മമ്മൂട്ടിക്ക് മൂന്നാം തവണ ദേശീയ പുരസ്‌കാരം ലഭിക്കാന്‍ കാരണമായത് താനാണെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. 1999ലെ ദേശീയ പുരസ്‌കാരത്തില്‍ ജൂറിയുടെ ആദ്യ തീരുമാനത്തില്‍ മമ്മൂട്ടിക്ക് പുരസ്‌കാരം ഇല്ലായിരുന്നുവെന്ന് ബാലചന്ദ്ര മേനോന്‍ സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
ജൂറി അംഗങ്ങള്‍ക്ക് സഖം എന്ന ചിത്രത്തിന് വേണ്ടി അജയ് ദേവ്ഗണിന്റെ പ്രകടനത്തിന് മികച്ച നടനുളള പുരസ്‌കാരം നല്‍കണമെന്ന നിലപാടായിരുന്നു. അംബേദ്കറായി മമ്മൂട്ടി മികച്ച പ്രകടനം കാഴ്ച്ച വെച്ച സമയത്തായിരുന്നു അത്. എന്നാല്‍ മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും ചിത്രം ഡോക്യുമെന്ററി പോലെയായിരുന്നു എന്നുമാണ് ജൂറി പറഞ്ഞത്. പക്ഷെ താന്‍ അതില്‍ പ്രതികരിക്കുകയും ഒരു ജൂറി അംഗത്തിന്റെ കടമ ചെയ്യുകയും ചെയ്തുവെന്നാണ് ബാലചന്ദ്ര മേനോന്‍ പറയുന്നത്.
ബാലചന്ദ്ര മേനോന്റെ വാക്കുകള്‍:
അന്ന് സിനിമകള്‍ കണ്ട ഭൂരിപക്ഷം ജൂറി അംഗങ്ങളും സഖം എന്ന ഹിന്ദി ചിത്രത്തിലെ അജയ് ദേവ്ഗണിന്റെ പ്രകടനമാണ് മികച്ചത് എന്ന നിലപാടിലായിരുന്നു. മമ്മൂട്ടി മികവും തികവും പുലര്‍ത്തിയ 'അംബേദ്കര്‍' ഉള്ളപ്പോഴായിരുന്നു ഈ തീരുമാനം. കഥാപാത്രത്തോട് അഭിനേതാവ് അത്രയേറെ നീതിപുലര്‍ത്തിയിട്ടും അത് അവഗണിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. മമ്മൂട്ടിയുടേത് മികച്ച പ്രകടനമല്ലെന്നും ചിത്രം ഒരു ഡോക്യുമെന്ററി പോലെയാണെന്നും ചില ജൂറി അംഗങ്ങള്‍ വാദിച്ചു. എന്നാല്‍ രൂപത്തില്‍, ശബ്ദത്തില്‍, ശരീരഭാഷയില്‍ എല്ലാം അംബേദ്കറായി മാറാന്‍ മമ്മൂട്ടി എന്ന നടന്‍ കാഴ്ചവച്ച സമര്‍പ്പണത്തെ എങ്ങനെ അവഗണിക്കാന്‍ കഴിയും എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അതിന് അവര്‍ക്ക് മറുപടിയുണ്ടായില്ല.
എങ്കില്‍ രണ്ടുപേര്‍ക്കും പുരസ്‌കാരം നല്‍കാം എന്നായി. ഈ നിലപാട് അംഗീകരിക്കാന്‍ ജൂറി ചെയര്‍മാന്‍ ഡി.വി.എസ്. രാജു തയാറായില്ല. മികച്ച നടനുള്ള പുരസ്‌കാരം ഒരാള്‍ക്കുമാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. മമ്മൂട്ടിക്ക് പ്രത്യേക പരാമര്‍ശം നല്‍കാമെന്നായി. എന്നാല്‍ മികച്ച നടനുള്ള അവാര്‍ഡ് രണ്ട് പേര്‍ക്ക് നല്‍കിയ ചരിത്രമുണ്ടെന്നും എനിക്ക് അങ്ങനെ ലഭിച്ചതാണെന്നും ഞാന്‍ ചെയര്‍മാനോട് പറഞ്ഞു. ഒടുവില്‍ അദ്ദേഹം അത് അംഗീകരിച്ചു. അങ്ങനെയാണ് മമ്മൂട്ടിക്ക് മൂന്നാമത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത്. ഒരുപക്ഷേ അന്ന് ഞാന്‍ മിണ്ടാതിരുന്നെങ്കില്‍ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുമായിരുന്നില്ല. ഒരു ജൂറി അംഗത്തിന്റെ കടമ ഞാന്‍ ചെയ്തു. പിന്നീട് ഇതറിഞ്ഞ മമ്മൂട്ടിയും എന്നോട് പറഞ്ഞിട്ടുണ്ട്. അത് ബാലചന്ദ്രമേനോന്റെ കടമയാണെന്ന്.