സിറാജിന്റെ അഭിനയം പുതുമുഖ നടനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന് അപ്പുറം: ആത്മീയ

സിറാജിന്റെ അഭിനയം പുതുമുഖ നടനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന് അപ്പുറം: ആത്മീയ
Published on

ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്ത 'അവിയലി'ലെ നായകന്‍ സിറാജ്ജുദ്ധീന്റെ പ്രകടനത്തെ കുറിച്ച് നടി ആത്മീയ. ഒരു പുതുമുഖ നടനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനും അപ്പുറത്തായിരുന്നു ചിത്രത്തില്‍ സിറാജിന്റെ അഭിനയമെന്നാണ് ആത്മീയ പറഞ്ഞത്. വലിയ താരങ്ങളില്‍ നിന്ന് പഠിക്കാന്‍ പറ്റുന്നതെല്ലാം തന്നെ സിറാജില്‍ നിന്നും പഠിക്കാമെന്നും ആത്മീയ ദ ക്യുവിനോട് പറഞ്ഞു.

ആത്മീയ പറഞ്ഞത്:

സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നത് 2018ലാണ്. ഞാന്‍ ഭാഗമാകുന്നത് 2019 അവസാനമാണ്. സിറാജുദ്ദീന്‍ എന്ന പുതുമുഖ താരമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. സിനിമയില്‍ ആ കഥാപാത്രത്തിന് ഒരുപാട് ട്രാന്‍സ്‌ഫോര്‍മേഷന്‍ വേണ്ടി വന്നതിനാലാണ് ഇത്രയധികം സമയം ചിത്രീകരണത്തിനായി എടുത്തത്. സിനിമയില്‍ ഒരു പതുമുഖ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന് അപ്പുറത്തേക്ക് സിറാജ് ചെയ്തിട്ടുണ്ട്. ആ കഥാപാത്രവും അങ്ങനെയാണ്. കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്ന രീതിയും മികച്ചതായിരുന്നു. വലിയ താരങ്ങളില്‍ നിന്ന് പഠിക്കാന്‍ പറ്റുന്നതെല്ലാം തന്നെ സിറാജില്‍ നിന്നും പഠിക്കാം. അങ്ങനെയാണ് ആ കഥാപാത്രത്തെ അവന്‍ ചെയ്തിരിക്കുന്നത്.

അവിയല്‍ പറയുന്നത് സിറാജ് ചെയ്ത കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ കഥയാണ്. അയാളുടെ ജീവിതത്തിലെ പല കാലഘട്ടങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു പ്ലസ്ടു കാലഘട്ടം മുതല്‍ വിവാഹം കഴിയുന്നത് വരെയുള്ള സമയമാണ് കാണിക്കുന്നത്. ഞാന്‍ സിറാജിന്റെ ഭാര്യയുടെ വേഷമാണ് ചെയ്തിരിക്കുന്നത്.

പോക്കറ്റ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനിലിന്റെതാണ്. മങ്കി പെന്‍ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഏപ്രില്‍ 7നായിരുന്നു റിലീസ്.

ചിത്രത്തില്‍ ജോജു ജോര്‍ജ്, അനശ്വര രാജന്‍, കേതകിനാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു.

കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛന്‍- മകള്‍ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് 'അവിയല്‍ ' എന്ന ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in