'2018' ന് ശേഷം റെക്കോർഡ് കളക്ഷൻ ലഭിക്കാൻ വളരെയധികം സാധ്യതയുള്ള ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'യെന്നും സിനിമയുടെ ഹൈപ്പ് വളരെ വലുതാണെന്നും ഷേണായിസ് തിയറ്റർ ഉടമ സുരേഷ് ഷേണായ്. ഇനി വരാനിരിക്കുന്നത്തിൽ പ്രതീക്ഷയിൽ ഒന്നാമത് നിൽക്കുന്ന ചിത്രം 'കിംഗ് ഓഫ് കൊത്ത'യാണ്. ദുൽഖറിന്റെ കുറുപ്പിന് ശേഷം വരുന്ന ആദ്യ മലയാള ചിത്രമാണ് ഇത് കൂടാതെ ഇതിനിടെ വന്ന തെലുങ്ക് ചിത്രം 'സീത രാമം' വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരു ഗ്യാങ്സ്റ്റർ ഫിലിമാണ് 'കിംഗ് ഓഫ് കൊത്ത' കൂടാതെ ജോഷിയുടെ മകന്റെ സംവിധാനവും ഇതൊക്കെയാണ് സിനിമക്ക് പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഷേണായ് ദ ക്യുവിനോട് പറഞ്ഞു.
'കിംഗ് ഓഫ് കൊത്ത'ക്ക് ഒരു മാസ്സ് അപ്പീൽ ഉണ്ട്. ദുൽഖർ ഒരു സിനിമ ചെയ്യുമ്പോൾ വളരെ നല്ല കോൺടെന്റ് നോക്കിയിട്ടേ സെലക്ട് ചെയ്യൂ അങ്ങനത്തെ പടങ്ങളെ ചെയ്യൂ എന്നൊരു വിശ്വാസം ആളുകൾക്കിടയിൽ ഉണ്ട്. അതുകൊണ്ട് തന്നെയാണ് ഈ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുന്നത്.
സുരേഷ് ഷേണായ്
ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം കൊത്ത എന്ന സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന ഒരു ഗ്യാങ്സ്റ്റർ മാസ്സ് എന്റെർറ്റൈനെർ ആണ് എന്ന സൂചനയാണ് നൽകുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫേറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.
ഐശ്വര്യ ലക്ഷ്മി, 'ഡാന്‍സിങ്ങ് റോസ്' ഷാബിര്‍, പ്രസന്ന, നൈല ഉഷ, ,ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, 'വട ചെന്നെ' ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്.