സിനിമകള്‍ നിര്‍മ്മിക്കുക മാത്രമല്ല തിയേറ്ററില്‍ നിലനിര്‍ത്താനും കെ.എസ്.എഫ്.ഡി.സി ശ്രമിക്കണമെന്ന് ബി. ഉണ്ണികൃഷ്ണന്‍

സിനിമകള്‍ നിര്‍മ്മിക്കുക മാത്രമല്ല തിയേറ്ററില്‍ നിലനിര്‍ത്താനും കെ.എസ്.എഫ്.ഡി.സി ശ്രമിക്കണമെന്ന് ബി. ഉണ്ണികൃഷ്ണന്‍
Published on

സിനിമ മേഖലയില്‍ സ്ത്രീ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനായി കെ.എസ്.എഫ്.ഡി.സി നിര്‍മ്മിക്കുന്ന സിനിമകള്‍ അതിന്റെ തുടര്‍ച്ചയെന്നോണം തിയേറ്ററില്‍ നിലനിര്‍ത്താന്‍ കൂടി മുന്‍കൈ എടുക്കണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ശ്രുതി ശരണ്യം രചനയും സംവിധാനവും നിര്‍വ്വഹിച്ച് സാംസ്‌കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച 'ബി 32 മുതല്‍ 44 വരെ' എന്ന ചിത്രം മികച്ച രീതിയില്‍ നിരൂപക പ്രശംസ നേടുന്നുണ്ടെങ്കിലും അര്‍ഹിക്കുന്ന തിയേറ്ററുകള്‍ ലഭിച്ചിരുന്നില്ല. ഈ വിഷയത്തെ ചൂണ്ടികാട്ടിയാണ് ഫെഫ്ക നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി. ഉണ്ണികൃഷ്ണന്റെ പരാമര്‍ശം.

ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ' വളരെ മികച്ച സിനിമയാണ്, എന്നാല്‍ കെ.എസ്.എഫ്.ഡി.സി ഈ സിനിമ നിര്‍മ്മിക്കുന്നു എന്നല്ലാതെ അതിനെ തിയേറ്ററില്‍ നിലനിര്‍ത്താന്‍ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായിരുന്നു, കെ.എസ്.എഫ്.ഡി.സി ലാഭേച്ഛ മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന മറ്റ് തിയേറ്ററുകളെപ്പോലെ മാറുന്നുണ്ടോ എന്നാണ് സംശയം. ഒരു വശത്ത് വിപ്ലവകരമായ ഒരു പദ്ധതിക്ക് മുതല്‍മുടക്കുകയും മുന്നോട്ട് ഇറങ്ങുകയും ചെയ്ത കെ.എസ്.എഫ്.ഡി.സിയെ അനുമോദിക്കുന്നതിനോടൊപ്പം മറ്റൊരു വശത്ത് ആ സിനിമയെ വേണ്ടവിധത്തില്‍ പ്രേക്ഷകരിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ടോയെന്ന് കൂടി കെ.എസ്.എഫ്.ഡി.സി ചിന്തിക്കണം'

ബി. ഉണ്ണികൃഷ്ണന്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം കെ.എസ്.എഫ്.ഡി.സി. നിര്‍മിച്ച് പുറത്തിറക്കിയ മൂന്നാമത്തെ ചിത്രമാണ് ശ്രുതി ശരണ്യത്തിന്റെ 'ബി 32 മുതല്‍ 44 വരെ'. പെണ്‍ ശരീര രാഷ്ട്രീയം പറയുന്ന ചിത്രത്തില്‍ രമ്യാ നമ്പീശന്‍, അനാര്‍ക്കലി മരിക്കാര്‍, സെറിന്‍ ഷിഹാബ്, അശ്വതി ബി, റെയ്ന രാധാകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് സംവിധാനസഹായികള്‍ ഉള്‍പ്പെടെ അരങ്ങിലും അണിയറയിലുമായി മുപ്പതോളം സ്ത്രീകളാണ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in