അഭിമാനമുണ്ട് നിങ്ങളെക്കുറിച്ച് : ARM ന്റെ വിജയത്തിൽ ടൊവിനോയ്ക്കും ജിതിൻലാലിനും പ്രശംസയുമായി ബേസിൽ ജോസഫ്

അഭിമാനമുണ്ട് നിങ്ങളെക്കുറിച്ച് : ARM ന്റെ വിജയത്തിൽ ടൊവിനോയ്ക്കും ജിതിൻലാലിനും പ്രശംസയുമായി ബേസിൽ ജോസഫ്
Published on

ARM ന്റെ വിജയത്തിൽ ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാലിനും ടൊവിനോ തോമസിനും പ്രശംസയുമായി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. സുഹൃത്തുക്കളെ ഓർക്കുമ്പോൾ അഭിമാനമുണ്ടെന്നാണ് ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിൽ ബേസിൽ പറയുന്നത്. ടൊവിനോയുടെ മണിയൻ എന്ന കഥാപാത്രം തന്നെ വിസ്മയിപ്പിച്ചു. കരിയറിനെ അടയാളപ്പെടുത്തുന്ന പ്രകടനമായിരുന്നു അത്. ചിത്രത്തിന്റെ സംവിധായകൻ ജിതിൻ ലാൽ സിനിമയിൽ നിലനിൽക്കാൻ കെല്പ്പുള്ള ആളാണ്. തടസ്സങ്ങൾ നേരിട്ടപ്പോഴും ജിതിൻ ഉറച്ചു നിന്നു. കഠിനാധ്വാനം ഫലം ചെയ്യുമെന്ന് നിങ്ങൾ തെളിയിച്ചു എന്നും ഒരുപാട് സിനിമകൾ ഇനിയും ചെയ്യാനുണ്ടെന്നും പറഞ്ഞാണ് ബേസിൽ ജോസഫിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ബേസിൽ ജോസഫിന്റെ ഓൺലൈൻ കുറിപ്പിന്റെ പൂർണ്ണരൂപം:

ARM ആഗോളതലത്തിൽ തരംഗം സൃഷ്‌ടിക്കുകയാണ്. ഈ രണ്ട് അനുഗ്രഹീത പ്രതിഭകളുടെ യാത്രയെ അടുത്ത് പിന്തുടരുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഇതിലധികം അഭിമാനം ഇനി തോന്നാനില്ല. ജിതിനും ഞാനും ഹ്രസ്വചിത്രങ്ങളിലൂടെയാണ് സിനിമാനിർമ്മാണ ജീവിതം ആരംഭിച്ചത്. പിന്നീട് 'കുഞ്ഞിരാമായണം', 'ഗോദ' എന്നീ ചിത്രങ്ങളലിൽ ഡയറക്ഷൻ ടീമിൽ ഒത്തുചേർന്നു. 2017 ൽ 'ഗോദ' യുടെ ചിത്രീകരണം നടക്കുമ്പോൾ, ARM-നുള്ള തൻ്റെ സ്വപ്നങ്ങൾ ജിതിൻ പങ്കുവെച്ചത് ഞാൻ ഓർക്കുന്നുണ്ട്. ഏഴ് വർഷങ്ങൾക്ക് ശേഷം 2024-ലേക്ക് എത്തുമ്പോൾ, ചരിത്രം തിരുത്തിക്കുറിക്കുന്ന രീതിയിലാണ് ​​ജിതിന്റെ കഠിനാധ്വാനം മാറിയിരിക്കുന്നത്. എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും, ജിതിൻ സിനിമയിൽ നിലനിൽക്കാൻ കെൽപ്പുള്ള ആളാണ്.

ഒരു സിനിമയെ ജീവസുറ്റതാക്കാൻ ജിതിന് നേരിടേണ്ടി വന്ന വെല്ലുവിളികൾ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് ARM. റിലീസിന് ഒരു ദിവസം മുമ്പ് പോലും തടസ്സങ്ങൾ നേരിട്ടിരുന്നു, പക്ഷേ അർപ്പണബോധവും അഭിനിവേശവും ഒരിക്കലും കുലുങ്ങിയില്ല. ആത്മാർത്ഥമായ പരിശ്രമവും സ്ഥിരോത്സാഹവും അവസാനം ഫലം നൽകുമെന്ന് ജിതിന്റെ ഈ യാത്ര തെളിയിക്കുന്നു.

ടൊവിയെ സംബന്ധിച്ചിടത്തോളം - അജയനൻ, കുഞ്ഞി കേളു, മണിയൻ എന്നീ മൂന്ന് അവതാരങ്ങളെയും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, മണിയനാണ് എന്നെ ഏറ്റവും അതിശയിപ്പിച്ചത്. കരിയറിനെ വ്യക്തമാക്കുന്ന ഒരു പ്രകടനം. ടോവി ഒരു നടനെന്ന നിലയിൽ എത്രമാത്രം വളർന്നുവെന്ന് ആ കഥാപാത്രം കാണിക്കുന്നുണ്ട്. അവനെ എൻ്റെ സുഹൃത്ത് എന്ന് വിളിക്കുന്നതിലും അവൻ്റെ പരിണാമത്തിന് സാക്ഷ്യം വഹിച്ചതിലും എനിക്ക് അഭിമാനമുണ്ട്.

ഈ യാത്രയിലുടനീളം ജിതിൻ്റെ ഒപ്പമുണ്ടായിരുന്ന ഏറ്റവും വലിയ ശക്തിയായിരുന്നു ടൊവി. ഒരു നടൻ സാധാരണ ചെയ്യുന്നതിലും അപ്പുറത്തേക്ക് ടൊവി ഈ സിനിമയ്ക്കൊപ്പം നിന്നിട്ടുണ്ട്. കഠിനാധ്വാനം ഫലം ചെയ്യുമെന്ന് അവർ ഒരുമിച്ച് വീണ്ടും തെളിയിച്ചു. അഭിനന്ദനങ്ങൾ, സുഹൃത്തുക്കളേ! ഇനിയും ഒരുപാട് സിനിമകൾ ചെയ്യാനുണ്ട്. ഞങ്ങളെ അഭിമാനിപ്പിക്കുന്നത് തുടരുക!

Related Stories

No stories found.
logo
The Cue
www.thecue.in