മീടൂ പോരാട്ടത്തിൽ അഞ്ച് വർഷത്തെ വിലക്ക് ; മടങ്ങിയെത്തി ചിന്മയി, ലിയോയിൽ തൃഷയ്ക്ക് ശബ്ദം നൽകി

മീടൂ പോരാട്ടത്തിൽ അഞ്ച് വർഷത്തെ വിലക്ക് ; മടങ്ങിയെത്തി ചിന്മയി, ലിയോയിൽ തൃഷയ്ക്ക് ശബ്ദം നൽകി
Published on

മീടൂ ആരോപണം ഉന്നയിക്കുകയും സിനിമയിലെ ലൈം​ഗിക ചൂഷണത്തിനെതിരെ ശക്തമായ നിലപാടുകൾ തുറന്ന് പറയുകയും അതിജീവിതമാർക്ക് പിന്തുണ നൽകുകയും ചെയ്തതിന് തമിഴ് സിനിമയിൽ വിലക്ക് നേടിയ ചിന്മയി അഞ്ച് വർഷത്തിന് ശേഷം വീണ്ടും സിനിമയിൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ തൃഷയ്ക്ക് ചിന്മയി ശബ്ദം നൽകും. ഈ നിലപാട് സ്വീകരിച്ചതിന് ലോകേഷ് കനകരാജിനോടും ലളിതിനോടും ഞാൻ കോടി മടങ്ങ് നന്ദിയുള്ളവളാണ് എന്നാണ് ചിന്മയി ലിയോയുടെ ട്രെയ്ലർ പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.

ഒക്ടോബർ 5 നാണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ എന്ന ചിത്രത്തിന്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഇതിന് തൊട്ടു പിന്നാലെയാണ് ലോകേഷിനും നിർമാതാവ് ലളിതിനും നന്ദി പറഞ്ഞ് ചിന്മയി രം​ഗത്ത് എത്തിയത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ പതിപ്പുകളിലും ചിന്മയി തന്നെയാണ് ശബ്ദം നൽകിയിരിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിലുണ്ട്. എസ്.എസ്. ലളിത് കുമാര്‍ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജഗദീഷ് പളനി സ്വാമിയാണ്. ചിത്രം ഒക്ടോബർ 19 ന് തിയറ്ററുകളിലെത്തും.

2018ല്‍, വര്‍ഷങ്ങളായി താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ട്വിറ്ററില്‍ പങ്കിട്ടതിന് ശേഷം തന്റെ മീടൂ സ്റ്റോറിയെക്കുറിച്ച് തുറന്ന് പറഞ്ഞ സിനിമാ മേഖലയില്‍ നിന്നുള്ള ആദ്യത്തെ സ്ത്രീകളില്‍ ഒരാളാണ് ചിന്മയി. 2005ല്‍ കച്ചേരിക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയപ്പോള്‍ വൈരമുത്തു തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ചിന്മയയുടെ വെളിപ്പെടുത്തല്‍. തുടർന്ന് ഡബ്ബിം​ഗ് യൂണിയന് പ്രസിഡന്റായ രാധാരവിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചതിനായിരുന്നു ചിന്മയിയുടെ അസോസിയേഷൻ അം​ഗത്വം 2018ൽ റദ്ദാക്കിയത്.

ഒപ്പം പ്രവര്‍ച്ചിരുന്ന സമയത്ത് വൈരമുത്തു തന്നെ ലൈംഗിക ബന്ധത്തിനായി നിരന്തരം ശല്യപ്പെടുത്തിയെന്നും വിസമ്മതിച്ചപ്പോള്‍ കരിയര്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗായിക ഭുവന മാസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം തനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതായെന്നും ഭക്തിഗാനങ്ങളും മറ്റും മാത്രമായി. അതോടെ പിന്നണി ഗാനരംഗം വിടാന്‍ തീരുമാനിച്ചു. ഈ കാര്യം പുറത്തുപറഞ്ഞപ്പോള്‍ സിനിമയില്‍ നിന്നും തനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നും തമിഴ് സിനിമാലോകം നിശബ്ദമായിരുന്നുവെന്നുമായിരുന്നു ഭുവനയുടെ വെളിപ്പെടുത്തൽ. വൈരമുത്തുവിനെതിരെ സമാനമായ ആരോപണം ഒന്നിലധികം സ്ത്രീകൾ ഉന്നയിച്ചിട്ടും യാതൊരു വിധ നടപടിയും ഉണ്ടായിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in