കാപ്പിരി മുത്തപ്പനില്‍ തുടങ്ങിയ ആലോചന, സംവിധായകന്‍ മോഹന്‍ലാല്‍; ബറോസിന് തുടക്കം

കാപ്പിരി മുത്തപ്പനില്‍ തുടങ്ങിയ ആലോചന, സംവിധായകന്‍ മോഹന്‍ലാല്‍; ബറോസിന് തുടക്കം
Published on

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയില്‍ തുടക്കം. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. കാപ്പിരി മുത്തപ്പന്‍ എന്ന മിത്തില്‍ നിന്നാണ് ബറോസ് എന്ന ആലോചന ഉണ്ടായതെന്ന് ബറോസിന് തിരക്കഥയെഴുതിയ ജിജോ പുന്നൂസ്. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരും പൂജയില്‍ പങ്കെടുത്തു.

ജിജോ പുന്നൂസ് ബറോസിനെക്കുറിച്ച്

രണ്ടായിരത്തില്‍ ജൂഡ് അട്ടിപ്പേറ്റിക്കൊപ്പം ഒരു സിനിമയെടുക്കുമ്പോഴാണ് മട്ടാഞ്ചേരിയില്‍ ഒരാളെ കണ്ടു. അയാളെ സ്ഥിരമായി കാണുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. കാപ്പിരി മുത്തപ്പന്റെ കഥയാണോ ജൂഡ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. അത് സിനിമയാക്കാന്‍ ആലോചിച്ചു. കുട്ടിച്ചാത്തന്‍ എടുക്കുമ്പോള്‍ മിക്കവരും പുതിയ ആളുകളായിരുന്നു. അഞ്ച് കൊല്ലം മുമ്പാണ് നവോദയില്‍ തിരിച്ചെത്തിയത്. ചുണ്ടന്‍ വള്ളത്തിന്റെ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചത്. ബറോസ് ഇംഗ്ലീഷിലാണ് എഴുതിയത്. ഇന്റര്‍നാഷനല്‍ സബ്ജക്ട് എന്ന നിലക്കാണ് എടുക്കാന്‍ ആലോചിച്ചത്. ആ സമയത്ത് റിസര്‍ച്ചിനായി ഗോവയില്‍ നിന്ന് ആളുകളെ പരിചയപ്പെട്ടു. രാജീവ് കുമാറാണ് ഇത് മലയാളത്തില്‍ ചെയ്യാമെന്ന് പറഞ്ഞത്. ഒരു പെണ്‍കുട്ടി നിധി കാക്കുന്ന ഭൂതത്തെ കാണുന്ന കഥയാണെന്ന് ഞാന്‍ പറഞ്ഞു. ഗോസ്റ്റിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറയാമെന്ന് രാജീവ് കുമാര്‍ പറഞ്ഞു. ചര്‍ച്ചക്കിടെ ഒരിക്കല്‍ ലാല്‍ മോന്‍ പറഞ്ഞു, ഞാന്‍ സംവിധാനം ചെയ്താലോ എന്ന്. ഉറപ്പായും ചെയ്യാനാകും എന്നാണ് ഞാന്‍ പറഞ്ഞത്.

ലോകത്തിന് മുന്നില്‍ മലയാളത്തെ അവതരിപ്പിക്കാനാകുന്ന പൊട്ടന്‍ഷ്യല്‍ ബറോസ് എന്ന സിനിമയുടെ ആശയത്തിനുണ്ട്. ഗ്ലോബല്‍ ഓഡിയന്‍സിനെ പരിഗണിച്ചാണ് ഈ സിനിമ.

ബറോസിനെക്കുറിച്ച് മോഹന്‍ലാല്‍

ജീവിത വഴിത്താരയില്‍ വിസ്മയ ചാര്‍ത്തുകളില്‍ സ്വയം നടനായി, നിര്‍മ്മാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി. ഇപ്പോഴിതാ, ആകസ്മികമായ മറ്റൊരു വിസ്മയത്തിനു തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാന്‍. ഈ നിയോഗത്തിനും എനിക്ക് തിര-ജീവിതം തന്ന നവോദയയുടെ ആശിര്‍വാദവും, സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടര്‍ യാത്രകളിലും അനുഗ്രഹമായി, നിങ്ങള്‍ ഏവരും ഒപ്പമുണ്ടാകണമെന്ന്, ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു

Related Stories

No stories found.
logo
The Cue
www.thecue.in