'നിധി കാക്കുന്ന ഭൂതമായി മോഹൻലാൽ' ; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു

'നിധി കാക്കുന്ന ഭൂതമായി മോഹൻലാൽ' ; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു
Published on

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് - ഗാർഡിയൻ ഓഫ് ട്രെഷേഴ്സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ചിത്രം 2024 മാർച്ച് 28 ന് തിയറ്ററുകളിലെത്തും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ സംഭാഷണങ്ങൾ എഴുതുന്നത് കലവൂർ രവികുമാർ ആണ്. 3D യിൽ പുറത്തിറങ്ങുന്ന ചിത്രം ഒരു ഫാന്റസി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിർവഹിക്കുന്നു. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിനായി സംഗീതം നൽകുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയൻ ചിത്രത്തിനായി പശ്ചാത്തല സംഗീതം നിർവഹിക്കുന്നു. ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രീയേറ്റിവ്‌ ഹെഡ് ആയി പ്രവർത്തിക്കുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും മോഹന്‍ലാല്‍ തന്നെയാണ്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് ലാലിന്റെ കഥാപാത്രം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലക്കാണ് ബറോസ് ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും ഫാർസ് ഫിലിംസും ചേർന്നാണ് ഇന്ത്യക്ക് പുറത്തും ബറോസ് വിതരണത്തിനെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in