കൊവിഡ് വ്യാപനത്താല്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ തിയേറ്റര്‍ തുറക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണന്‍. തിയേറ്ററില്‍ മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. എന്നാല്‍ ബാറുകളിലും റെസ്റ്റോറന്റിലും അങ്ങനെയല്ല. ഇതേ കുറിച്ചുള്ള അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങള്‍ ഫെഫ്ക ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സര്‍ക്കാര്‍ പറയുന്ന കാര്യത്തില്‍ യാതൊരു വിധ ശാസ്ത്രീയമായ അടിത്തറയുമില്ലെന്നാണ് ബി ഉണ്ണികൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.
ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്:
ഇന്നലെ ഫെഫ്ക അയച്ച കത്തില്‍ അടച്ചിട്ടിരിക്കുന്ന തിയേറ്ററുകളില്‍ എന്തെല്ലാമാണ് മറ്റുള്ള ഇടങ്ങളിലേക്കാള്‍ അതിനെ സുരക്ഷിതമാക്കുന്നത് എന്ന കാര്യങ്ങള്‍ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധിരിച്ച് ഒരേ ദിശയിലേക്ക് നോക്കിയാണ് ഇരിക്കുന്നത്. ഒരു തരത്തിലും മാസ്‌ക് മാറ്റുന്നില്ല. റെസ്‌റ്റോറെന്റ്, ബാര്‍, സ്പാ, ബ്യൂട്ടിപാര്‍ളര്‍ അവിടെയെല്ലാം മാസ്‌ക് ധരിക്കാതെയാണ് ആളുകള്‍ ഇരിക്കുന്നത്. എന്നാല്‍ തിയേറ്ററില്‍ മാസ്‌ക് ധരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് ആളുകള്‍ ഇരിക്കുന്നത്. ഇത് മാത്രമല്ല, തിയേറ്ററില്‍ കൊവിഡ് വ്യാപനത്തിന്റെ തോതിനെ കുറിച്ചുള്ള അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടുകളും ഞങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ പറയുന്ന കാര്യത്തില്‍ യാതൊരു വിധ ശാസ്ത്രീയമായ അടിത്തറയുമില്ല എന്നുള്ളതാണ് സത്യം.
ഒരു ബാറിലും റെസ്റ്റോറന്റിലും രണ്ട് മണിക്കൂറില്‍ കൂടുതല്‍ എസി ഇട്ട് കൊണ്ട് മാസക് ധരിക്കാതെ ആളുകള്‍ ഇരിക്കുന്നുണ്ട്. അതുകൊണ്ട് അത് അടച്ചുപൂട്ടണമെന്നല്ല ഞങ്ങള്‍ പറയുന്നത്. ഞങ്ങള്‍ ചോദിക്കുന്നത് ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനം ഈ നിലപാട് എടുത്തിട്ടുണ്ടോ എന്നാണ്. തിയേറ്ററുകള്‍ അടക്കുമ്പോള്‍ അവര്‍ സമാന സ്വഭാവമുള്ള എല്ലാ കാര്യങ്ങളും അടച്ചിട്ടുണ്ട്. ബാറും, റെസ്‌റ്റോറെന്റും എല്ലാം അവര്‍ അടച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം തുറന്ന് വെച്ച് തിയേറ്റര്‍ മാത്രം അടക്കുന്ന സമീപനം ഇന്ത്യയില്‍ കേരളം മാത്രമെ സ്വീകരിച്ചിട്ടുള്ളു. അതിന് ശാസ്ത്രീയമായ അടിത്തറയുണ്ടെങ്കില്‍ പറഞ്ഞു കഴിഞ്ഞാല്‍ ബോധ്യപ്പെടാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അതില്ലെന്നാണ് ഇന്നത്തെ സര്‍ക്കാര്‍ പ്രസ്താവനയില്‍ നിന്ന് മനസിലാകുന്നത്. കാരണം വളരെ ഏകപക്ഷീയമായ ഒരു വാദമാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഒട്ടും വിശ്വസിനീയമല്ലാത്ത മറുപടിയാണ് വിദഗ്ധ സമിതി പറഞ്ഞിരിക്കുന്നത്.
ഞാന്‍ വീണ്ടും പറയുന്നു ഇത് ആരോഗ്യമന്ത്രിയുടെയോ മറ്റുള്ളവരുടെയോ വ്യക്തിപരമായ തീരുമാനമല്ല. നമുക്ക് ഇവിടെയൊരു ആരോഗ്യ വിദഗ്ധ സമിതിയുണ്ട്. ആ സമിതിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. അപ്പോള്‍ അവരുടെ വൈദഗ്ധ്യം എന്നത് ഇതിന്റെ ശാസ്ത്രീയത നമ്മളെ ബോധ്യപ്പെടുത്തുക എന്നതാണ്. എന്ത് പഠനമാണ് അവര്‍ നടത്തിയിരിക്കുന്നത്? അല്ലെങ്കില്‍ തിയേറ്ററില്‍ നിന്ന് വ്യാപകമായ കൊവിഡ് ബാധയുണ്ടായ ഒരു സംഭവം അവര്‍ പറയേണ്ടേ. അത് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. കാരണം കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒരിടത്തുമില്ലെന്നാണ് സത്യം.
ഡല്‍ഹി സിഎം കെജരിവാള്‍ ഇപ്പോള്‍ തിയേറ്റര്‍ തുറക്കാന്‍ തീരുമാനം എടുത്തു. അതിന് അദ്ദേഹം ആധാരമാക്കിയത് ഇന്നലെ ഞങ്ങള്‍ കത്തില്‍ സമര്‍പ്പിച്ച പഠനങ്ങളാണ്. ഇങ്ങനെ ഓരോ സര്‍ക്കാരും കൃത്യമായി ആ കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ കേരളത്തിലെ വിദഗ്ധ സമിതി ഒരു പഠനവും നടത്താതെയാണ് തീരുമാനമെടുക്കുന്നത്. ഞങ്ങള്‍ പ്രതീക്ഷിച്ചത് വളരെ യുക്തിസഹമായ ഞങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു പ്രസ്താവനയാണ് വിദഗ്ധ സമതി നല്‍കുമെന്നായിരുന്നു. എന്തായാലും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉചിതമായൊരു വിധി പറയുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും സിനിമയ്ക്ക് ഇത് ഗംഭീരമായൊരു തിരിച്ചടി തന്നെയാണ്. അതുകൊണ്ട് അറിഞ്ഞോ അറിയാതയോ ഈ മേഖലയെ തകര്‍ക്കുന്ന ഒരു സമീപനമാണിതെന്നതില്‍ ഒരു സംശയവുമില്ല.