‘കൂടത്തായി ‘ഇരകള്‍’ ഫീമെയില്‍ വെര്‍ഷന്‍’; മോഹന്‍ലാല്‍ ചിത്രമൊരുക്കുന്നത് താനല്ലെന്ന് ബി ഉണ്ണികൃഷ്ണന്‍
കൂടത്തായി കൂട്ടക്കൊലക്കേസ് ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. പലരും താനാണോ സിനിമ ചെയ്യുന്നതെന്ന് ചോദിക്കുന്നുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഒരു ഉദ്ദേശമില്ലെന്നും ബി ഉണ്ണികൃഷണന്‍ പറഞ്ഞു. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
ജോളി എന്ന് പറയുന്നത് എല്ലാ ഇവിളിന്റെയും പ്രഭവസ്ഥാനമായിട്ടുള്ള സ്ത്രീയെന്ന വര്‍ഷങ്ങളായിട്ടുള്ള ദശാബ്ദങ്ങളായിട്ടുള്ള പുരുഷന്റെ ഫാന്റസിക്ക് കിട്ടിയ ഒരു രൂപമാണ്. അതിനെ നമ്മള്‍ സെലിബ്രേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നതാണ് സത്യം. അവര്‍ പറയുന്നത് ചില സമയത്ത് അവരിലേക്ക് പിശാച് കയറുമെന്നാണ്, ഈ പിശാച് എന്ന് പറയുന്നത് സത്യം പറഞ്ഞാല്‍ കുടുംബമെന്ന സ്ഥാപനത്തിന്റെ പ്രത്യയശാസ്ത്ര ബാധ തന്നെയാണെന്നതാണ് സത്യം. ഇത്തരത്തിലൊരു സിനിമ മുന്‍പ് കെജി ജോര്‍ജ് സര്‍ സംവിധാനം ചെയ്തിട്ടുണ്ട്, ഇരകളെന്ന പേരില്‍, സത്യത്തില്‍ ഇരകളുടെ ഒരു ഫീമെയില്‍ വെര്‍ഷനാണ് കൂടത്തായി കൊലക്കേസ്.
ബി ഉണ്ണികൃഷ്ണന്‍
നേരത്തെ കൂടത്തായി കൊലക്കേസ് ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആരെന്ന് പുറത്തുവിട്ടിരുന്നില്ലെങ്കിലും ബി ഉണ്ണികൃഷ്ണനാണ് ചിത്രമൊരുക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിലാണ് സംവിധായകന്‍ വ്യക്തത വരുത്തിയത്.
മോഹന്‍ലാല്‍ ചിത്രം കൂടാതെ സിനിമാ-സീരിയല്‍ നടിയായ ഡിനി ഡാനിയല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു സിനിമയും പ്രഖ്യാപിച്ചിട്ടുണ്ട്. റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തിലാണ് തിരക്കഥ എഴുതുന്നത്.
കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. വീട്ടുകാരിയായ ജോളി ജോസഫ് സ്വത്തുതട്ടിയെടുക്കാന്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം