‍ പരാതി നല്‍കി ആരോപണം ഉന്നയിച്ച ബംഗാളി നടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇമെയിലിലൂടെയാണ് നടി പരാതി നല്‍കിയത്. 2009ല്‍ നടന്ന സംഭത്തിലാണ് നടി ആരോപണം ഉന്നയിച്ചതും ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നതും. പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഎന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിളിച്ചു വരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു സംഭവം. തന്റെ കയ്യില്‍ മുറുകെ പിടിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് രക്ഷപ്പെട്ട താന്‍ താമസിച്ച ഹോട്ടലിലേക്ക് മടങ്ങി. രഞ്ജിത്ത് സ്ത്രീത്വത്തെ അപമാനിച്ചു. അദ്ദേഹത്തിനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബംഗാളി നടി രഞ്ജിത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതിന് തൊട്ടടുത്ത ദിവസം സംഭവം ഡോക്യുമെന്ററി സംവിധായകനും തിരക്കഥാകൃത്തുമായ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് ജോഷിയാണ് എടുത്തു തന്നതെന്നും നടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണം ഉയര്‍ന്നതിനു ശേഷം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവെങ്കിലും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആദ്യഘട്ടത്തില്‍ രഞ്ജിത്തിനെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ടായി. എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ അടക്കം രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ടു. മുന്നണിക്കുള്ളിലും പുറത്തും സമ്മര്‍ദ്ദം ശക്തമായെങ്കിലും രഞ്ജിത്ത് രാജിവെച്ചില്ല. പിന്നീട് മറ്റൊരു ലൈംഗികാരോപണത്തില്‍ നടന്‍ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതോടെയാണ് രഞ്ജിത്തും രാജി നല്‍കിയത്.

രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമില്ലെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. അദ്ദേഹം ലൈംഗികമായി തന്നെ ഉപദ്രവിച്ചില്ല, പരീക്ഷിക്കുകയായിരുന്നു. ക്രിമിനലായി അദ്ദേഹത്തെ കാണാനാവില്ലെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. നടി തനിക്കു നേരെ ഉന്നയിച്ച ആരോപണം നിന്ദ്യമാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

രഞ്ജിത്തിന്റെ വാക്കുകള്‍

എനിക്കെതിരെ, എന്നുവെച്ചാല്‍ വ്യക്തിപരമായി എന്നെ നിന്ദ്യമായ രീതിയില്‍ നിന്ദ്യമായ രീതിയില്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ് ബംഗാളി നടി. ഇത് കുറച്ചു കാലമായി, കുറച്ചു കാലം എന്നുവെച്ചാല്‍ എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഞാന്‍ ഏറ്റെടുത്തോ അന്നു തൊട്ട് ഒരു സംഘം ആളുകള്‍ നടത്തിയ നാളുകളുടെ ശ്രമമാണ് ആരോപണം എന്ന രൂപത്തില്‍ പുറത്തേക്ക് വന്നത്. ഞാന്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ്. അത് എളുപ്പം മാറുന്നതല്ല. എനിക്കത് തെളിയിച്ചേ പറ്റൂ, അത് പൊതുസമൂഹത്തെ ബോധിപ്പിച്ചേ പറ്റൂ, അത് നുണയായിരുന്നെന്ന്. അതിലെ ഒരു ഭാഗം നുണയായിരുന്നെന്ന്. അത് അവര്‍ തന്നെ പരസ്പര വിരുദ്ധമായ പ്രസ്താവനയാണ് നടത്തിയത്. നിയമ നടപടിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു. സത്യം ലോകം അറിഞ്ഞേ പറ്റൂ. സുഹൃത്തുക്കളും അഭിഭാഷകരുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടുണ്ട്

സര്‍ക്കാരിനെതിരെ, സിപിഎമ്മിനെതിരെ വലതുപക്ഷ നിലപാടുകളുള്ളവരും അവര്‍ക്കു മുന്നില്‍ പോര്‍മുഖത്തെന്ന പോലെ നില്‍ക്കുന്ന മാധ്യമങ്ങളും സംഘടിതമായി നിന്ന് സര്‍ക്കാരിനെ ആക്രമിക്കുന്ന പല വിഷയങ്ങളില്‍ ഈ ചെളിവാരി എറിയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് എന്റെ പേര് ഉപയോഗിച്ചിട്ടുള്ളതാണെന്നത് ഏറെ അപമാനകരമാണ്. സത്യമെന്തെന്ന് അറിയാതെ ഇവിടുത്തെ മാധ്യമലോകവും ചിലരും നടത്തുന്ന ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ എന്ന വ്യക്തി കാരണം സര്‍ക്കാരിന് കളങ്കമേല്‍ക്കുന്ന പശ്ചാത്തലമുണ്ടാവില്ല. അല്ലെങ്കില്‍ അങ്ങനെയൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഔദ്യോഗിക സ്ഥാനത്ത് തുടരുകയെന്നത് ശരിയല്ല എന്ന് എനിക്ക് തോന്നുന്നു. നിയമനടപടികള്‍ തുടരും സത്യം ഒരുനാള്‍ പുറത്തുവരും. അത് അത്ര വിദൂരമല്ല എന്നറിയാം. വിധിപുറത്തു വരുന്നതുവരെ കാത്തിരിക്കാനല്ല ഉദ്ദേശ്യം. സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനത്ത് ഇരുന്നുകൊണ്ടല്ല നിയമ പോരാട്ടം നടത്തേണ്ടത് എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെക്കുകയാണെന്ന് അറിയിക്കുന്നു. രാജി സ്വീകരിക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനോടും മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in