'ആർട് ഡയറക്ടർക്കല്ല, പ്രൊഡക്ഷൻ ഡിസൈനർക്കാണ് അവാർഡ് നൽകേണ്ടത്' ; ജൂറിയോട് അജയൻ ചാലിശ്ശേരി

'ആർട് ഡയറക്ടർക്കല്ല, പ്രൊഡക്ഷൻ ഡിസൈനർക്കാണ് അവാർഡ് നൽകേണ്ടത്' ; ജൂറിയോട് അജയൻ ചാലിശ്ശേരി
Published on

സിനിമയിൽ പ്രൊഡക്ഷൻ ഡിസൈനറിന്റെ താഴെയാണ് ആർട്ട് ഡയറക്ടർ വർക്ക് ചെയ്യുന്നതെന്നിരിക്കെ ആർട്ട് ഡയറക്ടർക്ക് സിനിമയിൽ അവാർഡ് നൽകുന്നത് തെറ്റാണെന്ന് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും പ്രൊഡക്ഷൻ ഡിസൈനറിനാണ് അവാർഡ് നൽകുന്നതെന്നും എന്നാൽ സംസ്ഥാന അവാർഡിന് മാത്രമാണ് ഇത്തരത്തിൽ നടക്കുന്നതെന്നും അജയൻ ചാലിശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഹോളിവുഡ് സിനിമയിൽ അടക്കം പ്രൊഡക്ഷൻ ഡിസൈനറാണ് ഉള്ളത്. പ്രൊഡക്ഷൻ ഡിസൈനറുടെ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ടീമാണ് ആർട്ട് ഡയറക്ടേഴ്‌സ്. പ്രൊഡക്ഷൻ ഡിസൈനറുള്ള ഒരു ചിത്രത്തിൽ അതിന്റെ ആർട്ട് ഡയറക്ടറിന് ദേശിയ തലത്തിൽ ഒരിക്കലും പുരസ്‌കാരം ലഭിക്കില്ലെന്നും അജയൻ ചാലിശ്ശേരി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. എന്നാൽ കാലങ്ങളായി സംസ്ഥാന സർക്കാർ കലാസംവിധാനം എന്ന വിഭാഗത്തിൽ ആർട്ട് ഡയറക്ടേഴ്‌സിനാണ് പുരസ്‌കാരം നൽകി വരുന്നതെന്ന് അജയൻ ചാലിശ്ശേരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ് :

അവാർഡിനെ പറ്റി എന്തെങ്കിലും പറയുമ്പോൾ അത് കിട്ടാത്തതിന്റെ പ്രോബ്ലം അല്ലെങ്കിൽ കലാകാരന്മാർ തമ്മിലുള്ള അസൂയ ആണെന്നാണ് ആളുകൾ പറയുക. ഏറ്റവും നല്ലത് മിണ്ടാതെ ഇരിക്കലാണ്. സ്ഥിരം അങ്ങനെ തന്നെയാണ്. കാരണം അടുത്ത സുഹൃത്തുക്കൾ തന്നെയാണ് ജേതാക്കളാകുന്നത്. പക്ഷെ ഇത് പറയാതെ വയ്യ! അത്രക്കും സംശയം വന്നതാണ്. കലാകാലങ്ങളായി മലയാള സിനിമയിൽ കലാസംവിധാനം, അല്ലെങ്കിൽ ആർട്ട് ഡയറക്ടർനെ മാത്രമേ ആ വിഭാഗത്തിൽ അവാർഡ്ന് പരിഗണിക്കുമായിരുന്നുള്ളൂ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുതൽ ആർട്ട് ഡയറക്ടക്ക് സിനിമയിലെ മറ്റു വിഭാഗങ്ങളിലേയും ക്രിയേറ്റിവ് സൈഡ് നോക്കേണ്ടി വന്നതുകൊണ്ട് ഏകദേശം 16 -ഓളം വിഭാഗങ്ങളുടെ ഹെഡ് ആയി 'പ്രൊഡക്ഷൻ ഡിസൈനെർ' എന്ന ലെവലിലേക്ക് മാറി. അയാളുടെ കീഴിൽ വർക്ക് ചെയ്യുന്ന അല്ലെങ്കിൽ അയാൾ പറയുന്ന വർക്കുകൾ ചെയ്തു കൊടുക്കുന്ന ആളാണ് ആർട്ട് ഡയറക്ടർ. ഹോളിവുഡ്, ബോളിവുഡ്, വലിയ സിനിമകളിലെ പോലെ മലയാള സിനിമയിലും പിന്നീട് പ്രൊഡക്ഷൻ ഡിസൈനെർ ഒരുപാടുണ്ടായി. ചില സിനിമകളിൽ ഒറ്റക്കും വലിയ സിനിമകളിൽ അവർകൊപ്പം ആർട്ട് ഡയറക്ടർ മാരെയും നിയമിച്ചു. ലോക സിനിമയിലും, ഇന്ത്യൻ സിനിമകളിലും തുടർന്ന് ആർട്ട് ഡിപ്പാർട്‌മെന്റ് ഹെഡ് ആയ 'പ്രൊഡക്ഷൻ ഡിസൈനെർ'മാർക്ക് ആണ് ലോക സിനിമയിലും,ദേശീയ തലത്തിലും ഓരോ സിനിമയിലെയും കലാ പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇനി ചോദ്യം ജൂറിയോടാണ്. ഈ വട്ടം കലാസംവിധാനത്തിന് സംസ്ഥാന അവാർഡ് നേടിയ സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനെർക്ക് (ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ്) അവകാശപ്പെട്ടതോ? അതോ അയാളുടെ ടീമിലെ ആർട്ട് ഡയറക്ടർക്കോ? അതോ നമ്മുടെ മലയാള സിനിമയിൽ ഇങ്ങനെ ആണോ ഇനി?

എന്നാൽ അവാർഡിനായി ചിത്രം സമർപ്പിക്കുമ്പോൾ പ്രൊഡ്യുസർ എന്താണോ എൻട്രി ഫോമിൽ രേഖപ്പെടുത്തി തന്നിരിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകൾ പ്രഖ്യാപിക്കുന്നത് എന്ന് കേരള ചലച്ചിത്ര അവാർഡ് ജുറി അം​ഗം പറയുന്നു.

ജൂറി പറയുന്നത് :

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ നിയമാവലിയില്‍ കലാസംവിധാനം എന്ന വിഭാഗമാണുള്ളത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്ന വിഭാഗമില്ല. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ എന്‍ട്രി ഫോമില്‍ കലാ സംവിധാനം എന്ന ഭാഗത്ത് ശ്രീ.ജ്യോതിഷ് ശങ്കറിന്റെ പേരാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനാണ് അവാര്‍ഡ്. എന്‍ട്രി ഫോമില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണെന്ന് നിര്‍മ്മാതാവ് 200 രൂപ മുദ്രപ്പത്രത്തില്‍ എഴുതി നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയാണ് സമര്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ശ്രീ.ജ്യോതിഷ് ശങ്കര്‍ തന്നെയാണ് എന്നാണ് ജൂറിയും അക്കാദമിയും മനസ്സിലാക്കിയിരിക്കുന്നത്. അതനുസരിച്ചായിരുന്നു അവാര്‍ഡ് നിര്‍ണയം.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനായി ജ്യോതിഷ് ശങ്കറിനാണ് ഈ വർഷത്തെ മികച്ച കലാസംവിധായകനുള്ള അവാർഡ് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in